
കൊച്ചി: എറണാകുളത്ത് നടക്കുന്ന റവന്യൂ ജില്ലാ സ്കൂൾ കലോൽസവം ആസ്വദിക്കുന്നതിന് വിദ്യാർഥികൾക്ക് അവസരമൊരുക്കുന്നതിനായി കൊച്ചി കോർപറേഷൻ പരിധിയിലെ സർക്കാർ, എയ്ഡഡ്, അൺ എയ്ഡ് ഡ് (സ്റ്റേറ്റ് സിലബസ്) സ്കൂളുകൾക്ക് നാളെ (നവംബർ 28 വെള്ളി) അവധി അനുവദിച്ചതായി വിദ്യാഭ്യാസ ഉപഡയറക്ടർ സുബിൻ പോൾ അറിയിച്ചു. എറണാകുളം റവന്യു ജില്ലാ സ്കൂൾ കലോത്സവം 25നാണ് ആരംഭിച്ചത് 16 വേദികളിലായി നടന്നുവരുന്ന 5 ദിവസത്തെ മേളയിൽ എണ്ണായിരത്തോളം പ്രതിഭകളാണു പങ്കെടുക്കുന്നത്. 301 ഇനങ്ങളിലാണു മത്സരം. 26നു രാവിലെ 9നു പ്രധാന വേദിയായ സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിൽ എറണാകുളം വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്‌ടർ സുബിൻ പോൾ പതാക ഉയർത്തി. കലക്ടർ ജി പ്രിയങ്കയാണ് കലാമേള ഉദ്ഘാടനം ചെയ്തത്. സമാപന സമ്മേളനം 29നു വൈകിട്ട് 5.30ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യ ഉദ്ഘാടനം ചെയ്യും.
സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂൾ, സെന്റ് ആൽബർട്സ് ഹയർ സെക്കൻഡറി സ്കൂൾ, സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ, സെന്റ് തെരേസാസ് ഹയർ സെക്കൻഡറി സ്കൂൾ, ദാറുൽ ഉലൂം വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ എന്നിവയാണ് പ്രധാന വേദികൾ. പ്രതിദിനം ഏഴായിരം പേർക്കുള്ള ഭക്ഷണം പ്രത്യേകം തയ്യാറാക്കുന്ന ഭക്ഷണശാലയിൽ ഒരുക്കും. എറണാകുളം സെന്റ് ആൽബർട്സ് ഹയർ സെക്കൻഡറി സ്കൂളിലാണ് ഈ വിപുലമായ ഭക്ഷണശാല സജ്ജീകരിക്കുന്നത്. ഒരേസമയം 800 പേർക്ക് ഭക്ഷണം കഴിക്കാനുള്ള സൗകര്യം ഇവിടെ ഉണ്ടാകും.
പൂർണമായി ഹരിത ചട്ടങ്ങൾ പാലിച്ചു സംഘടിപ്പിക്കുന്ന മേളയിൽ രാവിലെ 9ന് ആരംഭിച്ച് രാത്രി പത്തോടെ മത്സരങ്ങൾ അവസാനിക്കുന്ന രീതിയിലാണു പരിപാടികൾ ക്രമീകരിച്ചിട്ടുള്ളതെന്നു ഡപ്യൂട്ടി ഡയറക്ടറേറ്റ് ഓഫ് എജ്യുക്കേഷൻ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് ഡി. ഉല്ലാസ്, പബ്ലിസിറ്റി കൺവീനർ ആന്റണി ജോസഫ്, പ്രോഗ്രാം കൺവീനർ ബിജു കുര്യൻ എന്നിവർ പറഞ്ഞു