അലമാരയിലെ സ്വർണം അടിച്ചുമാറ്റിയ ജോലിക്കാരി കുടുങ്ങി, ആ 'ഒരാൾ' മുറിയിലുള്ളത് ശ്രദ്ധിച്ചില്ല, ഉടമസ്ഥൻ്റെ ബുദ്ധിയിൽ മോഷ്ടാവ് പിടിയിൽ

Published : Nov 27, 2025, 04:31 PM IST
robbery

Synopsis

തിരുവനന്തപുരത്ത് വീട്ടുജോലിക്ക് നിന്ന വീടുകളിൽ നിന്ന് ആഭരണങ്ങൾ മോഷ്ടിച്ച യുവതി അറസ്റ്റിൽ. വീട്ടുടമ സ്ഥാപിച്ച രഹസ്യ ക്യാമറയിൽ മോഷണം തത്സമയം കണ്ടതോടെയാണ് ഇവർ പിടിയിലായത്. മറ്റ് വീടുകളിലും മോഷണം നടത്തിയതായി പോലീസ് അന്വേഷണത്തിൽ കണ്ടെത്തി.

തിരുവനന്തപുരം: വീട്ടുജോലിക്ക് നിന്ന സ്ഥലങ്ങളിൽ നിന്നും ആഭരണങ്ങൾ കവർച്ച നടത്തിയ യുവതി അറസ്റ്റിൽ. കരമന ഇലങ്കം ക്ഷേത്രത്തിനു സമീപം താമസിക്കുന്ന ലക്ഷ്മി(36)യെ ആണ് പൊലീസ് പിടികൂടിയത്. വീട്ടുടമയുടെ തന്ത്രപരമായ ഇടപെടലിലാണ് ഇവരെ കുടുക്കാനായത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ മറ്റൊരു വീട്ടിൽ നടത്തിയ മോഷണവും ഇവർ സമ്മതിച്ചു. രണ്ട് കേസിലും എഫ്ഐആർ രജിസ്റ്റർ ചെയ്തതിനെത്തുടർന്ന് ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തെന്ന് കരമന എസ്‌.ഐ ശ്രീജിത്ത് പറഞ്ഞു. ഈ മാസം പതിനൊന്നിയിരുന്നു സംഭവം. കരമന സഹകരണ ബാങ്കിനു സമീപം ഇലങ്കം റോഡിൽ അഭിഭാഷക ദമ്പതിമാരായ രാഹുൽ കൃഷ്ണന്‍റെയും ഇന്ദുകലയുടെയും വീട്ടിൽ നിന്നു സ്വർണമോതിരം കാണാതായപ്പോഴാണ് സംശയം തോന്നിയത്. അലമാരകൾ പരിശോധിച്ചപ്പോൾ അഞ്ചുപവനിലധികം സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടതായി മനസിലായി. 

വിവരം വീട്ടിൽ ജോലിക്കുണ്ടായിരുന്ന ലക്ഷ്‌മിയോടും പറഞ്ഞെങ്കിലും ഭാവഭേദമൊന്നുമില്ലാതെ പെരുമാറിയതോടെ ഒരു മുൻ കരുതലിനായി മുറികളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു. കണ്ടാൽ പെട്ടന്ന് മനസിലാകാത്ത രീതിയിലുള്ള ക്യാമറ രാഹുലിൻ്റെ മൊബൈൽഫോണിലേക്കും വൈഫൈ വഴി ബന്ധിപ്പിച്ചു.ക്യാമറകൾ സ്ഥാപിച്ച വിവരം ലക്ഷ്മി അറിഞ്ഞിരുന്നില്ല. പതിന്നാലിന് പതിവുപോലെ ദമ്പതിമാർ ജോലിക്കുപോയി. വീട്ടിൽ പ്രായമായ മാതാപിതാക്കൾ മാത്രം. ഇടയ്ക്ക് മൊബൈൽ പരിശോധിക്കുന്നതിനിടെ ലക്ഷ്മി മുറിക്കുള്ളിൽ കയറി അലമാര തുറന്ന് സ്വർണം മോഷ്ടിക്കുന്നത് രാഹുൽകൃഷ്ണൻ ലൈവായി കണ്ടു. പിന്നാലെ ഉടൻ തന്നെ വീട്ടിൽ തിരിച്ചെത്തി ചോദിച്ചപ്പോഴും പ്രതി കുറ്റം നിഷേധിച്ചു. ഒടുവിൽ ദൃശ്യങ്ങൾ കാട്ടിക്കൊടുത്തപ്പോൾ മോഷണം നടത്തിയത് സമ്മതിക്കുകയായിരുന്നു. എന്നാൽ, ആദ്യത്തെ മോഷണം നടത്തിയത് താനല്ലെന്ന നിലപാടിലായിരുന്നു ഇവർ.ഇതോടെ പൊലീസിൽ പരാതി നൽകുകയായിരുന്നു. 

ഒന്നിലേറെ മോഷണങ്ങൾ…

കരമന പൊലീസ് നടത്തിയ അന്വേഷണത്തിൽ മോഷണം നടത്തിയ മറ്റ് ആഭരണങ്ങൾ ചാലയിലുള്ള ജൂവലറിയിൽ വിറ്റതായും നെടുങ്കാടുള്ള സ്ഥാപനത്തിൽ പണയംവെച്ചതായും മൊഴി  നൽകി. ഇവർ നേരത്തേ സമീപത്തെ വീട്ടിൽ നിന്നു മോഷ്ടിച്ച മൂന്നു പവൻ സ്വർണം പ്രതിയുടെ വീട്ടിൽ നിന്നു കണ്ടെടുത്തു. മോഷ്ടിച്ച സ്വർണത്തിൽ ഇവർ ഉരുക്കി വിൽപന നടത്തുകയും ആ പണം ഉപയോഗിച്ച് പുതിയ ആഭരണം വാങ്ങുകയും ചെയ്തു. വർഷങ്ങളായി രണ്ട് വീടുകളിലും ഒരേ സമയത്ത് ജോലി ചെയ്തിരുന്ന ഇവരെ വീട്ടുകാർക്ക് സംശയമുണ്ടായിരുന്നെങ്കിലും ഇവർ മറ്റുള്ളവരിലേക്ക് ശ്രദ്ധതിരിച്ചു വിടാൻ ശ്രമിക്കുന്നതിനാൽ തിരിച്ചറിയാനായില്ല. ആഭരണം കാണാതായപ്പോൾ സമീപത്തുള്ളവരെപ്പോലും സംശയമുണ്ടെന്ന് ഇവർ ആരോപിച്ചിരുന്നു. തെളിവോടെ ഇവരെ പിടികൂടിയപ്പോഴാണ് ഇരുവീട്ടുകാർക്കും സമീപവാസികൾക്കും ആശ്വാസമായത്.

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

താമരശ്ശേരി ചുരത്തിൽ രാവിലെ മുതൽ വാഹനങ്ങളുടെ നീണ്ട നിര, ഗതാഗതക്കുരുക്ക്; യാത്രാദുരിതത്തിൽ പ്രതിഷേധത്തിന് യുഡിഎഫ്
തിരുവാലിയിൽ ലീഗ് 'കൈ' വിടുമോ?!, പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഉദ്വേഗം, താൽക്കാലിക സമവായത്തിലും അനിശ്ചിതത്വം തീരാതെ യുഡിഎഫ്