
മലപ്പുറം :അപൂര്‍വ ജനിതക രോഗമായ സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി ബാധിച്ചു വെന്റിലേറ്ററിൽ കഴിഞ്ഞിരുന്ന ഇമ്രാൻ വേദനകളില്ലാത്ത ലോകത്തേക് യാത്രയായി.അങ്ങാടിപ്പുറം വലമ്പൂർ ഏറാന്തോട് ആരിഫിന്റെ മകനാണ്. 3 മാസമായി കോഴിക്കോട് മാതൃശിശുസംരക്ഷണ കേന്ദ്രത്തില്‍ വെന്റിലേറ്ററില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. ഇമ്രാൻറെ ചികിത്സക്ക് പണം സ്വരൂപ്പിച്ചു കൊണ്ടിരിക്കെയാണ് മരണമടഞ്ഞത്. 18 കോടി വേണ്ട ചികിത്സക്ക് ചൊവ്വാഴ്ച രാത്രി വരെ 16.5 കൊടിയോളം രൂപ സമാഹരിച്ചിരുന്നു.
സ്പൈനൽ മസ്കുലാർ അട്രൊഫി അഥവാ എസ് എം എ എന്ന പേശികൾ ശോഷിക്കുന്ന അതീവ ഗുരുതരമായ അവസ്ഥയിലൂടെ കടന്നു പോവുകയായിരുന്നു കുഞ്ഞ്. ജനിച്ച് ദിവസങ്ങൾക്കുള്ളിൽ പ്രശ്നങ്ങൾ കണ്ട ആരിഫ് കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏറെ പരിശോധനകൾക്ക് ശേഷമാണ് ഗുരുതര ജനിതക രോഗമാണെന്ന് കണ്ടെത്തിയത്.
നേരത്തെ കുട്ടിക്ക് സൗജന്യ ചികിത്സ ഉറപ്പാക്കണം എന്നാവശ്യപ്പെട്ടുള്ള ഹർജിയും ഹൈക്കോടതിയില്‍ എത്തിയിരുന്നു. കുട്ടിയുടെ അച്ഛനും പെരിന്തൽമണ്ണ സ്വദേശിയുമായ ആരിഫ് ആണ് ഹർജി നൽകിയത്. 18 കോടി രൂപ വില വരുന്ന മരുന്നു നല്‍കുകയല്ലാതെ മകന്‍റെ ജീവൻ രക്ഷിക്കാൻ മറ്റ് മാര്‍ഗങ്ങളില്ലെന്നാണ് ഹർജിയിൽ ഹൈക്കോടതിയില്‍ അറിയിച്ചത്.
കോടതി നിര്‍ദേശ പ്രകാരം സര്‍ക്കാര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കുട്ടിക്കായി മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചിരുന്നു. എത്രയും പെട്ടെന്ന് കുട്ടിയെ പരിശോധിച്ച് മരുന്ന് നൽകാനാകുമോ എന്ന് റിപ്പോർട്ട് നൽകാൻ ഹൈക്കോടതി നിർദേശിച്ചു. കുട്ടിക്ക് മരുന്ന് വാങ്ങാനായി തുടങ്ങിയ ക്രൗഡ് ഫണ്ടിംഗ് തുടരാമെന്നും അന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam