ആളുമാറി മർദ്ദിച്ചു; പൊലീസിനെതിരെ ആരോപണവുമായി അച്ഛനും മകനും, കംപ്ലയിന്റ് അതോറിറ്റിയെ സമീപിച്ചു

By Web TeamFirst Published Mar 27, 2023, 1:59 AM IST
Highlights

കുളമാവ് ഉപ്പുകുന്നില്‍ ഉല്‍സവത്തിന്‍റെ ഭാഗമായി വെള്ളിയാഴ്ച്ച നടന്ന ഗാനമേളക്കിടെയുണ്ടായ അടിപിടിയാണ് സംഭവങ്ങളുടെ തുടക്കം. പ്രദേശത്തെത്തിയ പൊലീസ് അടിപിടി നടത്തിയ യുവാക്കളെ ഓടിച്ചിരുന്നു. ഇതിനിടെ ആളുമാറി മർദ്ദിച്ചുവെന്നാണ് ജോര്‍ജ്ജുകുട്ടിയുടെയും പിതാവ് സജീവിന്‍റെയും പരാതി. 

തൊടുപുഴ: ഇടുക്കി കുളമാവില്‍ പൊലീസ് ആളുമാറി മർദ്ദിച്ചുവെന്നാരോപിച്ച് അച്ഛനും മകനും പൊലീസ് കംപ്ലയിന്‍റ് അതോറിറ്റിയെ സമീപിച്ചു. ഉല്‍സവത്തിനിടെ ബഹളമുണ്ടാക്കിയവരെന്ന് കരുതി മര്‍ദ്ദിച്ചുവെന്നാണ് ആരോപണം. അതേസമയം ആരെയും മര്‍ദ്ദിച്ചിട്ടില്ലെന്ന് പൊലീസ് വിശദീകരിച്ചു.

കുളമാവ് ഉപ്പുകുന്നില്‍ ഉല്‍സവത്തിന്‍റെ ഭാഗമായി വെള്ളിയാഴ്ച്ച നടന്ന ഗാനമേളക്കിടെയുണ്ടായ അടിപിടിയാണ് സംഭവങ്ങളുടെ തുടക്കം. പ്രദേശത്തെത്തിയ പൊലീസ് അടിപിടി നടത്തിയ യുവാക്കളെ ഓടിച്ചിരുന്നു. ഇതിനിടെ ആളുമാറി മർദ്ദിച്ചുവെന്നാണ് ജോര്‍ജ്ജുകുട്ടിയുടെയും പിതാവ് സജീവിന്‍റെയും പരാതി. കൈക്ക് പരിക്കേറ്റ ജോർജ്ജുകുട്ടി ഇപ്പോൾ ചികിത്സയിലാണ്. 

സംഭവത്തില്‍ അന്വേഷണവും നടപടിയുമാവശ്യപെട്ട് ജോർജ്ജുകുട്ടിയും സജീവും പൊലീസ് കംപ്ലയിന്‍റ് അതോറിറ്റിയെ സമീപിച്ചു. പരാതിയില്‍ തൊടുപുഴ ഡിവൈഎസ്പി അന്വേഷണം തുടങ്ങി. അതേസമയം ജോര്‍ജ്ജുകുട്ടിക്കേറ്റ പരിക്ക് യുവാക്കള്‍ തമ്മില്‍ നടത്തിയ അടിപിടിക്കിടെ ഉണ്ടായതെന്നാണ് പൊലീസ് പറയുന്നത്. പരാതിയില്‍ അന്വേഷണം നേരിടാന്‍ തയ്യാറെന്നാണ് കുളമാവ് പൊലീസിന്‍റെ വിശദീകരണം.

Read Also: മലയാളി സുഹൃത്തിൽ നിന്നും മർദ്ദനമേറ്റ റഷ്യൻ യുവതിയെ തിരിച്ചയക്കാൻ നടപടി തുടങ്ങി

click me!