വേനല്‍ കനക്കുന്നു; കുട്ടനാട്ടിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്

Published : May 08, 2019, 10:51 PM IST
വേനല്‍ കനക്കുന്നു; കുട്ടനാട്ടിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്

Synopsis

സര്‍ക്കാര്‍ അംഗീകൃത 850 ഹൗസ് ബോട്ടുകളും 250ന് മുകളില്‍ ശിക്കാര വള്ളങ്ങളുമാണ് കുട്ടനാട്ടില്‍ സഞ്ചാരികള്‍ക്കായി ഉള്ളത്.

ആലപ്പുഴ: വേനല്‍ കനത്തതോടെ കുട്ടനാട്ടിലേക്ക് സ്വദേശികളും വിദേശികളുമടങ്ങുന്ന സഞ്ചാരികളുടെ ഒഴുക്ക്. പ്രളയത്തെത്തുടര്‍ന്നുള്ള ഇടക്കാല മാന്ദ്യത്തിന് ശേഷം ജില്ലയിലെ വിനോദ സഞ്ചാര മേഖല വീണ്ടും ഉയർന്നു.  അവധിക്കാലംആസ്വദിക്കാനും കനത്ത ചൂടില്‍ കായല്‍പ്പരപ്പിലെ തണുപ്പ് തേടിയുമാണ് കുട്ടനാട്ടിലേക്ക് ആയിരക്കണക്കിന് സഞ്ചാരികളെത്തുന്നത്. ഇതോടെ വേമ്പനാട്ടുകായലിലെ ഹൗസ് ബോട്ടുകള്‍ക്ക് കൊയ്ത്തുകാലമായി. സര്‍ക്കാര്‍ അംഗീകൃത 850 ഹൗസ് ബോട്ടുകളും 250ന് മുകളില്‍ ശിക്കാര വള്ളങ്ങളുമാണ് കുട്ടനാട്ടില്‍ സഞ്ചാരികള്‍ക്കായി ഉള്ളത്.
 
ഹൗസ്‌ബോട്ടില്‍ നിന്ന് ലഭിക്കുന്ന തനത് നാടന്‍ വിഭവങ്ങളോടാണ് സ്വദേശികളും വിദേശികളുമായ സഞ്ചാരികള്‍ക്ക് ഏറെ പ്രിയം. കായലില്‍ നിന്ന് പിടിക്കുന്ന കരിമീന്‍, കൊഞ്ചുള്‍പ്പടെയുള്ള മത്സ്യവിഭവങ്ങള്‍, കപ്പ, കോഴിയിറച്ചി എന്നു വേണ്ട നാവില്‍ രുചിയൂറുന്ന വിഭവങ്ങളാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങളും സമയവും അനുസരിച്ചാണ് ഹൗസ്‌ബോട്ടുകളുടെ വാടക. പകല്‍യാത്രയ്ക്ക്  4500 രൂപ മുതലും രാത്രിയും പകലുമുള്ള യാത്രയ്ക്ക്  5500 രൂപ മുതലുമാണ് ഹൗസ്‌ബോട്ടുകളുടെ നിരക്ക്. 

ഒരുവട്ടം ഹൗസ്‌ബോട്ടില്‍ കയറിയ സഞ്ചാരികളെല്ലാം വീണ്ടും ഈ കായല്‍ അനുഭവം തേടിയെത്തുമെന്നതാണ് കുട്ടനാടിന് തുണയാകുന്നത്. കായല്‍ വിനോദ സഞ്ചാരത്തിന്‍റെ കാര്യത്തില്‍ കുട്ടനാട് തന്നെയാണ് സഞ്ചാരികള്‍ക്ക് പ്രിയം. വിദേശികളോടൊപ്പം ആഭ്യന്തര സഞ്ചാരികളും ഇവിടേക്ക് കൂടുതലായെത്തുന്നുണ്ടെന്ന് ഡി ടി പി സി സെക്രട്ടറി എം മാലിന്‍ പറഞ്ഞു. വരും ദിവസങ്ങളില്‍ സഞ്ചാരികളുടെ കൂടുതല്‍ ഒഴുക്കുണ്ടാകുമെന്നാണ് പ്രതീക്ഷ. ആന്ധ്ര, തമിഴ്‌നാട്, കര്‍ണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നും ധാരാളം പേരെത്തുന്നുണ്ട്. 

കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തിനുശേഷം നവംബറോടെയാണ്  കൂടുതല്‍ വിനോദ സഞ്ചാരികള്‍ ഇവിടേക്ക് എത്താന്‍ തുടങ്ങിയത്. കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ 25,000ന് മുകളില്‍ വിദേശികളും 70,000ത്തോളം ആഭ്യന്തര വിനോദ സഞ്ചാരികളും കായല്‍ സൗന്ദര്യം ആസ്വദിക്കാനായി ആലപ്പുഴയിലെത്തി. ആഭ്യന്തര വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് വന്‍ വര്‍ധനയാണുള്ളത്. അവധിക്കാലം ചെലവഴിക്കാന്‍ കുടുംബസമേതം എത്തുന്നതിനാല്‍ കൂടുതല്‍ മുറികളുള്ള ഹൗസ്‌ബോട്ടുളോടാണ് ആഭ്യന്തര സഞ്ചാരികള്‍ക്ക് പ്രിയം. പകല്‍ യാത്രയാണ് ഭൂരിഭാഗവും തിരഞ്ഞെടുക്കുന്നത്. 

വിദേശികളും മറ്റ് സംസ്ഥാന യാത്രികരും രാത്രികാല യാത്രകൂടി ഉള്‍പ്പെടുന്ന പാക്കേജാണ് ഏറെ ഇഷ്ടപ്പെടുന്നത്. പുന്നമട, ഫിനിഷിംഗ് പോയിന്‍റ്, പള്ളാത്തുരുത്തി എന്നിവിടങ്ങളില്‍ നിന്നാണ് ഹൗസ്‌ബോട്ടുകളുടെ സവാരി ആരംഭിക്കുന്നത്. ചെറുകിട വള്ളങ്ങളിലും മോട്ടോര്‍ ബോട്ടുകളില്‍ യാത്ര നടത്തുന്നവരും കുറവല്ല. ഹൗസ്‌ബോട്ടുകള്‍ തേടിയെത്തുന്നവര്‍ക്ക് ഏജന്‍റുമാരുടെ പിടിയില്‍പ്പെടാതെ മിതമായ നിരക്കില്‍ ഹൗസ് ബോട്ട് സവാരി ഉറപ്പാക്കുന്നതിനായി ബോട്ട് ജെട്ടിയിലെ ഡി ടി പി സി ഓഫീസിലും പുന്നമടയിലെ ഡി ടി പി സി പ്രീപെയ്ഡ് കൗണ്ടര്‍ വഴിയും ഹൗസ്‌ബോട്ടുകള്‍ ബുക്ക് ചെയ്യാം. ഡി ടി പി സി യുടെ സഹായ കേന്ദ്രങ്ങള്‍ വഴി യാത്ര ചെയ്യുന്നവര്‍ക്ക് സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാലിച്ചുള്ളഹൗസ്‌ബോട്ടുകളാണ് അനുവദിക്കുന്നത്. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

120 കോടി തട്ടിപ്പ്, ബിഗ് ബോസ് താരം യൂട്യൂബർ ബ്ലെസ്ലിയെ വിശദമായി ചോദ്യംചെയ്യാൻ നീക്കം, വീണ്ടും കസ്റ്റഡി അപേക്ഷക്ക് നീക്കം, ബ്ലെസ്ലിക്കെതിരായ പ്രധാന കണ്ടെത്തൽ
മുന്നറിയിപ്പുമായി പഞ്ചായത്തംഗം, 2 ദിവസത്തേക്ക് ആരോടും പറയില്ല; ഒന്നും നടന്നില്ലേൽ സിസിസിടിവി പുറത്ത് വിടും, മോഷ്ടിച്ചത് റേഡിയോ