
തിരുവനന്തപുരം: പൊൻമുടി വനമേഖലയ്ക്ക് പുറമേ ദുർഘട വനമേഖലയായ കോട്ടൂർ ആയിരം കാൽ സെറ്റിൽമെന്റ് കോളനിയിലും, ആമല സെറ്റിൽമെന്റ് കോളനിയിലും കൂടി ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി ഓൺലൈൻ പഠന സൗകര്യമൊരുക്കി. കോട്ടൂർ ദുർഘട വനമേഖലയിൽ ഒന്നര മണിക്കൂർ ജീപ്പിൽ യാത്ര ചെയ്തെത്തുന്ന ഈ പ്രദേശങ്ങളിൽ കുട്ടികൾക്കായി പഠന സൗകര്യമൊരുക്കിയതോടെ കോളനി നിവാസികളാകെ സന്തോഷത്തിലാണ്.
ഇന്ത്യൻ അക്കാഡമി ഓഫ് പീഡിയാട്രിക്സിനൊപ്പം, കുറ്റിച്ചൽ പഞ്ചായത്തും, കുറ്റിച്ചൽ പ്രൈമറി ഹെൽത്ത് സെന്ററും ഈ ഉദ്യമത്തിൽ പങ്കു ചേർന്നു. ടെലിവിഷനും ഡിഷ് കണക്ഷനും രണ്ടു സ്ഥലത്തും സ്ഥാപിക്കുകയുണ്ടായി. നിർധനരായ പല കുട്ടികളും ഓൺലൈൻ ക്ലാസ്സ് തുടങ്ങിയതു മുതൽ പഠന സൗകര്യങ്ങളില്ലാത്തതിനാൽ വിഷമത്തിലയിരുന്നു. ക്ലാസ്സുകളും നഷ്ടപ്പെട്ടു. ഇക്കാര്യം ഇന്ത്യൻ അക്കാഡമി ഓഫ് പീഡിയാട്രിക്സ് തിരുവനന്തപുരം ശാഖയുടെ ശ്രദ്ധയിൽ പെട്ടു. ഇതോടെയാണ് പഠനസൗകര്യമില്ലാത്ത കുട്ടികൾക്ക് വേണ്ട സഹായം ചെയ്യാൻ ശിശുരോഗ വിദഗ്ദ്ധരുടെ സംഘടന തീരുമാനമെടുത്തത്.
പ്രൈമറി ക്ലാസു മുതൽ പ്ലസ്ടു വരെയുള്ള ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾ ഇവിടെയുണ്ട്. ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സിന്റെ നേതൃത്വത്തിൽ പഠന സൗകര്യമൊരുക്കുക മാത്രമല്ല, ടെലിവിഷന്റെ പ്രവർത്തനം ആറു മാസത്തേക്ക് ഉറപ്പു വരുത്തുകയും ചെയ്തു. ശനിയാഴ്ച പഞ്ചായത്ത് പ്രസിഡന്റ് മണികണ്ഠൻ പുതിയ സംവിധാനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു.
കുറ്റിച്ചൽ പ്രൈമറി ഹെൽത്ത് സെന്റർ ചാർജ് മെഡിക്കൽ ഓഫീസർ ഡോ ജോയി ജോൺ, തിരുവനന്തപുരം ഇന്ത്യൻ അക്കാഡമി ഓഫ് പീഡിയാട്രിക്സ് ശാഖാ പ്രസിഡന്റ് ഡോ പി ബെന്നറ്റ് സൈലം, സംസ്ഥാന പ്രസിഡന്റ് നോമിനി ഡോ റിയാസ്, സെക്രട്ടറി ഡോ പ്രിയ ശ്രീനിവാസൻ, വൈസ് പ്രസിഡന്റ് ഡോ അഞ്ജു കൺമണി, എന്നിവർ സംസാരിച്ചു. കുറ്റിച്ചൽ പഞ്ചായത്തിനെ പ്രതിനിധീകരിച്ച് അംഗങ്ങളായ രമേശ്, ഹെൽത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സൂധീർ കുമാർ, കുറ്റിച്ചൽ പ്രൈമറി ഹെൽത്ത് സെന്ററിലെ ആരോഗ്യപ്രവർത്തർ, ഊരുമൂപ്പൻ കുഞ്ഞിരാമൻ കാണി എന്നിവർ സംസാരിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam