പാഠം പഠിക്കാതെ കഞ്ചിക്കോട്; മിക്ക വ്യവസായസ്ഥാപനങ്ങൾക്കും സുരക്ഷാ മുൻകരുതലുകളില്ല

By Web TeamFirst Published Feb 8, 2019, 7:12 PM IST
Highlights

മിക്ക ചെറുകിട യൂണിറ്റുകളും കാലപ്പഴക്കം ചെന്ന കെട്ടിടങ്ങളിലാണ് പ്രവർത്തിക്കുന്നത്. കഞ്ചിക്കോട്ടെ 70 ശതമാനം ചെറുകിട യൂണിറ്റുകളിലും ആധുനിക അഗ്നിശമന ഉപകരണങ്ങളില്ല. കഴിഞ്ഞ വർഷം ഫയർ ഓഡിറ്റിംഗ് നടത്തി നൽകിയ നിർദേശങ്ങൾ പുതുശ്ശേരി പഞ്ചായത്ത് ഉൾപ്പെടെ ഗൗരവമായി കണ്ടില്ലെന്നും അഗ്നിശമന സേന വിമർശിച്ചു. 

കഞ്ചിക്കോട്: കഞ്ചിക്കോട് വ്യവസായ മേഖലയിലെ മിക്ക സ്ഥാപനങ്ങളും പ്രവർത്തിക്കുന്നത് തീപിടിത്തം തടയാനുളള മുൻകരുതലുകളില്ലാതെയെന്ന് അഗ്നിശമന സേനയുടെ കണ്ടെത്തൽ. സുരക്ഷയൊരുക്കാത്ത സ്ഥാപനങ്ങൾക്ക് പ്രവർത്തന ലൈസൻസ് പുതുക്കി നൽകരുതെന്ന് അഗ്നിശമനസേന പുതുശ്ശേരി പഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകി.

വൻകിട വ്യവസായ സ്ഥാപനങ്ങൾ തീപിടിത്തം തടയാനുളള സുരക്ഷാ മുൻകരുതലുകൾ എടുക്കുന്നുണ്ടെങ്കിലും ചെറിയ യൂണിറ്റുകൾ ഇക്കാര്യത്തിൽ അലംഭാവം തുടരുകയാണെന്ന് അഗ്നിശമന സേനയുടെ പരിശോധനയിൽ കണ്ടെത്തി. 

മിക്ക ചെറുകിട യൂണിറ്റുകളും കാലപ്പഴക്കം ചെന്ന കെട്ടിടങ്ങളിലാണ് പ്രവർത്തിക്കുന്നത്. കഞ്ചിക്കോട്ടെ 70 ശതമാനം ചെറുകിട യൂണിറ്റുകളിലും ആധുനിക അഗ്നിശമന ഉപകരണങ്ങളില്ല. പകുതിയിലേറെ ചെറുകിട യൂണിറ്റുകളിൽ തീ കെടുത്താനുള്ള അടിസ്ഥാന ഉപകരണങ്ങൾ പോലും ലഭ്യമല്ലെന്നും അഗ്നിശമന സേന കണ്ടെത്തി. 

പെട്ടെന്ന് തീ പടരാൻ സാധ്യതയുളള  പെയിന്‍റ്, രാസവസ്തുക്കളുടെ മിശ്രണ കേന്ദ്രങ്ങൾ തുടങ്ങിയ സ്ഥാപനങ്ങളുടെയും സ്ഥിതി സമാനമാണെന്ന് അഗ്നിശമന സേന സാക്ഷ്യപ്പെടുത്തി. ഈ സാഹചര്യത്തിലാണ് ഇനിയും അപകടങ്ങളുണ്ടാകാതിരിക്കാൻ  അഗ്നിശമന സേന മാനദണ്ഡങ്ങൾ കർശനമാക്കുന്നത്.

കഴിഞ്ഞ വർഷം ഫയർ ഓഡിറ്റിംഗ് നടത്തി നൽകിയ നിർദേശങ്ങൾ പുതുശ്ശേരി പഞ്ചായത്ത് ഉൾപ്പെടെ ഗൗരവമായി കണ്ടില്ലെന്ന് അഗ്നിശമനസേന വിമർശിച്ചു. കഞ്ചിക്കോട്ടെ വ്യവസായ മേഖലയിലെ എല്ലാവരെയും ഉൾപ്പെടുത്തി ബോധവത്കരണം നടത്താനാണ് അഗ്നിശമന സേനയുടെ തീരുമാനം. 

നിർദേശങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങളുണ്ടെങ്കിൽ കർശനമായ തുടർ നടപടികൾ സ്വീകരിക്കുമെന്നും അഗ്നിശമന സേന വ്യക്തമാക്കി. കഴിഞ്ഞ ദിവസം കഞ്ചിക്കോട്ടെ ടർപ്പൻന്‍റൈൻ നിർമ്മാണ കമ്പനിയായ ക്ലിയർ ലാകിന് തീപിടിച്ചിരുന്നു. കമ്പനിയിലെ ഒരു ജീവനക്കാരിക്ക് തീപിടിത്തത്തിൽ  ​ഗുരു​തരമായി പരിക്കേൽക്കുകയും ചെയ്തു. ഇതേ തുടർന്നാണ് കഞ്ചിക്കോട്ട് ഫയർഫോഴ്സ് കർശന നടപടികൾക്കൊരുങ്ങുന്നത്.

click me!