വയറുവേദനയ്ക്ക് ചികിത്സ തേടിയ രോഗി കുഴഞ്ഞുവീണ് മരിച്ച സംഭവം; അന്വേഷണത്തിന് ഉത്തരവിട്ടു

By Web TeamFirst Published Jun 2, 2019, 10:45 PM IST
Highlights

പുന്നപ്ര തെക്ക് പഞ്ചായത്ത് 15ാം വാര്‍ഡില്‍ പാലപ്പറമ്പില്‍ വാവച്ചന്റെ ഭാര്യ ലളിത(50)യാണ് ചികിത്സയിലിരിക്കെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ശനിയാഴ്ച പുലര്‍ച്ചെ മരിച്ചത്.

ആലപ്പുഴ: വയറുവേദനയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന രോഗി കുഴഞ്ഞുവീണു മരിച്ച സംഭവത്തില്‍ ആലപ്പുഴ മെഡിക്കല്‍ കോളേജ്  ആശുപത്രി സൂപ്രണ്ട് ആര്‍ എം രാംലാല്‍ അന്വേഷണത്തിന്  ഉത്തരവിട്ടു. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ മെഡിസിൻ വിഭാഗം മേധാവി ഡോ ഉണ്ണികൃഷ്ണൻ കർത്തയുടെ നേതൃത്വത്തിലുള്ള സംഘമാണ്  അന്വേഷണം നടത്തുക. രോഗം തിരിച്ചറിയാതെയുള്ള ചികിത്സയിലായിരുന്നു ലളിത മരിക്കാനിടയായതെന്നാരോപിച്ച് ബന്ധുക്കള്‍ നല്‍കിയ പരാതിക്ക് പിന്നാലെയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

പുന്നപ്ര തെക്ക് പഞ്ചായത്ത് 15ാം വാര്‍ഡില്‍ പാലപ്പറമ്പില്‍ വാവച്ചന്റെ ഭാര്യ ലളിത(50)യാണ് ചികിത്സയിലിരിക്കെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ശനിയാഴ്ച പുലര്‍ച്ചെ മരിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി വയറുവേദനയെ തുടര്‍ന്ന് ലളിത മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രോഗം ഭേദമാകാതിരുന്നതിനാല്‍ വിദഗ്ദ ചികിത്സക്കായി വെള്ളിയാഴ്ച വൈകിട്ടോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിശോധനക്കായി രക്തസാമ്പിളുകളും മറ്റും ലാബില്‍ നല്‍കി. മൂത്രസംബന്ധമായ രോഗമാണെന്നും അതിനുള്ള ചികിത്സ നല്‍കിയതായും ഡോക്ടര്‍ ബന്ധുക്കളോട് പറഞ്ഞു. 

എന്നാല്‍  ശനിയാഴ്ച പുലര്‍ച്ചെയോടെ വയറുവേദന കലശലായി. ബന്ധുക്കള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഡോക്ടറുടെ നിര്‍ദേശപ്രകാരം കുത്തിവെപ്പ് നല്‍കി. ഇതിനുശേഷം അസ്വസ്ഥത അനുഭവപ്പെട്ട ലളിത ബാത്ത്‌റൂമിലേക്ക് പോകുന്നനതിനിടയില്‍ കുഴഞ്ഞുവീഴുകയുമായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു. വിവരമറിഞ്ഞ് ഡോക്ടര്‍ എത്തിയപ്പോഴേക്കും ലളിത മരിച്ചു. പിന്നീട് രക്തപരിശോധനയുടെ ഫലം അറിഞ്ഞപ്പോഴാണ് ലളിതക്ക് കിഡ്ണി സംബന്ധമായ അസുഖമായിരുന്നെന്ന് തിരിച്ചറിഞ്ഞത്. 
 

click me!