4 ജില്ലകളിൽ സ്കൂൾ-കോളേജ് വാഹന ഡ്രൈവർമാർക്കിടയിൽ വ്യാപക പരിശോധന നടത്തി, 29 പേർ മദ്യപിച്ച് വാഹനം ഓടിച്ചെന്ന് കണ്ടെത്തൽ, നടപടി

Published : Jul 13, 2026, 03:59 PM IST
school bus

Synopsis

എറണാകുളം റേഞ്ചിൽ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ മദ്യപിച്ച് സ്കൂൾ-കോളേജ് വാഹനം ഓടിച്ച 29 ഡ്രൈവർമാർക്കെതിരെ പോലീസ് നടപടി സ്വീകരിച്ചു.

കൊച്ചി : ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി സ്കൂൾ-കോളേജ് വാഹന ഡ്രൈവർമാരിൽ നടത്തിയ വ്യാപക പരിശോധനയിൽ എറണാകുളം റേഞ്ചിൽ മദ്യപിച്ച് വാഹനം ഓടിച്ച 29 പേർക്കെതിരെ നടപടി സ്വീകരിച്ചു. വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി എറണാകുളം റേഞ്ച് ഡിഐജി യതീഷ് ചന്ദ്രയുടെ നിർദ്ദേശപ്രകാരം ഓപ്പറേഷൻ തൂഫാൻ പദ്ധതിയുടെ ഭാഗമായി ഇന്ന് എറണാകുളം റേഞ്ച് തലത്തിൽ എറണാകുളം, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ പ്രവർത്തിക്കുന്ന വിവിധ സ്കൂൾ-കോളേജ് ബസുകളുടെയും മറ്റ് വിദ്യാർത്ഥി വാഹനങ്ങളുടെയും ഡ്രൈവർമാരെ ലക്ഷ്യമാക്കി പോലീസ് വ്യാപക പരിശോധന നടത്തി.

പരിശോധനയുടെ ഭാഗമായി 1,231 വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 3,333 ഡ്രൈവർമാരെ പരിശോധിച്ചു. ഇതിൽ നാല് ജില്ലകളിലായി 29 ഡ്രൈവർമാർ മദ്യപിച്ച് വാഹനം ഓടിച്ചതായി കണ്ടെത്തി. ഇവർക്കെതിരെ മോട്ടോർ വാഹന നിയമപ്രകാരം കേസെടുത്ത് നിയമനടപടികൾ സ്വീകരിച്ചു.

എറണാകുളം റൂറൽ ജില്ലയിൽ 373 സ്കൂളുകളിലെ 1,162 ഡ്രൈവർമാരെ പരിശോധിച്ചതിൽ 7 പേർ മദ്യപിച്ചതായി കണ്ടെത്തി. ആലപ്പുഴ ജില്ലയിൽ 244 സ്കൂളുകളിലെ 634 ഡ്രൈവർമാരെ പരിശോധിച്ചതിൽ 9 പേർ മദ്യപിച്ചതായി കണ്ടെത്തി. കോട്ടയം ജില്ലയിൽ 311 സ്കൂളുകളിലെ 688 ഡ്രൈവർമാരെ പരിശോധിച്ചതിൽ ആറ് പേർ മദ്യപിച്ചതായി കണ്ടെത്തി.

ഇടുക്കി 303 സ്കൂളുകളിലെ 849 ഡ്രൈവർമാരെ പരിശോധിച്ചതിൽ 7 പേർ മദ്യപിച്ചതായി കണ്ടെത്തി. മദ്യപിച്ച് വാഹനം ഓടിച്ചതായി കണ്ടെത്തിയ ഡ്രൈവർമാരെ ജോലിയിൽ നിന്ന് നീക്കം ചെയ്യുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട സ്കൂൾ അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ട്.

വിദ്യാർത്ഥികളുടെ ജീവനും സുരക്ഷയും അപകടത്തിലാക്കുന്ന ഇത്തരത്തിലുള്ള നിയമ ലംഘനങ്ങൾ ഒരുതരത്തിലും അനുവദിക്കില്ലെന്ന് ഡിഐജി യതീഷ് ചന്ദ്ര വ്യക്തമാക്കി. ഇത്തരം പ്രത്യേക പരിശോധനകൾ വരും ദിവസങ്ങളിലും മുന്നറിയിപ്പില്ലാതെ തുടരുമെന്നും അദ്ദേഹം അറിയിച്ചു.

സ്കൂൾ മാനേജ്മെന്റുകളും വാഹന ഉടമകളും ഡ്രൈവർമാരുടെ യോഗ്യത, ശാരീരികക്ഷമത, നിയമാനുസൃത രേഖകൾ എന്നിവ കർശനമായി ഉറപ്പാക്കണമെന്നും, വിദ്യാർത്ഥികളുടെ സുരക്ഷയിൽ യാതൊരു വിട്ടുവീഴ്ചയും പാടില്ലെന്നും പൊലീസ് നിർദേശിച്ചു.  

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മലയാളി യുവാവ് രാജസ്ഥാനില്‍ ട്രെയിനില്‍ നിന്ന് വീണ് മരിച്ചു
ഒറ്റയടിക്ക് വിദ്യാർത്ഥികളുടെ കൺസഷൻ ചാർജ് 3 രൂപയാക്കി കൂട്ടി സ്വകാര്യ ബസുകൾ, മന്ത്രിയുടെ ഉറപ്പ് പാഴായി; കൽപ്പറ്റ ആർടിഒയെ ഉപരോധിച്ച് എസ്എഫ്ഐ