
കല്‍പ്പറ്റ: രണ്ടുപേര്‍ക്ക് കുരങ്ങുപനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ വയനാട് ജില്ലയില്‍ ആരോഗ്യവകുപ്പ് ജാഗ്രത നിര്‍ദേശം നല്‍കി. ജില്ലയില്‍ പനി സര്‍വേ നടത്താന്‍ ജില്ലാ കലക്ടര്‍ എ ആര്‍ അജയകുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. സര്‍വേ ഫലങ്ങള്‍ എല്ലാ ദിവസവും കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമില്‍ രേഖപ്പെടുത്തും.
ഇതിന്റെ അടിസ്ഥാനത്തിലാവും തുടര്‍നടപടികള്‍. നൂല്‍പ്പുഴ, മുള്ളന്‍കൊല്ലി, തിരുനെല്ലി തുടങ്ങിയ പഞ്ചായത്തുകളിലെ കുരങ്ങു പനിക്ക് സാധ്യതയുള്ള പ്രദേശങ്ങളിലാണ് ആദ്യഘട്ടത്തില്‍ സര്‍വേ നടത്തുക. രണ്ടു കേസുകളാണ് ഇതുവരെ ജില്ലയില്‍ കുരങ്ങ് പനിയായ സ്ഥിരീകരിച്ചിട്ടുള്ളതെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
രോഗബാധിതരുടെ ആരോഗ്യനില മെച്ചപ്പെട്ടു വരികയാണ്. കര്‍ണാടകയിലെ ബൈരക്കുപ്പയോട് ചേര്‍ന്ന പ്രദേശങ്ങളില്‍ നിന്നാണ് കുരങ്ങുപനി പകര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം. ആവശ്യമായ എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചതായും മാനന്തവാടി ജില്ലാ ആശുപത്രിയില്‍ മതിയായ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയതായും കലക്ടര്‍ അറിയിച്ചു.
കാട്ടില്‍ പോവുന്നവര്‍ നിര്‍ബന്ധമായും പ്രതിരോധ വാക്‌സിനെടുക്കണമെന്നും ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു. പ്രതിരോധ വാക്‌സിന്‍ ലഭ്യത ഉറപ്പുവരുത്തിയിട്ടുണ്ട്. രണ്ടാഴ്ചയ്ക്കുള്ളില്‍ കൂടുതല്‍ വാക്‌സിന്‍ ജില്ലയിലെത്തിക്കും. കുരങ്ങുകള്‍ ചത്തുകിടക്കുന്നതു ശ്രദ്ധയില്‍പ്പെട്ടാല്‍ അധികൃതരെ അറിയിക്കണം.
ജനപ്രതിനിധികളെ കൂടി ഉള്‍പ്പെടുത്തി വിപുലമായ യോഗം ചേര്‍ന്നതിന് ശേഷം കുരങ്ങു പനിയെക്കുറിച്ച് ആളുകളെ ബോധവല്‍ക്കരിക്കാനും യോഗത്തില്‍ തീരുമാനമായി. സബ് കലക്ടര്‍ എന്‍ എസ് കെ ഉമേഷ്, എഡിഎം കെ അജീഷ്, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്‍ രേണുക, സര്‍വൈലന്‍സ് ഓഫിസര്‍ ഡോ. നൂന മര്‍ജ, വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കണ്‍ട്രോള്‍ റൂം നമ്പര്‍: 1077, 04936 204151.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam