
ചേർത്തല: ഹൈടെൻഷൻ 110 കെവി ലൈനിന്റെ ടവറിലെ ഇൻസുലേറ്റർ കപ്ലർ പൊട്ടി താഴത്തെ എൽടി ലൈനിലേക്ക് വീണ് വീടുകളിലെ വൈദ്യുത ഉപകരണങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. തൈക്കാട്ടുശ്ശേരി - കഞ്ഞിക്കുഴി 110 കെ വി ലൈനിൽ, ചേർത്തല വാരനാട് ഭാഗത്ത് ഇന്ന് പുലർച്ചെ മൂന്നരയോടെയായിരുന്നു സംഭവം.
ഇൻസുലേറ്റർ കപ്ലർ വീണതോടെ എൽടി ലൈനിൽ അമിത വൈദ്യുത പ്രവാഹമുണ്ടായി. നഗരസഭ എട്ടാം വാർഡിൽ ശ്രുതിലയത്തിൽ സബീഷ്, മേലേടത്ത് സുരേഷ് കുമാർ, ബാബുനിവാസിൽ സുരേഷ് ബാബു എന്നിവരുടെ വീട്ടിലെ വൈദ്യുതോപകരണങ്ങളാണ് നശിച്ചത്. വീടുകളിലെ വൈദ്യുത മീറ്ററും കത്തി നശിച്ചു. രാവിലെ തന്നെ കെഎസ്ഇബി അധികൃതർ എത്തി തകരാറുകൾ പരിഹരിച്ചു.
യഥാസമയം ഇൻസുലേറ്റർ കപ്ലർ മാറ്റി സ്ഥാപിക്കാത്തതും അറ്റകുറ്റപ്പണികൾ നടത്താത്തതുമാണ് അപകടത്തിന് കാരണമെന്ന് പ്രദേശവാസികൾ ആരോപിച്ചു. എന്നാൽ ഇൻസുലേറ്റർ കപ്ലർ വർഷം തോറും കൃത്യമായി മാറ്റി സ്ഥാപിക്കാറുണ്ടെന്ന് കെഎസ്ഇബി അധികൃതർ വിശദീകരിച്ചു. വെള്ളിയാഴ്ച പുലർച്ചെയുണ്ടായ ഇടിമിന്നലിൽ പെട്ടാണ് ഇൻസുലേറ്റർ കപ്ലർ പൊട്ടി വീണതെന്നും അവർ കൂട്ടിച്ചേർത്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam