വെറും 24 രൂപയ്ക്ക് മത്സ്യതൊഴിലാളികൾക്ക് ജനകീയ ഇൻഷുറൻസ് പദ്ധതിയുമായി ഗുഡ് കർമ്മ ഫൗണ്ടേഷൻ

By Elsa Tresa JoseFirst Published Jun 8, 2019, 5:06 PM IST
Highlights

പ്രളയമുണ്ടായപ്പോള്‍ മറ്റൊന്നുമാലോചിക്കാതെ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയ മത്സ്യത്തൊഴിലാളികള്‍ക്ക് സമൂഹമാധ്യമങ്ങളില്‍ താരപരിവേഷം നല്‍കിയതല്ലാതെ അവര്‍ക്ക് വേണ്ടി എന്തുചെയ്യാന്‍ സാധിക്കുമെന്നുള്ള ചിന്തയില്‍ നിന്നാണ് ആശയം രൂപപ്പെട്ടതെന്ന് ഗുഡ് കര്‍മ്മ ഫൗണ്ടേഷന്‍ സംഘാടക ലക്ഷ്മി മേനോന്‍ 

കൊച്ചി:  മത്സ്യതൊഴിലാളികൾക്കായി ജനകീയ ഇൻഷുറൻസ് പദ്ധതി ഒരുങ്ങുന്നു. കൊച്ചിയിലെ ഗുഡ് കർമ്മ ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് ഇൻഷുറൻസ് പദ്ധതി ഒരുക്കുന്നത്. പ്രളയം തകര്‍ത്തെറിഞ്ഞ ചേന്ദമംഗലം കൈത്തറി മേഖലയുടെ പുനര്‍നിര്‍മാണത്തിനായി ചേക്കുട്ടി പാവയെ നിര്‍മിച്ച് ജനകീയമാക്കിയവരുടെ കൂട്ടായ്മയാണ് ഗുഡ് കർമ്മ ഫൗണ്ടേഷനാണ് ആശയത്തിന് പിന്നില്‍.

പ്രളയമുണ്ടായപ്പോള്‍ മറ്റൊന്നുമാലോചിക്കാതെ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയ മത്സ്യത്തൊഴിലാളികളെ സമൂഹമാധ്യമങ്ങളില്‍ താരപരിവേഷം നല്‍കിയതല്ലാതെ അവര്‍ക്ക് വേണ്ടി എന്തുചെയ്യാന്‍ സാധിക്കുമെന്നുള്ള ചിന്തയില്‍ നിന്നാണ് ആശയം രൂപപ്പെട്ടതെന്ന് ഗുഡ് കര്‍മ്മ ഫൗണ്ടേഷന്‍ സംഘാടക ലക്ഷ്മി മേനോന്‍ പറയുന്നു. അവരുടെ പ്രശ്നങ്ങള്‍, ആവശ്യങ്ങളില്‍ ഒരു കൈത്താങ്ങാവാന്‍ നമ്മുക്ക് സാധിക്കുന്നില്ലെങ്കില്‍ മത്സ്യത്തൊഴിലാളികളോട് ചെയ്യുന്ന നീതികേടായി പോവുമതെന്ന് ലക്ഷ്മി പറയുന്നു. 

പലപ്പോഴും ആളുകള്‍ പറയുന്ന ഒരു കാര്യമാണ് അറിഞ്ഞില്ല, അറിഞ്ഞെങ്കില്‍ സഹായിച്ചേനെയെന്ന് ഫ്രണ്ട് ഷിപ്പ് എന്ന് ക്യാംപയിനിലൂടെ മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങളെ നേരിട്ട് അറിയാനുള്ള അവസരമാണ് ഗുഡ് കർമ്മ ഫൗണ്ടേഷൻ ഒരുക്കുന്നത്.  തുച്ഛമായ ഒരു തുകയ്ക്ക് പ്രീമിയം അടച്ച് ക്യാപയിനില്‍ ഭാഗമാകുന്നവര്‍ക്ക് ഒരു മത്സ്യത്തൊഴിലാളി കുടുംബത്തിലേക്കുള്ള വാതിലുകളാണ് തുറക്കുന്നതെന്ന് ലക്ഷ്മി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. 

പ്രളയത്തിൽ മുങ്ങിയവരെ കരയ്ക്ക് കയറ്റിയ മത്സ്യ തൊഴിലാളികളെ സഹായിക്കുകയെന്ന ലക്ഷ്യത്തേടെയാണ് ഗുഡ് കർമ്മ ഫൗണ്ടേഷൻ ജനകീയ ഇൻഷുറൻസ് പദ്ധതി അവതരിപ്പിക്കുന്നത്. മത്സ്യതൊഴിലാളികളെ സഹായിക്കാൻ താത്പര്യമുള്ള പൊതുജനങ്ങളിൽ നിന്നും പണം സമാഹരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ഒരോ മത്സ്യതൊഴിലാളിയുടെയും പ്രീമിയം തുക അടയ്ക്കാൻ സ്പോൺസർമാരെ ഗുഡ് കർമ്മ ഫൗണ്ടേഷൻ കണ്ടെത്തും. അതിനാൽ മത്സ്യതൊഴിലാളികൾക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കാൻ പണം അടയ്ക്കേണ്ടി വരില്ല. പ്രതിവർഷം  ഇരുപത്തിനാല് രൂപയാണ് പ്രീമിയം തുക. കടലിൽ വെച്ച് മത്സ്യതൊഴിലാളിക്ക് അപകടം ഉണ്ടായാൽ ഒരു ലക്ഷം രൂപ കിട്ടുന്നതാണ് ഇൻഷുറൻസ് പദ്ധതി.

ന്യൂ ഇന്ത്യ ഇൻഷുറൻസ് കമ്പനിയുടെ സഹായത്തോടെ നടപ്പിലാക്കുന്ന പദ്ധതിക്കായി മെയ്ക്ക് ഫ്രണ്ട്ഷിപ്പ് എന്ന വെബ്ബ്സൈറ്റും തുടങ്ങിയിട്ടുണ്ട്. പതിനായിരത്തിലധികം മത്സ്യതൊഴിലാളികളുടെ ഇൻഷുറൻസ് ഇതിനോടകം വിവിധ സ്പോൺസർമാ‌ർ ഏറ്റെടുത്തു കഴിഞ്ഞു.  മത്സ്യ തൊഴിലാളികൾക്ക് നടപ്പിലാക്കുന്ന ഇൻഷുറൻസ് പദ്ധതി വിജയിച്ചാൽ സമാന രീതിയിൽ കർഷകർക്ക് വേണ്ടി പദ്ധതി രൂപികരിക്കാനും ഫൗണ്ടേഷൻ തീരുമാനിച്ചിട്ടുണ്ട്

click me!