മൃതസഞ്ജീവനി തുണച്ചു; രാജ്യത്താദ്യമായി ചെറുകുടൽ മാറ്റി വയ്ക്കൽ ശസ്ത്രക്രിയ വിജയം, ദീപിക ആശുപത്രി വിട്ടു

By Web TeamFirst Published Sep 13, 2020, 10:53 PM IST
Highlights

മസ്തിഷ്ക മരണത്തെ തുടർന്ന് ഹൃദയമുൾപ്പെടെ ദാനം ചെയ്ത കൊല്ലം സ്വദേശിയായ യുവാവിന്‍റെ അവയവങ്ങൾക്കൊപ്പം ചെറുകുടലും ഹെലികോപ്ടറിൽ കൊച്ചിയിലെത്തിച്ചു.

തിരുവനന്തപുരം: വേദന നിറഞ്ഞ കാലം കഴിഞ്ഞുപോയി, സംസ്ഥാന സർക്കാരിൻറെ അവയവദാന പദ്ധതിയായ മൃതസഞ്ജീവനി ചൊരിഞ്ഞു നൽകിയ പുതിയ ജീവിതവുമായി ദീപികമോൾ ആശുപത്രി വിട്ടു. ആലത്തൂർ ഇരട്ടക്കുളം കണ്ണാർകുളമ്പ് മണ്ണയംകാട് ഹൗസിൽ ഉണ്ണികൃഷ്ണന്‍റെ ഭാര്യ ദീപിക മോൾ (34) കഴിഞ്ഞ ഒരു വർഷമായി അക്ഷരാർത്ഥത്തിൽ വേദന തിന്നു ജീവിക്കുകയായിരുന്നു. 

കഴിഞ്ഞ വർഷം ആഗസ്റ്റ് മാസം മുതലാണ് ദീപികയ്ക്ക് രോഗത്തിന്‍റെ തുടക്കം. പെട്ടെന്നുണ്ടായ ഛർദിയും വയറിളക്കവുമാണ് രോഗലക്ഷണം. പാലക്കാട്ടെ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ കുടലുകൾ ഒട്ടിച്ചേർന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. വിദഗ്‌ധ ചികിത്സയ്ക്ക് കൊച്ചി അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലേയ്ക്കു മാറ്റി. അവിടെ നടന്ന ശസ്ത്രക്രിയയിൽ ചെറുകുടൽ മുറിച്ചുമാറ്റി. 

എന്നാലും ഛർദിയും വയറിളക്കവും തുടർന്നു. ഇതോടെയാണ് ചെറുകുടൽ മാറ്റി വയ്ക്കുകയാണ് പോംവഴിയെന്ന് ഡോക്ടർമാർ അറിയിച്ചത്. മൃതസഞ്ജീവനിയിൽ പേര് രജിസ്റ്റർ ചെയ്യാനും നിർദേശിച്ചു. പ്രതീക്ഷ കൈവിടാതെ ദീപികയും കുടുംബവും മൃതസഞ്ജീവനിയിൽ പൂർണമായി വിശ്വസിച്ച് നടപടികളുമായി മുന്നോട്ടു പോയി. 2020 ജൂലായ് മാസത്തിൽ ചെറു കുടൽ കിട്ടിയിട്ടുണ്ട് ഉടൻ ചികിത്സയ്ക്കെത്തണമെന്ന നിർദേശം ആശുപത്രിയിൽ നിന്നെത്തി.

മസ്തിഷ്ക മരണത്തെ തുടർന്ന് ഹൃദയമുൾപ്പെടെ ദാനം ചെയ്ത കൊല്ലം സ്വദേശിയായ യുവാവിന്‍റെ അവയവങ്ങൾക്കൊപ്പം ചെറുകുടലും ഹെലികോപ്ടറിൽ കൊച്ചിയിലെത്തിച്ചു. മുഖ്യമന്ത്രിയുടെയും ആരോഗ്യ വകുപ്പു മന്ത്രി കെ കെ ശൈലജ ടീച്ചറുടെയും ഓഫീസ് നടത്തിയ ഇടപെടലാണ് യഥാസമയം ശസ്ത്രക്രിയ നടത്താൻ കാരണമായത്. മൃതസഞ്ജീവനി സംസ്ഥാന നോഡൽ ഓഫീസർ ഡോ നോബിൾ ഗ്രേഷ്യസ് ഉൾപ്പെടെയുള്ളവർ വിശ്രമമില്ലാതെ നടത്തിയ ഏകോപനവും ഏറെ ശ്രദ്ധിക്കപ്പെട്ടു. 

ഒരു രാത്രി മുഴുവൻ നീണ്ട ശസ്ത്രക്രിയയ്ക്കൊടുവിൽ ചെറുകുടൽ ദീപിക മോൾക്ക് വച്ചുപിടിപ്പിക്കുകയായിരുന്നു. രാജ്യത്തെ വിവിധ ആശുപത്രികളിൽ ചെറുകുടൽ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടന്നിട്ടുണ്ടെങ്കിലും വിജയത്തിലെത്തുന്നത് ആദ്യത്തെ സംഭവമാണെന്ന് മൃതസഞ്ജീവനി അധികൃതർ അറിയിച്ചു. തനിയ്ക്ക് പുതുജീവിതം ലഭിക്കാൻ കാരണക്കാരായ സംസ്ഥാന സർക്കാരിനും ആരോഗ്യ വകുപ്പു മന്ത്രിയ്ക്കും മൃതസഞ്ജീവനിയ്ക്കും ആശുപത്രി അധികൃതർക്കും നന്ദിയറിയിച്ച് ദീപിക ശനിയാഴ്ച ആശുപത്രി വിട്ടു. തുടർ ചികിത്സയ്ക്കായി ആശുപത്രിയ്ക്കു സമീപമുള്ള വാടക വീട്ടിലേയ്ക്കാണ് പോയത്.
അഭിഷേക്, അനുശ്രീ എന്നിവർ മക്കളാണ്.

click me!