
ഇടുക്കി: കമ്പക്കാനം കൂട്ടക്കൊലപാതകത്തിൽ അന്വേഷണം പ്രദേശത്തെ ജോത്സ്യൻമാരിലേക്ക്. കൊലപാതക സംഘവുമായി ഇവർക്ക് ബന്ധമുണ്ടോ എന്നാണ് പരിശോധിക്കുന്നത്. കൊല്ലപ്പെട്ട കൃഷ്ണന്‍റെ മൊബൈൽ ഫോൺ രേഖകൾ പൊലീസ് പരിശോധിക്കുകയാണ്. കൃഷ്ണൻ ജ്യോത്സന്മാരുമായി ഫോണിൽ സംസാരിച്ചിരുന്നു. പൊലീസ് ഇവരെ വിളിച്ച് വരുത്തി ചോദ്യം ചെയ്തു.
കൊല്ലപ്പെട്ട കൃഷ്ണൻ നിരന്തരം ഫോണിൽ സംസാരിച്ചിരുന്നത് പ്രദേശത്തെ പൂജാരികളും ജ്യോത്സ്യൻമാരുമായിട്ടാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മന്ത്രവാദത്തിനായി എത്തുന്നവർക്ക് പ്രശ്നപരിഹാരം നിർദ്ദേശിച്ച് പൂജകൾക്കായി നെടുങ്കണ്ടത്തുള്ള പൂജാരികളുടെ അടുത്തേക്ക് കൃഷ്ണൻ അയച്ചിരുന്നു. മൊബൈൽ നമ്പർ വിശദാംശങ്ങൾ പരിശോധിച്ച് ഇവരെയെല്ലാം വിളിച്ച് വരുത്തി പൊലീസ് ചോദ്യം ചെയ്തു. ഇതിലൊരാൾ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിൽ എടുത്ത നെടുങ്കണ്ടം സ്വദേശി രാജുവിന്‍റെ ബന്ധുവാണ്. തിരുവന്തപുരത്ത് നിന്ന് കസ്റ്റഡിയിൽ എടുത്ത മൂന്ന് പേർക്കും രാജുവുമായി അടുപ്പമുണ്ടായിരുന്നുവെന്നാണ് സൂചന. നിധിയെടുക്കാൻ കൃഷ്ണനെ സമീപിച്ചവർക്ക് ഈ നാലുപേരുമായി ഏത് തരത്തിലുള്ള ബന്ധമാണുണ്ടായിരുന്നതെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.
നൂതന സാങ്കേതിക സംവിധാനമായ സ്പെക്ട്ര ഉപയോഗിച്ചാണ് മൊബൈൽ ഫോൺ വിളികൾ പൊലീസ് വിശകലനം ചെയ്യുന്നത്. കൊലപാതകം നടന്ന സ്ഥലത്തെ ടവറിലൂടെ പോയ ഫോൺകോളുകൾ വേഗത്തിൽ തരംതിരിക്കാൻ സ്പെക്ട്രയ്ക്ക് സാധിക്കും. കമ്പക്കാനത്ത് നിന്ന് ശേഖരിച്ച സിസിടിവി ദൃശ്യങ്ങളും അന്വേഷണത്തിൽ സഹായകരമാകുമെന്നാണ് പൊലീസിന്‍റെ പ്രതീക്ഷ.
മുണ്ടൻ മുടി കാനാട്ട് കൃഷ്ണൻ, ഭാര്യ സുശീല, മക്കളായ ആര്‍ഷ, ആദര്‍ശ് എന്നിവരുടെ മൃതദേഹങ്ങളാണ് ബുധാനാഴ്ച വീടിന് പിന്നിലെ കുഴിയില്‍ നിന്ന് കണ്ടെത്തിയത്. ആഭിചാരക്രിയകളെക്കുറിച്ചുള്ള തർക്കമെന്ന നിഗമനത്തിലാണ് പൊലീസ്. പ്രദേശത്ത് അടുത്തിടെ ഉണ്ടായ അസ്വഭാവിക മരണങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. ബന്ധുക്കളമായുള്ള സ്വത്ത് തർക്കവും അന്വേഷണ പരിധിയിലാണ്. ആദ്യഘട്ടത്തിൽ കൃഷ്ണന്‍റെയും കുടുംബാംഗങ്ങളുടെയും മൊബൈൽ ഫോൺ നമ്പറുകൾ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.
കഴിഞ്ഞ ദിവസങ്ങളിൽ കൃഷ്ണന്‍റെ വീട്ടിലെത്തിയവരെയും പൊലീസ് തെരയുന്നുണ്ട്. കൃഷ്ണൻ ആഭിചാരക്രിയകൾ നടത്തിയിരുന്നെന്ന് ആരോപണമുണ്ട്. ഇതുമായി ബന്ധപ്പെട്ട തകർക്കമാകാം കൊലപാതകത്തിന് പിന്നിലെന്ന സംശയത്തെ തുടർന്ന് ഇതേക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam