
കൊച്ചി: കൊച്ചിയിൽ കഴിഞ്ഞ മൂന്ന് വർഷമായി എല്ലാ ദിവസവും 10 പേർക്ക് സൗജന്യ ഉച്ചഭക്ഷണം നൽകുന്ന ഒരു ഹോട്ടലുണ്ട് കലൂരിൽ. അജ്ഞാതനായ ഒരാള്‍ നൽകുന്ന പണം കൊണ്ടാണ് പത്തു പേരുടെ വയറ് നിറയുന്നത്. എല്ലാ തിങ്കളാഴ്ചയും കൃത്യമായി പണം എത്തിക്കുന്ന വ്യക്തിയെ ഇന്നും ആർക്കുമറിയില്ല. 2019 ലെ കൊവിഡ് സമയത്താണ് കലൂർ അശോക റോഡിലുള്ള ഷംസുക്കാന്‍റെ ഹോട്ടലിലേക്ക് അജ്ഞാതന്‍റെ സഹായം ആദ്യമായെത്തുന്നത്.
കഴിഞ്ഞ 36 വർഷമായി ചായക്കട നടത്തുന്നുണ്ടെങ്കിലും ഇത്തരമൊരു സഹായം ആദ്യമായാണ് ലഭിക്കുന്നതെന്ന് ഹോട്ടലുടമ ഷംസു പറയുന്നു. കൊവിഡ് കാലത്ത് സുഹൃത്തായ സൂഹൈലിലുടെ അജ്ഞാതന്‍റെ സഹായം എത്തിയതോടെ ഷംസുക്കാന്‍റെ കടക്കുമുന്നിൽ ആ ബോർഡ് പ്രത്യക്ഷപ്പെട്ടു. '10 പേർക്ക് ദിവസേന സൗജന്യ ഉച്ചഭക്ഷണം'. കടക്കുമുന്നിൽ ഈ ബോർഡ് പ്രത്യക്ഷപ്പെട്ടിട്ട് ഇപ്പോൾ മൂന്ന് വർഷം കഴിഞ്ഞുവെന്ന് ഷംസു പറയുന്നു.
കളിക്കൂട്ടുകാരനായ സുഹൈൽ വഴിയാണ് സഹായമെത്തുന്നത്. സുഹൈൽ പണവുമായി എല്ലാ തിങ്കളാഴ്ചയെത്തും. മൂന്ന് വർഷം കഴിഞ്ഞുവെങ്കിലും പത്ത് പേർക്ക് സൗജന്യഭക്ഷണത്തിന് പണം തരുന്ന അജ്ഞാതൻ ആരാണെന്ന് ഇതുവരെ അറിയാൻ ശ്രമിച്ചിട്ടില്ല, ഇനി അറിയുകയും വേണ്ടെന്നാണ് ഷംസു പറയുന്നത്. ദിവസവും പത്ത് പേരുടെ വയറു മുടക്കമില്ലാതെ നിറയുന്നതിലാണ് സന്തോഷമെന്ന് ഹോട്ടലുടമ ഷംസു പറയുന്നു.
ഷംസുവും സഹോദരൻ നസീറും നടത്തുന്ന കടയിൽ ഉച്ചയൂണ് മാത്രമല്ല, രാവിലത്തെ ഭക്ഷണത്തിനൊപ്പം നൽകുന്ന കറികളും പഴം പുഴുങ്ങിയതുമെല്ലാം പണ്ടുമുതലേ സൗജന്യമാണ്. ഇതുകൊണ്ടൊക്കെയാവാം തന്നിലൂടെ മറ്റുള്ളവർക്ക് ഭക്ഷണം നൽകാൻ അജ്ഞാതൻ ഇവരെ തെരഞ്ഞെടുത്തതും. ഊരും പേരും അറിയാത്ത ആരോ ഒരാളുടെ സഹായത്തിൽ 10 പേർക്ക് നന്മയുടെ രുചി നിറയ്ക്കുകയാണ് കലൂരിലെ ഷംസുക്കാന്‍റെ ചായക്കട.
Read More : അപൂർവ്വ രോഗത്തിന്റെ പിടിയിൽ 10 വയസുകാരി, ശരീരത്തിലെ ഓക്സിജന്‍ അപകടകരമായ നിലയിൽ, രക്ഷയായി എസ്എടിയിലെ 'എക്‌മോ'
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam