
ദുബായ്: ചെങ്കടലിൽ ഹൂതികളുടെ ആക്രമണം രൂക്ഷം. യമനിലെ മുഴുവൻ ചെങ്കടൽ തീരപ്രദേശത്തിന്റെയും നിയന്ത്രണം ഹൂതികൾ ഏറ്റെടുത്തു. ചെങ്കടലിലെ ബാബ് അൽ മൻദബ് കടലിടുക്കിൽ കൂടുതൽ സ്വാധീനം ഉറപ്പിച്ച യെമനിലെ ഹൂതി വിമതർ മോക്കാ തുറമുഖത്തിന്റെ നിയന്ത്രണം പിടിച്ചടക്കിയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഘർഷം രൂക്ഷമായതോടെ ആഗോള ഇന്ധന വിലയിൽ വൻ വർധന. ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 108.23 ഡോളറായി ഉയർന്നു. ആഗോള ചരക്കു നീക്കത്തിൽ കൂടുതൽ പ്രതിസന്ധി സൃഷ്‌ടിക്കുന്നാണ് ഹൂതികളുടെ നീക്കം.
ഹോർമുസ് അടച്ചതിനെത്തുടർന്ന് ചെങ്കടൽ പാതയാണ് എണ്ണ ഉൽപ്പാദക വിതരണ രാജ്യങ്ങൾ ആശ്രയിക്കുന്നത്. സൗൗദിക്ക് എതിരായ ആക്രമണത്തിനൊപ്പം ചെങ്കടൽ പാതയിലെ പ്രധാന തുറമുഖ നഗരമായ മോഖ ഹൂത്തികൾ കഴിഞ്ഞ ദിവസം പിടിച്ചെടുത്തിരുന്നു. മറ്റൊരു പ്രധാന കപ്പൽ പാതയായ ബാബ് അൽ മന്ദബ് ഉൾപ്പെടുന്ന മേഖലയിലും ഹൂത്തികൾ സ്വാധീനം വർധിപ്പിക്കുന്നുണ്ട്. ഇതോടെ ക്രൂഡ് ഓയിൽ വില കുതിച്ചുകയറി. മെയ് 22ന് ശേഷം ആദ്യമായി ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 108.23 ഡോളറായി ഉയർന്നു. 7.1 ശതമാനത്തിന്‍റെ വർധനയാണിത്.
സംഘർഷം വ്യാപിക്കുമ്പോഴും വിട്ടുവീഴ്ചയ്ക്കില്ലെന്ന നിലപാടിലാണ് ഇറാൻ. അന്താരാഷ്ട്ര ആണവോർജ ഏജൻസി പാസാക്കിയ പ്രമേയം ആണവ നിർവ്യാപന കരാറിനെ ബാധിക്കും എന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. ഇറാനും സൗദിയും നയതന്ത്ര ശ്രമങ്ങൾ തുടരുന്നതിനിടെ ഒമാനിലെ ഖസബ് തീരത്തോട് ചേർന്ന് രണ്ടു കപ്പലുകൾ വീണ്ടും ആക്രമിക്കപ്പെട്ടു. നേരിട്ടുള്ള സൈനിക ഇടപെടൽ നടത്തിയില്ലെങ്കിലും ഹൂതികൾക്കെതിരായ സൗദിയുടെ നീക്കത്തിന് അമേരിക്ക പിന്തുണ നൽകുന്നതായും റിപ്പോർട്ടുകളുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam