
കൊച്ചി: ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മത്സരം നടക്കുന്നതിനാല്‍ മെട്രോ സര്‍വീസിന്റെ സമയം നീട്ടി. ജെഎല്‍എന്‍ മെട്രോ സ്റ്റേഷനില്‍ നിന്ന് ആലുവ ഭാഗത്തേക്കും എസ്എന്‍ ജംഗ്ഷനിലേക്കുമുള്ള അവസാന ട്രെയിന്‍ സര്‍വ്വീസ് രാത്രി 11:30നായിരിക്കും. പൊതുജനങ്ങള്‍ക്കും മത്സരം കണ്ട് മടങ്ങുന്നവര്‍ക്കും മെട്രോ സര്‍വ്വീസ് പ്രയോജനപ്പെടുത്താമെന്ന് കൊച്ചി മെട്രോ അറിയിച്ചു. രാത്രി പത്തുമണിക്ക് ശേഷം ടിക്കറ്റ് നിരക്കില്‍ 50 ശതമാനം കിഴിവുമുണ്ടെന്ന് മെട്രോ അധികൃതര്‍ പറഞ്ഞു.
കൊമ്പന്മാര്‍ കളത്തിലിറങ്ങുന്നത് കണക്ക് തീര്‍ക്കാന്‍ തന്നെ
ഐഎസ്എല്‍ പത്താം സീസണ് ഇന്ന് കൊച്ചിയില്‍ കിക്കോഫ്. ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ കേരള ബ്ലാസ്റ്റേഴ്‌സ് ചിരവൈരികളായ ബെംഗലൂരു എഫ്സിയെ നേരിടും. രാത്രി എട്ട് മണിക്കാണ് കളി തുടങ്ങുക. എല്ലാം പഴങ്കഥയെന്നാണ് വയ്പ്പ്. എന്നാല്‍ ഒന്നും മറന്നിട്ടില്ല കേരള ബ്ലാസ്റ്റേഴ്‌സും മഞ്ഞപ്പടയും. കണക്ക് തീര്‍ക്കാന്‍ തന്നെയാണ് കൊമ്പന്മാര്‍ കളത്തിലിറങ്ങുന്നത്.
പത്താം പതിപ്പിന്റെ പകിട്ടുമായെത്തുന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്, തുടങ്ങിവയ്ക്കാന്‍ ഇതിനേക്കാള്‍ മികച്ചൊരു മത്സരം കിട്ടാനില്ല. മൂന്ന് തവണ കയ്യെത്തും ദൂരത്ത് നഷ്ടമായ കിരീടം ഇത്തവണ നേടാന്‍ ഉറച്ച് തന്നെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുന്നത്. ടീമില്‍ അഴിച്ചുപണികള്‍ ആവോളം നടത്തിയിട്ടുണ്ട് കോച്ച് ഇവാന്‍ വുകോമനോവിച്ച്. കഴിഞ്ഞ തവണ, പരിക്കേറ്റവര്‍ക്ക് പകരക്കാരില്ലാതെ വീണുപോയ ക്ഷീണം ഇത്തവണയുണ്ടാവില്ല. പ്രതിരോധത്തില്‍ മാര്‍ക്കോ ലെസ്‌കോവിച്ചിന് കൂട്ടായി മിലോസ് ഡ്രിന്‍സിച്ചെത്തി. മോഹന്‍ബഗാനെ കിരീടത്തിലേക്ക് നയിച്ച ക്യാപ്റ്റന്‍ പ്രീതം കോട്ടാല്‍ ഇത്തവണ ബ്ലാസ്റ്റേഴ്‌സ് കോട്ട കാക്കാനുണ്ട്. മധ്യനിരയുടെ ചുക്കാന്‍ പിടിക്കുന്നതിനൊപ്പം ക്യാപ്റ്റന്റെ ഉത്തരവാദിത്വം കൂടി അഡ്രിയാന്‍ ലൂണയ്ക്കുണ്ട്. കൂട്ടിന് ജീക്‌സന്‍ സിംഗ്, ഡാനിഷ് ഫാറൂഖ് എന്നിവര്‍ കൂടി ചേരുമ്പോള്‍ മധ്യനിരയിലെ നീക്കങ്ങള്‍ ചടുലമാകും.
ഗോളടിയുടെ ഉത്തരവാദിത്വം ദിമിത്രിയോസ് ഡയമന്റക്കോസിലാണ്. കൂട്ടിന് ഘാന താരം ക്വാമി പെപ്രയും, ജപ്പാന്‍ താരം ദെയ്‌സുകി സകായുമുണ്ട്. മലയാളിയായ നിഹാല്‍ സുധീഷും, ബിദ്യാസിംഗ് സാഗറും കൂടി ചേരുമ്പോള്‍ അക്രമണത്തിന് ഒട്ടും കുറവുണ്ടാകില്ല. സസ്‌പെന്‍ഷന്‍ മൂലം തന്ത്രങ്ങളോതാന്‍ ഇവാന്‍ വുകോമനോവിച്ചിന് ഡഗ് ഔട്ടിലെത്താനാവില്ല. ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് കളിക്കുന്ന കെ.പി.രാഹുലിന്റെ സേവനവും ബ്ലാസ്റ്റേഴ്‌സിന് ഇന്നുണ്ടാവില്ല.
ഓണം ബംബർ; 25 കോടി അടിച്ച ഭാഗ്യശാലികൾ ടിക്കറ്റുമായി ഒന്നിച്ചെത്തി
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam