
കല്‍പ്പറ്റ: ജില്ലയിലെ വിവിധ ലാബുകളുടെ പേരില്‍ വ്യാജ ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചു നല്‍കിയ ഇന്റര്‍നെറ്റ് കഫേ ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തു. മാനന്തവാടി വ്യൂ ടവറില്‍ പ്രവര്‍ത്തിക്കുന്ന ഡോട്ട് കോം ഇന്റര്‍നെറ്റ് കഫേ ഉടമ അഞ്ചുകുന്ന് കണക്കശ്ശേരി റിയാസ് (33) ആണ് മാനന്തവാടി പിടിയിലായത്. ജില്ല പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഒരു വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചു നല്‍കുന്നതിന് 200 രൂപ മുതലായിരുന്നു ഈടാക്കിയിരുന്നത്. ഒട്ടേറെ പേര്‍ക്ക് ഇത്തരത്തില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചു നല്‍കിയതായാണ് പൊലീസിന്റെ ചോദ്യം ചെയ്യലില്‍ പ്രതി സമ്മതിച്ചു.
ബാര്‍കോഡ് ഉള്‍പ്പെടെ രേഖപ്പെടുത്തിയായിരുന്നു സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കിയിരുന്നത്. ഇതിനായി ഉപയോഗിച്ച കമ്പ്യൂട്ടറും പ്രിന്ററും അടക്കമുള്ള ഉപകരണങ്ങള്‍ പൊലീസ് പിടിച്ചെടുത്തു. കഫേ അടച്ചു പൂട്ടി സീല്‍ ചെയ്യുകയും ചെയ്തു. ഇതരസംസ്ഥാനങ്ങളിലേക്കെല്ലാം യാത്ര ചെയ്യണമെങ്കില്‍ കൊവിഡ് നെഗറ്റീവ് ആണെന്ന് കാണിക്കുന്ന ആര്‍ടിപിസിആര്‍ ഫലം നിര്‍ബന്ധമാക്കിയിരുന്നു. ഇത് മുതലെടുത്താണ് വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കി തുടങ്ങിയതെന്നാണ് പൊലീസ് കരുതുന്നത്.
കുട്ട, ബാവലി, തോല്‍പ്പെട്ടി ചെക്പോസ്റ്റുകള്‍ വഴി നിരവധി പേരാണ് ദിവസവും കര്‍ണാടകയിലേക്ക് യാത്ര ചെയ്യുന്നത്. എത്രപേര്‍ക്ക് വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചു നല്‍കിയിട്ടുണ്ടെന്ന കാര്യം പൊലീസ് അന്വേഷിക്കുകയാണ്. വ്യാജ സര്‍ട്ടിഫിക്കറ്റ് കഫേയില്‍ നിന്ന് വാങ്ങിയവര്‍ക്കെതിരെയും നടപടി വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam