
മൂന്നാർ: ആറു വർഷമായി സ്കൂട്ടറിൽ ലോകം ചുറ്റുന്ന ഇറ്റാലിയൻ യുവാവ് മൂന്നാറിലെത്തി. ഇറ്റലിയിലെ മിലാൻ സ്വദേശിയായ ഇലാരിയോ വെസ്പാൻഡ (33) ആണ് തൻ്റെ 1968 മോഡൽ ഇറ്റലിയൻ വെസ്പ സ്കൂട്ടറിൽ ഇന്നലെ മൂന്നാറിലെത്തിയത്. 2017 ജനുവരിയിലാണ് ഇലാരിയോ മിലാനിൽ നിന്നും യാത്രയാരംഭിച്ചത്. ജർമനി, ഫ്രാൻസ്, നോർവേ, സ്വീഡൻ തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങൾ, 40 ആഫ്രിക്കൻ രാജ്യങ്ങൾ, ഗൾഫ് രാജ്യങ്ങൾ എന്നിവ സന്ദർശിച്ച ശേഷം ബംഗ്ലാദേശ്, പാകിസ്ഥാൻ, വാഗാ അതിർത്തി വഴി മൂന്നു മാസം മുൻപാണ് ഇന്ത്യയിലെത്തിയത്. ഇതു വരെ 100 രാജ്യങ്ങൾ സന്ദർശിച്ചു.
സ്കൂട്ടറിൽ 1.9 ലക്ഷം കിലോമീറ്ററാണ് ഇതുവരെ യാത്ര ചെയ്തത്. ഒന്നര മാസം കൂടി ഇന്ത്യയിൽ സന്ദർശനം തുടരും. അതിനു ശേഷം നേപ്പാൾ, ചൈന വഴി യാത്ര തുടരും. 10 വർഷം കൊണ്ട് ലോകത്തെ മുഴുവൻ രാജ്യങ്ങളും സന്ദർശിക്കുകയാണ് ലക്ഷ്യമെന്ന് ഇലാരിയോ പറഞ്ഞു. ഓരോ പ്രദേശത്തേയും സ്ഥലങ്ങൾ സന്ദർശിക്കുന്നതിനൊപ്പം പ്രാദേശിക രുചികൾ ആസ്വദിക്കുന്നതിനും സമയം കണ്ടെത്തുമെന്നും ഇലാരിയോ പറഞ്ഞു. ഓരോ രാജ്യത്തു ചെല്ലുമ്പോഴും ആ രാജ്യത്തിൻ്റെ പേര് സ്കൂട്ടറിൽ എഴുതുന്നത് പതിവാണെന്നും തൻ്റെ സ്കൂട്ടറാണ് തൻ്റെ ഭാര്യയും കാമുകിയുമെന്നും അദേഹം പറഞ്ഞു.
ഇറ്റലിയിലെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ മിലാനിൽ സ്വന്തമായി ടൂറിസ്റ്റ് കോട്ടേജ് നടത്തുന്നതു വഴിയുള്ള വരുമാനം കൊണ്ടാണ് ലോകസഞ്ചാരം നടത്തുന്നത്. കൊവിഡ് കാലത്ത് ചില രാജ്യങ്ങളിൽ മാസങ്ങളോളം താമസിക്കേണ്ടി വന്നതൊഴിച്ചാൽ ആറു വർഷത്തെ യാത്രക്കിടയിൽ ഒരു ബുദ്ധിമുട്ടുകളും ഉണ്ടായിട്ടില്ലെന്ന് ഇലാരിയോ പറഞ്ഞു.
രാത്രി പ്രസവവേദന ആംബുലൻസ് ഓടിയെത്തി; ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ പെൺകുഞ്ഞിന് ജന്മംനൽകി യുവതി