പൊലീസ് കുറ്റക്കാരോ? ഇത്തരം വാഹനങ്ങൾ പിന്തുടന്ന് തടയണ്ടേ? അതല്ലേ പതിവ്; കാസർകോട് അപകടം ന്യായീകരിച്ച് മുൻ ഡിജിപി

Published : Aug 30, 2023, 07:07 PM IST
പൊലീസ് കുറ്റക്കാരോ? ഇത്തരം വാഹനങ്ങൾ പിന്തുടന്ന് തടയണ്ടേ? അതല്ലേ പതിവ്; കാസർകോട് അപകടം ന്യായീകരിച്ച് മുൻ ഡിജിപി

Synopsis

എല്ലാ രാജ്യങ്ങളിലും ഇതല്ലേ പതിവെന്നും ചൂണ്ടികാട്ടിയ ജേക്കബ് പുന്നൂസ്, കാസർകോട് ഉണ്ടായത് നിർഭാഗ്യകരമായ ദുരന്തമെന്നും അഭിപ്രായപ്പെട്ടു.

കാസർകോട്: കാസർകോട് കുമ്പളയിൽ ഫർഹാസിന്റെ മരണത്തിന് കാരണമായ അപകടത്തിൽ പൊലീസ് നടപടിയെ ന്യായീകരിച്ച് മുൻ ഡി ജി പി ജേക്കബ് പുന്നൂസ് രംഗത്ത്. നിർത്താതെ പോകുന്ന കാറുകളും ലൈസൻസില്ലാതെ കുട്ടികൾ ഓടിക്കുന്ന വണ്ടികളും പൊലിസ് പിന്തുടർന്ന് തടയേണ്ടതല്ലേയെന്നാണ് മുൻ ഡി ജി പി ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചത്. എല്ലാ രാജ്യങ്ങളിലും ഇതല്ലേ പതിവെന്നും ചൂണ്ടികാട്ടിയ ജേക്കബ് പുന്നൂസ്, കാസർകോട് ഉണ്ടായത് നിർഭാഗ്യകരമായ ദുരന്തമെന്നും അഭിപ്രായപ്പെട്ടു.

'ഫർഹാസിനെ പിന്തുടര്‍ന്ന പൊലീസുകാര്‍ മദ്യപിച്ചിരുന്നു, വാഹനാപകടത്തില്‍ കൊലക്കുറ്റത്തിന് കേസെടുക്കണം'

അതേസമയം  ഫർഹാസിന്റെ അപകട മരണത്തിൽ പ്രതിഷേധം കനത്തതോടെ പൊലീസ് ഉദ്യോ​ഗസ്ഥർക്കെതിരെ സർക്കാർ നടപടി സ്വീകരിച്ചിട്ടുണ്ട്. എസ് ഐ രജിത്, സിവിൽ പൊലീസ് ഓഫീസർമാരായ ദീപു, രഞ്ജിത്ത് എന്നിവരെ സ്ഥലം മാറ്റി. കാഞ്ഞങ്ങാട് ഹൈവേ പൊലീസിലേക്കാണ് ഇവരെ സ്ഥലം മാറ്റിയത്. മാറ്റി നിർത്തിയുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് ഉദ്യോ​ഗസ്ഥർക്ക് സ്ഥലമാറ്റമെന്നാണ് വിശദീകരണം.

അതിനിടെ സംഭവത്തിൽ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് ഫര്‍ഹാസിന്‍റെ ബന്ധുക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. പൊലീസിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും  സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നുമാണ് ബന്ധു റഫീഖ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. ഫര്‍ഹാസിനെ പിന്തുടർന്ന പൊലീസുകാർ മദ്യപിച്ചിരുന്നെന്നും ഫർഹാസും കാറിലുണ്ടായിരുന്ന സുഹൃത്തുക്കളും ഇക്കാര്യം പറഞ്ഞെന്നും കുറ്റക്കാരായ പൊലീസുകാരെ പിരിച്ച് വിടണമെന്നും ബന്ധു റഫീഖ് ആവശ്യപ്പെട്ടു.

അംഗടിമോഗർ ജി വി എച്ച് എസ് എസിലെ പ്ലസ് ടു വിദ്യാർഥിയായ ഫർഹാസും സുഹൃത്തുക്കളും സഞ്ചരിച്ച കാർ വെള്ളിയാഴ്ചയാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. ഗുരുതരമായി പരിക്കേറ്റ 17 വയസുകാരനായ ഫർഹാസ് മംഗ്ലൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. പൊലീസ് പിന്തുടർന്നതിനെ തുടർന്നാണ് അപകടമുണ്ടായതെന്ന് ആരോപിച്ച് ഫർഹാസിന്‍റെ കുടുംബം മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നൽകിയിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
click me!

Recommended Stories

പൊന്നാനിയിൽ അയ്യപ്പഭക്തർ സഞ്ചരിച്ച വാൻ ലോറിയിലിടിച്ച് ഒരു മരണം; മരിച്ചത് കർണാടക സ്വദേശി, 11 പേർക്ക് പരിക്ക്
'ഒരു രൂപ പോലും തൃശൂര്‍ എം.പി സുരേഷ് ​ഗോപി അനുവദിച്ചിട്ടില്ല, നൽകിയത് കത്ത് മാത്രം പറയുന്നത് പച്ചക്കള്ളം'; രൂക്ഷവിമർശനവുമായി മന്ത്രി ബിന്ദു