കോടതി വെറുതെ വിട്ടിട്ടും 521 ദിവസമായി ജയിലില്‍; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

Web Desk   | Asianet News
Published : Sep 23, 2020, 09:01 PM IST
കോടതി വെറുതെ വിട്ടിട്ടും 521 ദിവസമായി ജയിലില്‍; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

Synopsis

തെളിവില്ലാതെ കോടതി വിട്ടയച്ചെങ്കിലും ജോഷി ഒരു വലിയ ശിക്ഷാ കാലം അനുഭവിച്ചു. ജോഷിക്ക് ഭാര്യയും സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ മൂന്ന് മക്കളുമുണ്ട്.  

ആലപ്പുഴ: തിരഞ്ഞെടുപ്പു കമ്മിറ്റി ഓഫീസിന് തീയിട്ടെന്ന കേസില്‍ കോടതി വെറുതെവിട്ടയാള്‍ ജാമ്യമെടുക്കാന്‍ ആളില്ലാതെ 521 ദിവസമായി ജയിലില്‍ കഴിയുന്നത് എങ്ങനെയാണെന്ന് അന്വേഷിക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്. ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്കാണ് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം പി മോഹനദാസ് നിര്‍ദ്ദേശം നല്‍കിയത്. 

30 ദിവസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. 2019 ഏപ്രില്‍ 7 ന് ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍ മണ്ണഞ്ചേരി ഈസ്റ്റ് കമ്മിറ്റി ഓഫീസ് കത്തി നശിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനോട് 30 ദിവസത്തിനകം കമ്മീഷനില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ പൊലീസ് മേധാവി ആവശ്യപ്പെടണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. 

മണ്ണഞ്ചേരി ആറാം വാര്‍ഡ് കണ്ടത്തില്‍ വീട്ടില്‍ ജോഷിയെ (58) ജയില്‍ മോചിതനാക്കാന്‍ കോടതി ഉത്തരവിട്ടിട്ടും ജയിലില്‍ നിന്ന് വിട്ടയക്കാത്തത് സംബന്ധിച്ച് തിരുവനന്തപുരം സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് കമ്മീഷനില്‍ വിശദീകരണം നല്‍കണം. ജയില്‍ വിഭാഗം ഡിജിപിയും ഇക്കാര്യം വിശദീകരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. പത്ര വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. 

ഒക്ടോബര്‍ 17 ന് മാത്രമേ ജോഷിയെ ജയിലില്‍ നിന്ന് വിട്ടയക്കാന്‍ കഴിയുകയുള്ളുവെന്നാണ് ജയില്‍ അധികൃതര്‍ പറയുന്നത്. കോടതി ഉത്തരവ് തപാല്‍ മാര്‍ഗ്ഗം കിട്ടണമെന്നാണ് ജയില്‍ അധികൃതടെ നിലപാട്. അതേസമയം ഉത്തരവ് കോടതിയില്‍ നിന്ന് ഇ മെയില്‍ വഴി ലഭിച്ചിരുന്നു. 2019 ഏപ്രില്‍ 7 ന് മണ്ണഞ്ചേരി പാര്‍ട്ടി ഓഫീസ് കത്തിയ കേസിലാണ് ജോഷിയെ മണ്ണഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തത്. 

തെളിവില്ലാതെ കോടതി വിട്ടയച്ചെങ്കിലും ജോഷി ഒരു വലിയ ശിക്ഷാ കാലം അനുഭവിച്ചു. ജോഷിക്ക് ഭാര്യയും സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ മൂന്ന് മക്കളുമുണ്ട്. പണമില്ലാത്തതുകൊണ്ടാണ് വീട്ടുകാര്‍ക്ക് ജോഷിയെ ജാമ്യത്തിലിറക്കാന്‍ കഴിയാതിരുന്നത്. കെട്ടിട നിര്‍മ്മാണ തൊഴിലാളിയാണ് ഇയാള്‍. 

ജോഷിയുടെ കേസ് വാദിച്ചത് ലീഗല്‍ സര്‍വീസ് അതോറിറ്റി നിയോഗിച്ച അഭിഭാഷകനാണ്. കുറ്റത്തിന് കിട്ടാവുന്ന പരമാവധി ശിക്ഷയെക്കാള്‍ കൂടുതല്‍ ദിവസം ഒരാളെ ജയിലില്‍ കിടത്താന്‍ പാടില്ലെന്നാണ് നിയമമെന്ന് കമ്മീഷന്‍ ചൂണ്ടിക്കാണിച്ചു. അന്വേഷണ ഉദ്യോഗസ്ഥന്റെ ഭാഗത്ത് പിഴവുണ്ടെങ്കില്‍ നഷ്ടപരിഹാരം നല്‍കേണ്ടി വരുമെന്നും കമ്മീഷന്‍ ചൂണ്ടിക്കാണിച്ചു. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മലപ്പുറത്ത് കവുങ്ങിന് കുഴിയെടുത്തപ്പോള്‍ ഒന്നിന് മുകളില്‍ മറ്റൊന്നായി കൽക്കുടം, അകത്ത് മണ്ണ് മാത്രം, കണ്ടെത്തിയത് അപൂര്‍വ നന്നങ്ങാടി
കോൺഗ്രസിനെ തോൽപ്പിച്ച സിപിഐക്കാരനെ തേടി എത്തിയത് ബുദ്ധ സന്യാസി; അപൂർവ്വമായ ഈ സൗഹൃദത്തിന് 15 വർഷത്തെ പഴക്കം