'അച്ഛനില്ലാത്ത കുട്ടിയാണ്, ഒന്നിനും കുറവുണ്ടാകരുത്'; അഞ്ജുവിന്‍റെ വിവാഹം നടത്താൻ ജമാ അത്ത് പള്ളിക്കമ്മിറ്റി

By Web TeamFirst Published Jan 3, 2020, 9:55 PM IST
Highlights

വിവാഹത്തിന്റെ എല്ലാ ചെലവുമുൾപ്പെടെ ആഘോഷപൂർവ്വം നടത്തിത്തരാമെന്നാണ്. ക്ഷണക്കത്ത് മുതൽ ഭക്ഷണവും ആഭരണങ്ങളും ഉൾപ്പെടെ ഒരുക്കി വിവാഹം മം​ഗളമായി നടത്താനുള്ള തിരക്കിലാണ് കായംകുളം ചേരാവള്ളി മുസ്ലീം ജമാ അത്ത് കമ്മിറ്റി. 

കൊല്ലം: കായംകുളം സ്വദേശിനിയായ അഞ്ജുവിന് അച്ഛനില്ല. കഴിഞ്ഞ വർഷം ഹൃദയാഘാതം വന്നാണ് അഞ്ജുവിന്റെ അച്ഛൻ അശോകൻ മൂന്നുമക്കളെയും ഭാര്യ ബിന്ദുവിനെയും വിട്ടുപിരിഞ്ഞത്. മൂത്തമകളായ അഞ്ജുവിന്റെ വിവാഹം നടത്താൻ മറ്റ് വഴികളൊന്നുമില്ലാതെ വന്നപ്പോഴാണ് വീടിന് സമീപത്തുള്ള മുസ്ലീം ജമാ അത്ത് പള്ളിക്കമ്മറ്റിയെ ബിന്ദു സമീപിക്കുന്നത്. വിവാഹത്തിന് സഹായം നൽകാമെന്ന വെറുംവാക്കല്ല, പള്ളിക്കമ്മറ്റി അം​ഗങ്ങൾ പറഞ്ഞത്. വിവാഹത്തിന്റെ എല്ലാ ചെലവുമുൾപ്പെടെ ആഘോഷപൂർവ്വം നടത്തിത്തരാമെന്നാണ്. ക്ഷണക്കത്ത് മുതൽ ഭക്ഷണവും ആഭരണങ്ങളും ഉൾപ്പെടെ ഒരുക്കി വിവാഹം മം​ഗളമായി നടത്താനുള്ള തിരക്കിലാണ് കായംകുളം ചേരാവള്ളി മുസ്ലീം ജമാ അത്ത് കമ്മിറ്റി. അഞ്ജുവിന്റെ വിവാഹത്തിന്റെ അവസാന വട്ട ഒരുക്കങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ പ്രത്യേക ജനറൽ ബോഡി യോ​​ഗം ചേരാൻ തീരുമാനിച്ചിരിക്കുകയാണ് അം​ഗങ്ങൾ. 

പള്ളിക്കമ്മറ്റിയുടെ ലെറ്റർ പാഡിലാണ് പ്രത്യേക വിവാഹക്ഷണക്കത്ത് തയ്യാറാക്കിയിരിക്കുന്നത്. ബിന്ദുവിന്റെ ബന്ധുവായ ശരതാണ് വരൻ. ജനുവരി 19ന് ഞായറാഴ്ച പകല്‍ 11.30 നും 12.30 നും മധ്യേ പള്ളിക്ക് മുമ്പില്‍ ഒരുക്കിയ വേദിയില്‍ വെച്ച് ഹൈന്ദവ ആചാരങ്ങള്‍ പ്രകാരമാണ് വിവാഹം നടക്കുന്നത്. പത്ത് പവന്‍ സ്വര്‍ണാഭരണങ്ങളും വസ്ത്രങ്ങളും ഭക്ഷണവും തുടങ്ങി വിവാഹത്തിന് വേണ്ട മുഴുവന്‍ ചെലവുകളും പള്ളി കമ്മിറ്റിയാണ് വഹിക്കുന്നത്. വിവാഹ സമയത്ത് വേണ്ട പൂജാവിധികള്‍ക്ക് വേണ്ട ചെലവുകള്‍ ഉള്‍പ്പടെ എല്ലാം പള്ളി കമ്മിറ്റി വഹിക്കും. ഇതിന് പുറമെ വരന്റേയും വധുവിന്റേയും പേരില്‍ രണ്ട് ലക്ഷം രൂപ ബാങ്കില്‍ നിക്ഷേപിക്കുകയും ചെയ്യുമെന്ന് ചേരാവള്ളി മുസ്ലീം ജമാഅത്ത് കമ്മിറ്റി അറിയിച്ചു.

ബിന്ദു-അശോകൻ ദമ്പതികളുടെ  മൂത്ത മകളാണ് അഞ്ജു. അഞ്ജുവിന് താഴെ ഒരു പെണ്‍കുട്ടിയും ആണ്‍കുട്ടിയുമാണുള്ളത്. വിവാഹത്തില്‍ ആലപ്പുഴ എം പി ആരിഫ്, കായംകുളം എം എല്‍ എ യു പ്രതിഭ തുടങ്ങിയവര്‍ പങ്കെടുക്കും.

കടപ്പാട്: ന്യൂസ് 18

click me!