
നെടുങ്കണ്ടം: ഒത്തിരി കാലത്തിനു ശേഷമാണ് എന്‍റെ മക്കൾ മിഠായി കഴിക്കുന്നത്... ജനമൈത്രി പൊലീസ് വീട്ടിലെത്തിച്ച ആഹാര സാധനങ്ങളിൽ മധുര പലഹാരങ്ങൾ കണ്ടപ്പോൾ അറിയാതെ പ്രസന്ന പറഞ്ഞു പോയി. പൊലീസുകാരും അടുത്ത് നിന്നവരുടെയും കണ്ണുകള്‍ അറിയാതെ നിറഞ്ഞു പോയി. വീടിന്‍റെ ഏക ആശ്രയമായിരുന്ന മകളുടെ ഭർത്താവ് കാൻസർ ബാധിച്ചു മരിച്ചതോടെ കുട്ടികളെ പട്ടിണി കിടത്താതിരിക്കാൻ ഭിക്ഷാടനത്തിനിറങ്ങി മുത്തശ്ശിക്ക് സഹായവുമായാണ് ജനമൈത്രി പൊലീസ് എത്തിയത്.
വാടക വീട്ടില്‍ എത്തിയപ്പോള്‍ കണ്ണീരണിയിക്കുന്ന കാഴ്ചകളായിരുന്നു. ഈ മാസം ഒമ്പതിനാണ് പ്രസന്നയുടെ മകളായ നെടുങ്കണ്ടം പാലക്കുന്നേൽ സുനിതയുടെ ഭര്‍ത്താവ് ഭരത് മരണപ്പെടുന്നത്. ഇതോടെ സുനിതയും മക്കളായ ദിയ (അഞ്ച് വയസ്), ദിഷിത (ഒന്നര വയസ്), സുനിതയുടെ മാതാവ് പ്രസന്ന (60) എന്നിവര്‍ എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയായി. വാടക വീട്ടിൽ കഷ്ടപ്പെട്ടു ജീവിച്ചിരുന്ന കുടുംബം ഭരത്തിന്‍റെ മരണത്തോടെ പൂർണമായും ഇരുട്ടിലായി.
കയ്യിലുണ്ടായിരുന്നതെല്ലാം ചെലവഴിച്ചായിരുന്നു ഭരതിനെ ചികിത്സിച്ചത്. തയ്യൽ ജോലിക്കാരനായിരുന്ന ഭരത്തിനു കൊവിഡ് കാലത്താണു കാൻസർ കണ്ടെത്തിയത്. ഒട്ടേറെ പേരുടെ സഹായം ഉപയോഗിച്ചാണ് ഭരത്തിനെ ചികിത്സിച്ചത്. ഭരത് മരിച്ചതോടെ പറക്കമുറ്റാത്ത കുഞ്ഞുങ്ങൾക്ക് ഭക്ഷണം കൊടുക്കാൻ പോലും കഴിയാത്ത അവസ്ഥയിലായി സുനിത. പട്ടിണിയും സാമ്പത്തിക പരാധീനതകളും ഏറി വന്നതോടെ സുനിതയുടെ മാതാവ് പ്രസന്ന ആഴ്ചയിൽ ഒരു ദിവസം ഭിക്ഷാടനത്തിനിറങ്ങുകയായിരുന്നു.
ദിവസവും സുനിതയെയും കുഞ്ഞുങ്ങളെയും ഒറ്റയ്ക്കാക്കി പോകാനും കഴിയാത്തതിനാലാണ് ഒരു ദിവസം മാത്രം ഭിക്ഷാടത്തിനിറങ്ങുന്നതെന്ന് പ്രസന്ന പറയുന്നു. ഒരു ദിവസം ലഭിക്കുന്ന വരുമാനം ഉപയോഗിച്ച് ഒരാഴ്ചയോളം കഴിഞ്ഞുകൂടുമെന്നും പ്രസന്ന കണ്ണീരോടെ പറഞ്ഞു. പ്രസന്നയുടെ അവസ്ഥയറിഞ്ഞാണ് ജനമൈത്രി പൊലീസ് സഹായത്തിനെത്തിയത്. ഇതുവരെയുള്ള വാടക കുടിശികയും നെടുങ്കണ്ടം ജനമൈത്രി പൊലീസ് ഷാനു വാഹിദിന്റെ നേതൃത്വത്തിൽ കൈമാറി. ജീവിതം ഇനി എങ്ങനെ മുന്നോട്ട് തള്ളിനീക്കുമെന്ന ആശങ്കയിലാണ് സുനിതയും പ്രസന്നയും.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam