
മാന്നാർ: കാര്‍ഷികവൃത്തി ഉപജീവനമാക്കിയ കർഷകനായ ജനാർദ്ദനന്റെ ജൈവ ഏത്തവാഴ കൃഷിതോട്ടത്തിൽ വിളയുന്നത് നൂറ് മേനി. ചെന്നിത്തല തെക്കുംമുറി 18-ാം വാർഡിൽ കാരിക്കുഴി നാങ്കേരിപടീറ്റതില്‍ ജനാർദ്ദനൻ (76) ആണ് ഇക്കുറി ജൈവ ഏത്തവാഴകൃഷിയിൽ നൂറ് മേനി വിളവെടുത്തത്. 37 വർഷമായി കൃഷി ഉപജീവനമാക്കിയ ഈ കർഷകന് സ്വന്തമായി കൃഷി ഭൂമി ഇല്ലെങ്കിലും പഞ്ചായത്തിൻറെ വിവിധയിടങ്ങളിലായി നാലേക്കറിലധികം ജൈവ കൃഷി തോട്ടങ്ങൾ ഒരുക്കി പരിപാലിക്കുന്നുണ്ട്.
സ്വകാര്യ വ്യക്തിയായ പള്ളിപ്പാട് മൂലയിൽ തങ്കച്ചൻറെ രണ്ടേക്കർ കാട് കേറിയ പുരയിടം ജനാർദ്ദൻ പാട്ടത്തിനെടുത്ത് കൃഷിഭൂമിയാക്കി 2000 ഏത്തവാഴകളും, ഇരുനൂറ് ഞാലിപ്പൂവൻ, നൂറ്റമ്പത് പാളേൻ തോടൻ, അമ്പത് ടിഷ്യൂകൾച്ചർ വാഴകളും നട്ടു. ഇപ്പോൾ എല്ലാം വിളവെടുക്കാൻ പാകത്തിൽ കൃഷി ഭൂമിയിൽ തയ്യാറായി നിൽക്കുകയാണ്. മലപ്പള്ളിയിലുള്ള സ്വകാര്യ വ്യക്തിയിൽ നിന്നാണ് വാഴവിത്തുകൾ സംഘടിപ്പിച്ചത്. ഒരു മൂട്ടിൽ രണ്ട് വാഴ തൈകൾ നട്ട് തൈകൾ വളരുന്നതനുസരിച്ച് മുളകൾ, കാറ്റാടി കമ്പുകൾ എന്നിവ കെട്ടി എത്തം കൊടുത്ത് ഇവയെ സംരക്ഷിക്കുന്നു. ഇങ്ങനെ സംരക്ഷിക്കുന്ന വാഴകൾ കാറ്റത്ത് വീഴാറില്ലെന്നും കഴിഞ്ഞ വർഷമുണ്ടായ പ്രകൃതിക്ഷോഭത്തിൽ വാഴ കൃഷികൾ നിലംപൊത്തിയതിനെ തുടർന്നാണ് ഇങ്ങനെയൊരു കൃഷി പരിപാലനം പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയതെതെന്നും ഇയാൾ പറഞ്ഞു. കൃഷിക്ക് തുടക്കം കുറിച്ചത് വെള്ളരി കൃഷിയിലൂടെയാണ്.
ലാഭ നഷ്ടങ്ങളുടെ കണക്കെടുപ്പ് നടത്താതെയാണ് കൃഷിയുമായി മുന്നോട്ട് പോകുന്നത്. ചെറുപ്പത്തിലെ കമ്യൂണിസ്റ്റ് ആശയങ്ങളിൽ ആകൃഷ്ടനായ ജനാർദ്ദനനെ അന്നത്തെ ഭൂവുടമകൾ ജോലി ചെയ്യിക്കാൻ തയ്യാറായില്ല. സമീപത്തുള്ള അച്ചൻകോവിലാറ്റിൽ നിന്നും പിടിക്കുന്ന മത്സ്യങ്ങൾ വിറ്റാണ് കുടുംബത്തെ പോറ്റിയത്. വീടിനു സമീപത്തുള്ള സുഹൃത്തുമായി ചേർന്ന് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ 100 മുട് വെള്ളരിയിട്ട് പച്ചക്കറി കൃഷിക്ക് തുടക്കമിട്ടു. മുളവന്ന് ഇലകൾ വിടർന്നെങ്കിലും മഴവെള്ളം കയറി എല്ലാം നശിച്ചു. അഴുകാതെ കിടന്ന വെള്ളരിയിലകൾ നിവർത്തി ചാണകമിട്ട് സംരക്ഷിച്ച് ചുറ്റും തടം കെട്ടി പരിപാലിച്ചു. ആറ് കിലോ കായ്കളാണ് വിളവെടുത്തത്. അതോടെ ജനാർദ്ദനൻ സജീവമായി പച്ചക്കറി കൃഷിയിലേക്ക് തിരിഞ്ഞു. കണ്ണന്നൂർ ക്ഷേത്രം വക ഒന്നര ഏക്കർ കാട് കേറിയ പുരയിടം വെട്ടി തെളിച്ച് കൃഷിഭൂമിയാക്കിയിടത്ത് 1000 മൂട് കപ്പയും, മുന്നൂറ് മൂട് വെള്ളരി, വഴുതനം എന്നീ കൃഷികളും, കണ്ണന്നൂർ ദേവീ സദനത്തിൽ ഒരേക്കറിലെ പുരയിടത്തിൽ പയർ, പാവൽ, വെണ്ട, പടവലം എന്നീ കൃഷികളുടെ പരിപാലനവും നടത്തുന്നുണ്ട്. കൂടാതെ ചേന, ചേമ്പ് കാച്ചിൽ, ഇഞ്ചി, മഞ്ഞൾ, കൂർക്ക, കോവൽ, ചീര, പച്ചമുളക് എന്നീ കൃഷികളും നടത്തുന്നു. കാർഷിക സർവകലാശാല, കൃഷ്ണപുരം തോട്ടവിള ഗവേഷണ കേന്ദ്രം എന്നിവിടങ്ങളിൽ നിന്നാണ് വിത്തുകൾ വരുത്തുന്നത്. കൃഷിയിടങ്ങളിൽ മുളകൾ, കാറ്റാടി കമ്പ്, കയർ എന്നിവയിൽ വലിയ പന്തൽ തീർത്ത് നാല് വശങ്ങളിലും പടക്കങ്ങൾ വലിച്ച് കെട്ടിപൊട്ടിച്ചും, പന്തലിൻറെ ഭാഗങ്ങളിൽ കണ്ണാടികൾ സ്ഥാപിച്ച് ഇതിൽ നിന്നും വരുന്ന സൂര്യ പ്രകാശം നാലുപാടും പരത്തി പക്ഷികളെ അകറ്റിയും കൃഷിയെ സംരക്ഷിക്കുന്നു. ചാണകം, കോഴി കാഷ്ടം ഉൾപ്പെടെയുള്ള ജൈവവള പ്രയോഗവും, നാടൻ പശുവിൻറെ ഗോമൂത്രവുമാണ് കൃഷിക്ക് ഉപയോഗിക്കുന്നത്. ജനാർദ്ദനൻ്റെ കൃഷി പരിപാലനം കണ്ടറിഞ്ഞ എസ് ബി ഐ ചെന്നിത്തല ശാഖ കൃഷിക്ക് വായ്പയും നൽകി.
കാലാവസ്ഥ ഏതായാലും പുലർച്ചെ മുതൽ വൈകുന്നേരം വരെ കൃഷിയിടങ്ങളിൽ അദ്ധ്വാനവുമായി നടക്കുന്ന ജനാർദ്ദനന് കൃഷിഭ്രാന്തനെന്നാണ് നാട്ടുകാരുടെ ഇടയിലുള്ള വിശേഷണം. വിവിധയിടങ്ങളിലെ കൃഷി പരിപാലനത്തിന് സൈക്കിളിലാണ് സഞ്ചരിക്കുന്നത്. വിളവെടുക്കുന്ന പച്ചക്കറികൾ നാല് പഞ്ചായത്തുകളിലെ കൃഷിക്കാരുടെ സംയുക്ത സംരംഭമായ വിപണിയിലൂടെയാണ് വിറ്റഴിക്കുന്നത്. മണ്ണറിഞ്ഞ് കൃഷി ചെയ്യുന്ന തനിക്ക് ആത്മസംതൃപ്തമായ ജീവിതമാണ് പ്രകൃതി സമ്മാനിക്കുന്നതെന്ന് ജനാർദ്ദനൻ പറഞ്ഞു. കൃഷി പരിപാലനത്തിന് സഹായിയായി ഭാര്യ ഗോമതിയും ഒപ്പമുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam