
ഇടുക്കി: പശ്ചിമഘട്ടത്തെ തൊട്ടറിയാന്‍ ജപ്പാനില്‍ നിന്നും ശാസ്ത്രഞന്‍മാര്‍ എത്തി. മലനിരകളില്‍ വളരുന്ന കാട്ടുചെടികളെ കുറിച്ച് പഠനം നടത്തുന്നതിനാണ് പതിനഞ്ചു പേരടങ്ങുന്ന സംഘം മൂന്നാറിലെത്തിയത്. വ്യാഴാചയെത്തിയ സംഘം ഇരവികുളം, വട്ടവട, ടോപ് സ്റ്റേഷന്‍, എല്ലപ്പെട്ടി, എന്നിവടങ്ങളിലും, സമീപ പ്രദേശങ്ങളിലെ ചോലവനങ്ങളും സന്ദര്‍ശിച്ച് കാട്ടുചെടികള്‍, പൂക്കള്‍ എന്നിവയെ കുറിച്ച് പഠനം നടത്തുകയും ചിത്രങ്ങള്‍ കാമറകളില്‍ പകര്‍ത്തുകയും ചെയ്തു.
തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍ എന്നിവരില്‍ നിന്നും ചെടികളെയും പൂക്കളെയും കുറിച്ച് ചോദിച്ചറിഞ്ഞു. മൂന്നാര്‍ മലനിരകളില്‍ 20 തരം നീലക്കുറിഞ്ഞികള്‍ കണ്ടെത്തിയതായി സംഘത്തലവന്‍ സറ്റോകോ മാറ്റ്‌സുമാട്ടോ പറഞ്ഞു. പശ്ചിമഘട്ടത്തില്‍ കണ്ടെത്തിയ കാട്ടു പൂക്കളില്‍ ഏറ്റവും മനോഹരം നീലക്കുറിഞ്ഞിയാണെന്നും സംഘം പറഞ്ഞു. ജില്ലയില്‍ ഉടനീളം ചുറ്റിനടന്ന് മലനിരകള്‍ സന്ദര്‍ശിച്ച് കാട്ടുച്ചെടികള്‍ കണ്ടെത്തി പരിശോധന നടത്തും.
ജില്ലയുടെ ആര്‍ച്ച് ഡാം സ്ഥിതിചെയ്യുന്ന ഇടുക്കി ജലാശയത്തിന് സമീപത്ത് ഇത്തരം അപൂര്‍വ്വമായ ചെടികള്‍ വളരുന്നതായും സംഘം പറയുന്നു. ഇടുക്കിയുടെ മണ്ണില്‍ ഔഷധ ഗുണമുള്ള നിരവധി ആയുര്‍വേദ ചെടികള്‍ കണ്ടെത്തുകയാണ് ഇവരുടെ ലക്ഷ്യം. ഇത്തരം ചെടികളില്‍ നിന്നും മനുഷ്യന് ആവശ്യമായ മരുന്നുകളും മറ്റും കണ്ടെത്തുന്നതിനും സംഘം ശ്രമിക്കുന്നുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam