
മലപ്പുറം: മഴ കനത്തതോടെ മലപ്പുറം ജില്ലയിലെ കാളികാവ് മേഖലയില്‍ മഞ്ഞപ്പിത്തം പടരുന്നു. കാളികാവ് ഗ്രാമപഞ്ചായത്തിലെ പുറ്റംകുന്ന്, പള്ളിക്കുന്ന്, കുറുപൊയില്‍, കല്ലംകുന്ന് എന്നിവിടങ്ങളിലാണ് മഞ്ഞപ്പിത്തം പടരുന്നതായി സ്ഥിരീകരിച്ചത്. ഒരു കിലോമീറ്ററിനുള്ളില്‍ ഒമ്പത് പേര്‍ക്ക് രോഗബാധയുള്ളതായി ആരോഗ്യ വകുപ്പ് അറിയിച്ചു.
പുറ്റംകുന്നിലെ അഞ്ചു കുട്ടികള്‍ക്കും പള്ളിക്കുന്നിലെ രണ്ട് കുട്ടികള്‍ക്കും കല്ലംകുന്നിലെ ഒരു കുട്ടിക്കുമാണ് രോഗം ബാധിച്ചിട്ടുള്ളത്. ഇതിനു പുറമെ കുറൂപൊയിലിലെ ഒരാൾക്കും രോഗം ബാധിച്ചെന്നാണ് ആരോഗ്യ വകുപ്പിന്‍റെ റിപ്പോർട്ട്. സ്വകാര്യ ആശുപത്രികളിലും നാട്ടുവൈദ്യ ചികിത്സക്ക് വിധേയരായവരും വേറെയുമുണ്ട്.
താഴെ പുറ്റമണ്ണയിലെ ഗ്രൗണ്ടില്‍ ഗ്രൗണ്ടില്‍ കളിച്ച പുറ്റംകുന്നിലെ അഞ്ച് കുട്ടികള്‍ക്കും പള്ളിക്കുന്നിലെ രണ്ട് കുട്ടികള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ആരോഗ്യ വകുപ്പിന്‍റെ അന്വേഷണത്തില്‍ രോഗവ്യാപനത്തിന്‍റെ ഉറവിടം കണ്ടെത്താനായിട്ടില്ല. സമീപത്തെ കിണറുകളിലെ വെള്ളം പരിശോധനയ്ക്കായി അയിച്ചിട്ടുണ്ട്. മേഖലയില്‍ ആരോഗ്യ വകുപ്പിന്‍റെ പ്രതിരോധ ബോധവത്കരണ നടപടികള്‍ ഊര്‍ജിതമാക്കി.
മഞ്ഞപ്പിത്ത രോഗാണു ശരീരത്തില്‍ പ്രവേശിച്ച് രോഗലക്ഷണങ്ങള്‍ പ്രകടമാകാന്‍ 15 മുതല്‍ 50 ദിവസം വരെ എടുക്കും എന്നതിനാല്‍ രോഗബാധയുണ്ടായ പ്രദേശങ്ങളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ 50 ദിവസത്തേക്ക് തുടരുമെന്ന് അധികൃതര്‍ പറഞ്ഞു. ആഹാരം പങ്കിടുന്നതിലൂടെയും രോഗബാധിതര്‍ ഉപയോഗിക്കുന്ന ശുചിമുറി, കഴിക്കുന്ന പാത്രം പോലെയുള്ളവ പങ്കിട്ട് ഉപയോഗിക്കുന്നതിലൂടെയും രോഗം മറ്റുള്ളവരിലേക്ക് പകരാന്‍ സാധ്യതയുണ്ട്. രോഗബാധിതര്‍ ആഹാരം പാചകം ചെയ്യുന്നതും വിളമ്പുന്നതും പൊതുചടങ്ങുകളില്‍ പങ്കെടുക്കുന്നതും ഒഴിവാക്കുന്നത് രോഗവ്യാപനം തടയാന്‍ സഹായകമാകുമെന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam