
തിരുവന്തപുരം: തിരുവന്തപുരം നഗരത്തില്‍ ദുരിത ജീവിതം നയിച്ച ജയയുടെയും നാലുമക്കളുടെയും വാര്‍ത്ത ഏഷ്യാനെറ്റ്ന്യൂസ് പുറത്തെത്തിച്ചതോടെ ഇവരുടെ ജീവിതം തന്നെ മാറിമറിഞ്ഞു. വാര്‍ത്ത വന്ന ദിവസം തന്നെ റേഷന്‍ കാര്‍ഡ് കിട്ടിയതിന് പിന്നാലെ പ്രേക്ഷകര്‍ 20 ലക്ഷം രൂപയാണ് ഇവരുടെ അക്കൗണ്ടിലേക്ക് കൈമാറിയത്. റെഡിമെയ്ഡ് കടയ്ക്കൊപ്പം ടൈലറിംഗും ഇസ്തിരിയിടലും തുടങ്ങിയതോടെ ജയ ഇന്ന് മക്കളെ പട്ടിണി കൂടാതെ വളര്‍ത്തുകയാണ്. ഏഷ്യാനെറ്റ്ന്യൂസ് ഇംപാക്ട്
അഞ്ചുമാസം മുമ്പ് സപ്തംബര്‍ നാലിന് രാവിലെയായിരുന്നു ഏഷ്യാനെറ്റ്ന്യൂസിന്‍റെ നമസ്തേ കേരളത്തിലൂടെ ഇവരുടെ ജീവിത ദുരിതം പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. വാര്‍ത്ത വന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ നിരവധി പേര്‍ ഭക്ഷണ സാധനങ്ങളും കുട്ടികള്‍ക്കുള്ള വസ്ത്രങ്ങളുമായി വീട്ടിലെത്തി. അവധി ദിവസമായിട്ട് കൂടി ഉണര്‍ന്ന് പ്രവര്‍ത്തിച്ച പൊതുവിതരണ വകുപ്പ് വൈകുന്നേരത്തിന് മുമ്പ് റേഷന്‍ കാര്‍ഡ് വീട്ടിലെത്തിച്ച് നല്‍കിയിരുന്നു.
പലപ്പോഴും പട്ടിണിയിലായ കുട്ടികളുടെ ദുരിത ജീവിതം കണ്ടതോടെ ജയയുടെ യൂണിയന്‍ ബാങ്കിലെ അക്കൗണ്ടിലേക്ക് നിരവധി പേര്‍ അവര്‍ക്കാകും വിധം സഹായിച്ചു. ഇരുപത് ലക്ഷം രൂപയാണ് കിട്ടിയത്. നാല് ലക്ഷം വീതം കുട്ടികള്‍ക്ക് പ്രായപൂര്‍ത്തിയാകും വരെ ഇതേ ബാങ്കില്‍ സ്ഥിര നിക്ഷേപമാക്കി. ബാക്കി പണം ജയയുടെ പേരിലും. ജയയുടെ വീട്ടിലെത്തിയ ബാങ്ക് മാനേജര്‍ അബീഷ് സ്ഥിര നിക്ഷേപത്തിന്‍റെ രസീതുകള്‍ കൈമാറി.
ഇതിനിടെ ജയയും മക്കളും കുറച്ചുകൂടി അടച്ചുറപ്പുള്ള വാടകവീട്ടിലേക്ക് താമസം മാറിയിരുന്നു. വരുമാനത്തിനായി റെഡിമെയ്ഡ് വസ്ത്രങ്ങള്‍ വില്‍ക്കുന്ന കട തുടങ്ങി. ടൈലറിങ്ങും ഇസ്തിരിക്കടയും ഇതിനൊപ്പം തുടങ്ങിയതോടെ ഒരു വരുമാനവുമായി. കിട്ടുന്ന സമയത്ത് ജയ വീട്ടുജോലിക്കും പോകുന്നുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam