'ആകാശം സ്വപ്നം കണ്ടു; കേരളത്തിലെ തീരദേശത്ത് നിന്നും ആദ്യ വനിതാ പൈലറ്റായി ജെനി, സ്വന്തം നാട്ടില്‍ പറന്നിറങ്ങും

By Web TeamFirst Published May 22, 2021, 5:51 PM IST
Highlights

തീരദേശ ഗ്രാമമായ കൊച്ചുതുറയിൽ നിന്നുള്ള ജെനിയുടെ എട്ടാം ക്ലാസ് മുതലുള്ള പൈലറ്റ് ആകണമെന്ന് മോഹമാണ്  പൂവണിയുന്നത്. 

തിരുവനന്തപുരം: തിരുവനന്തപുരത്തെ തീരദേശത്ത് നിന്നും ആദ്യ വനിതാ പൈലറ്റായി ജെനി ജെറോം തിരുവനന്തപുരത്തേക്ക് പറന്നിറങ്ങും. ഇന്നു രാത്രി 10.25 നു ഷാർജയിൽ നിന്ന് തിരുവനന്തപുരത്തേക്കു തിരിക്കുന്ന എയർ അറേബ്യ വിമാനം സഹ‌പൈലറ്റായി വിമാനം നിയന്ത്രിക്കുന്നത് തിരുവനന്തപുരത്ത് നിന്നുള്ള 23കാരിയായ ജെനി ജെറോം ആണ്. 

തീരദേശ ഗ്രാമമായ കൊച്ചുതുറയിൽ നിന്നുള്ള ജെനിയുടെ എട്ടാം ക്ലാസ് മുതലുള്ള പൈലറ്റ് ആകണമെന്ന് മോഹമാണ് ഇതിലൂടെ പൂവണിയുന്നത്. തിരുവനന്തപുരത്തെ തീരദേശമേഖലയില്‍ നിന്നുള്ള ആദ്യത്തെ വനിതാ കൊമേർഷ്യൽ പൈലറ്റ് എന്ന നേട്ടം കൂടി ജെനിയെ തേടി എത്തുകയാണ്. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ എനിക്ക് വിമാനം പറത്തിച്ചൂടെ എന്ന ജെനിയുടെ ചോദ്യത്തിന് പിതാവ് ജെറോം തുണയായി. 

പ്ലസ് ടൂ പഠനത്തിന് ശേഷം ഷാർജയിലെ ആൽഫ ഏവിയേഷൻ അക്കാദമിയിൽ പ്രവേശനം ലഭിച്ച ജെനി തന്റെ സ്വപ്നത്തിന് ചിറക്ക് വിരിയിക്കുകയായിരുന്നു. ഞായറാഴ്ച പുലർച്ചെ 4 മണിയോടെ വിമാനം തിരുവനന്തപുരത്ത് എത്തിച്ചേരും. സോഷ്യൽ മീഡിയ മുഴുവൻ ഇപ്പൊ ജെനിക്ക് കൈയടിക്കുകയാണ്. തിരുവനന്തപുരത്തേക്കു തിരിക്കുന്ന എയർ അറേബ്യ വിമാനം അറബിക്കടലിനു മുകളിലൂടെ പറക്കുമ്പോൾ കേരളത്തിലെ തീരദേശമേഖയ്ക്കും തീരദേശമേഖലയുടെ പെണ്മയ്ക്കും ഒരു ചരിത്രനേട്ടം കൂടിയായി മാറും.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!