മര്‍ച്ചന്റ് നേവിയിലെ ഉയര്‍ന്ന ശമ്പള ജോലി; പിന്നാലെ അഞ്ച് ലക്ഷം രൂപയുടെ തട്ടിപ്പ് ഏലംകുളം സ്വദേശി അറസ്റ്റില്‍

Published : Oct 02, 2026, 08:22 PM IST
job fraud

Synopsis

മൈസൂരില്‍ പ്രതിയുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിച്ചിരുന്ന ഭരത് ഗ്രൂപ്പ് ഓഫ് ഇന്ത്യ എന്ന സ്ഥാപനത്തെ കേന്ദ്രീകരിച്ചായിരുന്നു തട്ടിപ്പ് നടന്നതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.

മലപ്പുറം: മര്‍ച്ചന്റ് നേവിയില്‍ ഉയര്‍ന്ന ശമ്പളമുള്ള ജോലി ലഭിക്കുമെന്ന പ്രതീക്ഷ നല്‍കി ഉദ്യോഗാര്‍ഥികളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്തെന്ന കേസില്‍ ഏലംകുളം സ്വദേശി അറസ്റ്റില്‍. പെരിന്തല്‍മണ്ണ ഏലംകുളം കൊലോത്തൊടി സ്വദേശി മുഹമ്മദ് അബ്ദുല്‍ മുബീന്‍ (38) ആണ് പൊന്നാനി പൊലീസിന്റെ പിടിയിലായത്. പൊന്നാനി സ്വദേശിയായ യുവാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. മൈസൂരില്‍ പ്രതിയുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിച്ചിരുന്ന ഭരത് ഗ്രൂപ്പ് ഓഫ് ഇന്ത്യ എന്ന സ്ഥാപനത്തെ കേന്ദ്രീകരിച്ചായിരുന്നു തട്ടിപ്പ് നടന്നതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. മര്‍ച്ചന്റ് നേവിയില്‍ ജോലി നേടുന്നതിനാവശ്യമായ വിവിധ കോഴ്സുകള്‍ സ്ഥാപനത്തില്‍ പഠിപ്പിക്കുമെന്നും തുടര്‍ന്ന് പ്രമുഖ ഷിപ്പിങ് കമ്പനികളില്‍ ഉയര്‍ന്ന ശമ്പളത്തില്‍ ജോലി ലഭ്യമാക്കുമെന്നും വാഗ്ദാനം ചെയ്താണ് ഉദ്യോഗാര്‍ഥികളെ സ്ഥാപനത്തിലേക്ക് ആകര്‍ഷിച്ചിരുന്നത്.

വിദേശത്ത് ജോലി നേടാനുള്ള അവസരം തേടിയെത്തുന്ന യുവാക്കളെയാണ് പ്രധാനമായും ലക്ഷ്യമിട്ടിരുന്നതെന്നാണ് വിവരം. മര്‍ച്ചന്റ് നേവിയുമായി ബന്ധപ്പെട്ട പരിശീലനവും ജോലി നിയമനവും സംബന്ധിച്ച് ആകര്‍ഷകമായ വാഗ്ദാനങ്ങള്‍ നല്‍കിയതിനു പിന്നാലെ ഉദ്യോഗാര്‍ഥികളില്‍നിന്ന് വലിയ തുക ഫീസായും നിയമനച്ചെലവായും ഈടാക്കിയെന്നാണ് പരാതി. എന്നാല്‍ സ്ഥാപനത്തില്‍ നടത്തിവന്നിരുന്ന കോഴ്സുകള്‍ക്ക് ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിങ്ങിന്റെ ആവശ്യമായ അംഗീകാരം ഉണ്ടായിരുന്നില്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. അംഗീകൃത പരിശീലന സ്ഥാപനമെന്ന പ്രതീതി സൃഷ്ടിച്ചാണ് ഉദ്യോഗാര്‍ഥികളില്‍നിന്ന് പണം വാങ്ങിയതെന്നാണ് പൊലീസ് പറയുന്നത്. പരാതിക്കാരനെ വിദേശ ഷിപ്പിങ് കമ്പനികളിലും അല്‍ബേനിയയിലും ജോലി ലഭ്യമാക്കാമെന്ന് വിശ്വസിപ്പിച്ചാണ് അഞ്ച് ലക്ഷം രൂപ കൈപ്പറ്റിയതെന്നാണ് കേസ്. പണം നല്‍കിയ ശേഷവും വാഗ്ദാനം ചെയ്ത ജോലി ലഭിക്കാതിരുന്നതിനെ തുടര്‍ന്നാണ് യുവാവ് പൊലീസില്‍ പരാതി നല്‍കിയത്.

മര്‍ച്ചന്റ് നേവിയില്‍ ജോലി ലഭിക്കാനുള്ള കോഴ്സുകളും വിദേശ നിയമനവും ഒരുമിച്ച് വാഗ്ദാനം ചെയ്തതാണ് ഉദ്യോഗാര്‍ഥികളെ ആകര്‍ഷിക്കാന്‍ ഉപയോഗിച്ചിരുന്നതെന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്. ജോലി ഉറപ്പാണെന്ന രീതിയിലുള്ള വാഗ്ദാനങ്ങളാണ് ഉദ്യോഗാര്‍ഥികള്‍ക്ക് നല്‍കിയിരുന്നതെന്നും പൊലീസ് പറയുന്നു. അതേസമയം അബ്ദുല്‍ മുബീനെതിരെ പെരിന്തല്‍മണ്ണ പൊലീസ് സ്റ്റേഷനിലും വിസ തട്ടിപ്പുമായി ബന്ധപ്പെട്ട കേസ് നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു. സമാന രീതിയില്‍ കൂടുതല്‍ പേരില്‍നിന്ന് പണം കൈപ്പറ്റിയിട്ടുണ്ടോയെന്നും ഇയാളുടെ സ്ഥാപനവുമായി ബന്ധപ്പെട്ട് കൂടുതല്‍ പരാതികളുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. പൊന്നാനി പൊലീസ് സ്റ്റേഷന്‍ എസ്.ഐ എം.വി. ജിഷ്ണുവിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കേസില്‍ കൂടുതല്‍ അന്വേഷണം തുടരുകയാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പരോളിലിറങ്ങി മുങ്ങിയ കൊലക്കേസ് പ്രതി പിടിയിൽ; വലയിലായത് 13 വർഷത്തിന് ശേഷം
'അച്ഛാ, റെഡിയല്ലേ?'; സ്റ്റിയറിങ്ങില്‍ മകന്‍, ബെല്ലില്‍ അച്ഛന്‍; ആനവണ്ടിയില്‍ അച്ഛനും മകനും ഒരുമിച്ചൊരു ദിവസം