'അച്ഛാ, റെഡിയല്ലേ?'; സ്റ്റിയറിങ്ങില്‍ മകന്‍, ബെല്ലില്‍ അച്ഛന്‍; ആനവണ്ടിയില്‍ അച്ഛനും മകനും ഒരുമിച്ചൊരു ദിവസം

Published : Oct 02, 2026, 05:23 PM IST
Father and Son in Ksrtc

Synopsis

അച്ഛന്‍ ബെല്‍ മുഴക്കിയപ്പോള്‍ മകന്‍ കെഎസ്ആര്‍ടിസിയുടെ സ്റ്റിയറിങ് തിരിച്ചു. കല്‍പ്പറ്റ ഡിപ്പോയില്‍നിന്ന് തൃശൂരിലേക്കുള്ള യാത്ര ആദര്‍ശിനും ഗിരീശനും ജോലിയുടെ ഒരു ദിവസം മാത്രമായിരുന്നില്ല. ജീവിതകാലം മുഴുവന്‍ ഓര്‍ത്തുവെക്കാവുന്ന ഒരു അച്ഛന്‍മകന്‍ യാത്ര കൂടിയായിരുന്നു.

മലപ്പുറം: പതിവുപോലെ പുലര്‍ച്ചെ ബസ് പുറപ്പെടാന്‍ തയ്യാറായി. ഡ്രൈവര്‍ സീറ്റില്‍ കയറിയ ആദര്‍ശ് റിയര്‍വ്യൂ കണ്ണാടിയിലൂടെ പിന്നിലേക്ക് നോക്കി. അവിടെ കണ്ടത് മറ്റൊരു കണ്ടക്ടറെയല്ല, സ്വന്തം അച്ഛനെയാണ്. തോളില്‍ കണ്ടക്ടര്‍ ബാഗുമായി ഗിരീശന്‍ തയ്യാറായി നില്‍ക്കുന്നു.''അച്ഛാ, റെഡിയല്ലേ?'', മകന്റെ ചോദ്യം കേട്ട് ഗിരീശന്‍ ചിരിച്ചു. ''റെഡിയാണ് മോനേ...'', ബെല്‍ കോര്‍ഡില്‍ രണ്ടുവട്ടം വലിച്ചു. ആനവണ്ടി പതുക്കെ മുന്നോട്ടുനീങ്ങി. ഡ്രൈവിങ് സീറ്റില്‍ മകന്‍, കണ്ടക്ടറായി അച്ഛന്‍. കെഎസ്ആര്‍ടിസിയുടെ പതിവ് യാത്രയ്ക്കിടയില്‍ പിറന്നത് അച്ഛനും മകനും ഒരുമിച്ച് ജോലി ചെയ്ത അപൂര്‍വ നിമിഷങ്ങള്‍.

കല്‍പ്പറ്റ ഡിപ്പോയില്‍നിന്ന് പുലര്‍ച്ചെ 5:30ന് തൃശൂരിലേക്ക് പുറപ്പെട്ട കെഎസ്ആര്‍ടിസി ബസിലായിരുന്നു 53കാരനായ തുറുപറമ്പില്‍ ഗിരീശനും മകന്‍ ആദര്‍ശും ഒരുമിച്ച് ഡ്യൂട്ടിയിലുണ്ടായിരുന്നത്. 28 വര്‍ഷമായി കെഎസ്ആര്‍ടിസിയില്‍ ജോലി ചെയ്യുന്ന ഗിരീശന് മകനൊപ്പം അതേ ബസില്‍ ഡ്യൂട്ടി ചെയ്യുന്നത് ഏറെ അഭിമാനകരമായ അനുഭവമായി.

താല്‍ക്കാലിക ഡ്രൈവറായി കെഎസ്ആര്‍ടിസിയില്‍ ജോലി ചെയ്യുന്ന ആദര്‍ശിന് അച്ഛന്റെ കൂടെയുള്ള ആദ്യ ഡ്യൂട്ടിയായിരുന്നു ഇത്. ഇതുവരെ അച്ഛനെ കണ്ടത് വീട്ടിലെ അച്ഛനായും കെഎസ്ആര്‍ടിസിയുടെ കാക്കി വേഷത്തിലുള്ള ജീവനക്കാരനായുമായിരുന്നു. എന്നാല്‍ അന്ന് യാത്രക്കാര്‍ക്കു മുന്നില്‍ സ്റ്റിയറിങ്ങില്‍ മകനും പിന്നില്‍ ടിക്കറ്റ് മെഷീനുമായി അച്ഛനും. ബസില്‍ ടിക്കറ്റ് നല്‍കുന്നതിനിടെ പരിചയമുള്ള യാത്രക്കാര്‍ ഗിരീശനോട് കാര്യം തിരക്കി. ''മോനാണല്ലേ വണ്ടിയോടിക്കുന്നത്?'' എന്ന ചോദ്യത്തിന് ഗിരീശന്റെ മറുപടി ചിരിയായിരുന്നു.

മകനെക്കുറിച്ചുള്ള അഭിമാനം ആ ചിരിയില്‍ വ്യക്തമായിരുന്നു.

യാത്രയ്ക്കിടെ അച്ഛനും മകനും തമ്മിലുള്ള ചെറിയ സംഭാഷണങ്ങളും ജോലിയുടെ തിരക്കിനിടയിലെ നോട്ടങ്ങളും യാത്രക്കാരുടെ ശ്രദ്ധ നേടി. ഡ്രൈവര്‍ സീറ്റില്‍ നിന്ന് മകന്റെ ശ്രദ്ധ റോഡില്‍ നിന്ന് തെറ്റുന്നില്ലെന്ന് ഉറപ്പാക്കുമ്പോള്‍ പിന്നില്‍ നിന്ന് യാത്രക്കാരുടെ ടിക്കറ്റുകളും മറ്റ് ചുമതലകളും നോക്കുകയായിരുന്നു ഗിരീശന്‍. വര്‍ഷങ്ങളായി താന്‍ പരിചയിച്ച കെഎസ്ആര്‍ടിസി ബസിന്റെ മറ്റൊരു ഭാഗത്ത് തന്റെ മകന്‍ ഉത്തരവാദിത്തത്തോടെ ജോലി ചെയ്യുന്നത് കാണുന്നത് അച്ഛന് അഭിമാന നിമിഷമായി.

പുലര്‍ച്ചെ കല്‍പ്പറ്റയില്‍നിന്ന് ആരംഭിച്ച യാത്ര ഉച്ചയോടെ തൃശൂരിലെത്തി. ഡിപ്പോയില്‍ ബസ് നിര്‍ത്തിയ ശേഷം ഇരുവരും ഒരുമിച്ച് ഭക്ഷണം കഴിച്ചു. ജോലിക്കിടയിലെ ആ ചെറിയ ഇടവേളയിലും അച്ഛനും മകനും പങ്കിട്ടത് സാധാരണ കുടുംബസ്‌നേഹത്തിന്റെ നിമിഷങ്ങള്‍ തന്നെ. പക്ഷേ ആ ദിവസത്തെ യാത്രയ്ക്ക് അതിന് പുറമേ ഒരു പ്രത്യേകതയുണ്ടായിരുന്നു.

വൈകിട്ട് മടക്കയാത്ര ആരംഭിച്ചു. മണിക്കൂറുകള്‍ നീണ്ട യാത്രയ്‌ക്കൊടുവില്‍ രാത്രി എട്ടോടെ ബസ് വീണ്ടും കല്‍പ്പറ്റ ഡിപ്പോയിലെത്തി. ദിവസത്തെ കളക്ഷന്‍ ഏല്‍പ്പിച്ച ശേഷം ഇരുവരും ഡിപ്പോയില്‍ നിന്ന് പുറത്തിറങ്ങി. തുടര്‍ന്ന് ബൈക്കില്‍ വീട്ടിലേക്ക്. കല്‍പ്പറ്റ ഡിപ്പോയില്‍ നിന്ന് 24 കിലോമീറ്റര്‍ അകലെയാണ് പടിഞ്ഞാറേതിലെ ഗിരീശന്റെ വീട്. കെഎസ്ആര്‍ടിസിയിലെ 28 വര്‍ഷത്തെ സേവനത്തിന് ശേഷം വിരമിക്കാന്‍ ഇനി രണ്ട് വര്‍ഷം കൂടിയുണ്ട്. ഇത്രയും വര്‍ഷം കാക്കി അണിഞ്ഞ് ബസിനൊപ്പം സഞ്ചരിച്ച ഗിരീശന്, തന്റെ ഔദ്യോഗിക ജീവിതത്തിന്റെ അവസാന കാലത്ത് മകനെയും അതേ മേഖലയിലേക്ക് കൂട്ടിനിറക്കാനായതിന്റെ സന്തോഷം ചെറുതല്ല.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഡ്രൈ ഡേയിലെ രഹസ്യ മദ്യക്കച്ചവടം പൊളിച്ച് പൊലീസ്; മട്ടാഞ്ചേരിയിൽ യുവാവ് അറസ്റ്റിൽ; 53 കുപ്പി വിദേശമദ്യം പിടിച്ചു
കൊച്ചിയിൽ മദ്യപിച്ച് ബസ് ഡ്രൈവിം​ഗ്; 41 സ്വകാര്യ ബസ് ഡ്രൈവർമാർക്കെതിരെ കേസ്, അലക്ഷ്യമായ ഡ്രൈവിം​ഗിൽ 71 കേസുകൾ