
കൊച്ചി: ഐടി മേഖലയിലെ തൊഴിലവസരങ്ങൾ പരിചയപ്പെടുത്തുന്ന തൊഴിൽ പോർട്ടലിന് മികച്ച സ്വീകാര്യത. ഐടി ജീവനക്കാരുടെ സംഘടനയായ പ്രതിധ്വനിയുടെ നേതൃത്വത്തിൽ കൊവിഡ് കാലത്ത് ജോലി നഷ്ടമായ നിരവധി പേർക്കാണ് മികച്ച അവസരങ്ങൾ കിട്ടിയത്. നേരത്തെ പ്രവർത്തിപരിചയം ഇല്ലാത്തവർക്കും, ഫ്രീലാൻസേഴ്സായി ജോലി ചെയ്യുന്നവർക്കും തൊഴിൽ പോർട്ടലിൽ അവസരം ഒരുക്കുന്നുണ്ട്.
JOBS.PRATHIDHWANI.ORG - കൊവിഡ് കാലത്ത് തൊഴിൽ നഷ്ടമായി നിരാശരാകുന്നവർക്ക്, ഈ മേൽവിലാസം ഒരു പ്രതീക്ഷയാണ്. ഐടി ജീവനക്കാരുടെ സംസ്ഥാനതല സംഘടനയായ പ്രതിധ്വനിയാണ് ഇതിന് പിന്നിൽ. കൊവിഡ് പല ജോലികൾക്കെന്ന പോലെ ഐടി മേഖലക്കും ഭീഷണിയായി,തൊഴിൽ രഹിതരുടെ എണ്ണവും കൂടി, ഈ സാഹചര്യത്തിലാണ് കഴിഞ്ഞ വർഷം പ്രതിധ്വനിയുടെ വൊളണ്ടിയർമാർ തൊഴിൽ പോർട്ടൽ എന്ന ആശയത്തിലേക്കെത്തുന്നത്. പ്രവർത്തനം ഒരു വർഷം പിന്നിടുമ്പോൾ ലഭിക്കുന്നത് മികച്ച പ്രതികരണം. സ്റ്റാർട്ട് അപ്പുകളും,മുൻനിര ഐടി കമ്പനികളും ഉൾപ്പടെ 300 കമ്പനികളുടെ തൊഴിലവസരങ്ങൾ പോർട്ടലിൽ ലഭ്യമാകുന്നു. വർക്ക് ഫ്രം ഹോം രീതിയിൽ ജോലി തുടരുന്നതിനാൽ എവിടെ നിന്നും ജോലി തേടാം.
പോർട്ടലിലെത്തുന്ന വിവരങ്ങൾ അതേ സമയം വാട്സാപ്പ്, ടെലിഗ്രാം ട്രൂപ്പുകളിലേക്കും പോസ്റ്റ് ചെയ്യും.പോസ്റ്റ് ചെയ്യുന്ന വിവരം വ്യാജമല്ലെന്ന് അഡ്മിൻമാർ പരിശോധിച്ച ശേഷമാണിത്. ഫ്രഷേഴ്സ് ഫോറമാണ് പോർട്ടലിന്‍റെ മറ്റൊരു പ്രത്യേകത.ഇതോടെ പഠിച്ചിറങ്ങുന്നവർക്കും പോർട്ടൽ അവസരമൊരുക്കുന്നു. സ്ഥിരമായി ഒരേ കമ്പനിയിൽ തുടരാൻ താത്പര്യമില്ലാത്തവർക്ക് ഫ്രിലാൻസായി ജോലി തെരഞ്ഞെടുക്കാനും പ്രത്യേക ഫോറം പോർട്ടലിലുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam