വയനാട്ടിലെ മികച്ച ഫിസിയോ തെറാപ്പി യൂണിറ്റ് ഇനി നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തില്‍

By Web TeamFirst Published May 27, 2021, 3:02 PM IST
Highlights

ആദിവാസി ജനത കൂടുതലുള്ള നൂല്‍പ്പുഴ പഞ്ചായത്തിന് കീഴില്‍ വരുന്ന ആശുപത്രിയില്‍ അതിനൂതന സംവിധാനങ്ങളാണ് ഫിസിയോ തെറാപ്പിക്കായി സജ്ജീകരിച്ചിരിക്കുന്നത്.

കല്‍പ്പറ്റ: രാജ്യത്തെ മികച്ച കുടുംബാരോഗ്യ കേന്ദ്രങ്ങളിലൊന്നായി പേരെടുത്തതാണ് നൂല്‍പ്പുഴ എഫ്.എച്ച്.എസി. ആദിവാസികളുടെ ആരോഗ്യ സംരക്ഷണത്തില്‍ പ്രത്യേക ശ്രദ്ധ നല്‍കുന്നതിനൊപ്പം വയനാട്ടില്‍ മികച്ച സേവനം നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിലെത്തുന്നവര്‍ക്ക് ഉറപ്പാണ്. കൊവിഡ് പ്രതിസന്ധിക്കിടയിലും ജില്ലയിലെ മികച്ച ഫിസിയോ തെറാപ്പി യൂണിറ്റ് ഒരുക്കിയാണ് ഈ ആതുരാലയം ഗ്രാമീണ ആരോഗ്യരംഗത്ത് പുത്തന്‍മാതൃക തീര്‍ക്കുന്നത്. 

ആദിവാസി ജനത കൂടുതലുള്ള നൂല്‍പ്പുഴ പഞ്ചായത്തിന് കീഴില്‍ വരുന്ന ആശുപത്രിയില്‍ അതിനൂതന സംവിധാനങ്ങളാണ് ഫിസിയോ തെറാപ്പിക്കായി സജ്ജീകരിച്ചിരിക്കുന്നത്. ഷോക്ക് വേവ് തെറാപ്പി, ലേസര്‍ തെറാപ്പി, മൊബിലിറ്റി ട്രെയ്നര്‍ അണ്‍വെയ് സിസ്റ്റം, സ്‌പോര്‍ട്സ് ഇന്‍ജുറി റിഹാബിലിറ്റേഷന്‍ തുടങ്ങിയ സംവിധാനങ്ങള്‍ക്ക് പുറമെ വ്യായാമ ഉപദേശങ്ങളും ഇവിടെ നിന്ന് ലഭിക്കും. ആദിവാസികള്‍, 18 വയസ്സ് വരെയുള്ളവര്‍, 60 വയസുകാര്‍ എന്നിവര്‍ക്ക് സൗജന്യമായും മറ്റുള്ളവര്‍ക്ക് കുറഞ്ഞ നിരക്കിലുമായിരിക്കും ചികിത്സ. 

കിടത്തി ചികിത്സയും സൗജന്യ വാഹന സൗകര്യവും സെന്ററിന് കീഴില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സാധാരണക്കാര്‍ക്കും മികച്ച ചികിത്സ ലഭ്യമാക്കുകയെന്ന ലക്ഷ്യമായിരുന്നു വിപുലമായ രീതിയില്‍ ഫിസിയോ തെറാപ്പി യൂണിറ്റ് ഒരുക്കുമ്പോഴും ഉണ്ടായിരുന്നതെന്ന് മെഡിക്കല്‍ ഓഫീസര്‍ ഡോ. ദാഹര്‍ മുഹമ്മദ് പറഞ്ഞു. ഇദ്ദേഹത്തിന്റെയും സഹപ്രവര്‍ത്തകരുടെയും ആവശ്യപ്രകാരം ജില്ലാ ഭരണകൂടമാണ് സെന്ററിനായി ശുപാര്‍ശ ചെയ്തത്. തുടര്‍ന്ന് കെട്ടിട നിര്‍മാണം അടക്കമുള്ള ചിലവിലേക്കായി കൊച്ചിന്‍ ഷിപ്പ്‌ യാര്‍ഡ് സി.എസ്.ആര്‍ ഫണ്ടില്‍നിന്ന് 20 ലക്ഷം രൂപ നല്‍കി. 

എളമരം കരീം എം.പി അനുവദിച്ച 12 ലക്ഷവും നൂല്‍പ്പുഴ പഞ്ചായത്തിന്റെ  പത്തുലക്ഷം രൂപയും ഉപയോഗിച്ചാണ് യൂണിറ്റിലേക്ക് ആവശ്യമായ യന്ത്രസാമഗ്രികള്‍ വാങ്ങിയത്. ആകെ 42 ലക്ഷം രൂപയാണ് സെന്ററിനായി ചിലവഴിച്ചത്.  നൂല്‍പ്പുഴ കുടുംബാരോഗ്യകേന്ദ്രത്തിലെ ചികിത്സാസൗകര്യങ്ങളും സംവിധാനങ്ങളും നേരത്തേ തന്നെ വാര്‍ത്തകളിലിടം പിടിച്ചതാണ്. നഗരങ്ങളിലെ സ്വകാര്യ ആശുപത്രികളെ വെല്ലുന്ന സംവിധാനങ്ങളും ഗുണമേന്മയുള്ള ചികിത്സയും ഏതൊരാള്‍ക്കും ഇവിടെ നിന്നും ലഭിച്ചു പോരുന്നു. സംസ്ഥാനത്ത് ആദ്യമായി ഇ-ഹെല്‍ത്ത് സംവിധാനം നിലവില്‍വന്നത് നൂല്‍പ്പുഴയിലാണ്. ടെലിമെഡിസിന്‍ സൗകര്യവും വര്‍ഷങ്ങള്‍ക്കുമുമ്പേ ഇവിടെയുണ്ട്. 

ശീതീകരിച്ച, വൃത്തിയും ഭംഗിയുമുള്ള മുറികളും രോഗികള്‍ക്ക് വിശ്രമിക്കാനും സമയം ചിലവിടാനുമുള്ള സൗകര്യങ്ങളും ആശുപത്രിയിലുണ്ട്. കുട്ടികളുടെ പാര്‍ക്ക്, ആധുനിക സംവിധാനങ്ങളോടെയുള്ള ലാബ്-ഫാര്‍മസി സൗകര്യങ്ങള്‍, രോഗികളെ സൗജന്യമായി ആശുപത്രിയിലെത്തിക്കുന്നതിനായി ഇലക്ട്രിക് ഓട്ടോറിക്ഷ എന്നിവ ഇവയില്‍ ചിലത് മാത്രമാണ്. ലോക്ഡൗണിന് ശേഷമായിരിക്കും ഫിസിയോ തെറാപ്പി സെന്ററിന്റെ ഉദ്്ഘാടനം നടക്കുക. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏറെ മുന്‍പന്തിയിലാണ് ഈ ആരോഗ്യ കേന്ദ്രം. ആദിവാസി കോളനികളിലെയടക്കം രോഗവ്യാപനം ഫലപ്രദമായി തടഞ്ഞ് ടെസ്റ്റ് പോസീറ്റിവിറ്റി നിരക്ക് കുറക്കാനും ഷിഗല്ലക്കെതിരെ കൃത്യമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്താനും നൂല്‍പ്പുഴ എഫ്.എച്ച്.സിക്ക് കഴിഞ്ഞു.

click me!