
അമ്പലപ്പുഴ: ജോബിൻ സെബാസ്റ്റ്യൻ സൈക്കിളിൽ ഭാരത പര്യടനമാരംഭിച്ചു. ഒപ്പം കുഞ്ഞി എന്ന കുട്ടി നായയുമുണ്ട്. കോട്ടയം അതിരമ്പുഴ കളരിക്കൽ ജോബിൻ സെബാസ്റ്റ്യ (48) നാണ് തന്റെ പൊന്നോമനയായ 8 വയസുള്ള കുഞ്ഞി എന്ന നായയുമായി സൈക്കിളിൽ കാശ്മീർ യാത്രയാരംഭിച്ചത്. ഏറെക്കാലം വിദേശത്തായിരുന്ന ഇദ്ദേഹം ഇപ്പോൾ വെൽഡിംഗ് വർക്ക് ഷോപ്പിൽ സഹായിയായി ജോലി ചെയ്യുകയാണ്.
ഉപജീവനത്തിനായി ജോലി ചെയ്യുമ്പോഴും യാത്ര ഹരമായ ജോബിൻ നേരത്തെ ബൈക്കിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ പര്യടനം നടത്തിയിരുന്നു. ഈ മാസം 10 നാണ് ജോബിൻ തന്റെ കുഞ്ഞി എന്ന വളർത്തുനായയുമായി പര്യടനം ആരംഭിച്ചത്. കേരളത്തിലെ 14 ജില്ലയും ഇന്ത്യയിലെ എല്ലാ സംസ്ഥാനവും ചുറ്റി കാശ്മീരിലെത്താനാണ് ഈ യാത്രാ പ്രേമിയുടെ ആഗ്രഹം. ഒന്നര വർഷം കൊണ്ട് മാത്രമേ ഈ പരൃടനം പൂർത്തിയാക്കാൻ കഴിയൂ.
കുഞ്ഞിനായക്കായി സൈക്കിളിന് പിന്നിൽ പ്രത്യേക ഇരിപ്പിടവുമൊരുക്കിയിട്ടുണ്ട്. തനിക്കും കുഞ്ഞിക്കുമുള്ള ഭക്ഷണം സ്വയം പാകം ചെയ്യും. സ്വന്തമായി തയ്യാറാക്കുന്ന താൽക്കാലിക ടെന്റാണ് കിടപ്പാടം. തന്റെ യാത്രയിലുടനീളം കാണുന്ന സുന്ദര ദൃശ്യങ്ങൾ പകർത്താൻ ക്യാമറയും കരുതിയിട്ടുണ്ട്. ഈ ദൃശ്യങ്ങൾ ജോപ്പന്റെ യാത്ര എന്ന യൂട്യൂബിൽ അപ് ലോഡ് ചെയ്യും. ഇന്ധനച്ചെലവ് ലാഭിക്കാനാണ് തന്റെ ഭാരത പര്യടനം സൈക്കിളിലാക്കിയതെന്ന് ജോബിൻ പറയുന്നു. കുഞ്ഞി നായയുമായി സൈക്കിളിൽ പര്യടനം നടത്തുന്ന ജോബിൻ മറ്റ് കാണികൾക്ക് അത്ഭുതവുമാകുകയാണ്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam