
കൊല്ലം: കൊല്ലത്ത് മാധ്യമ പ്രവർത്തകർക്ക് മർദ്ദനമേറ്റു. മാതൃഭൂമി ദിനപ്പത്രത്തിന്റെ ലേഖകനെയും ഫോട്ടോഗ്രാഫറെയും നാലംഗ സംഘം മർദ്ദിക്കുകയായിരുന്നു. കൊല്ലം ബ്യൂറോയിലെ സ്റ്റാഫ് റിപ്പോർട്ടർ അനിൽ മുകുന്നേരി , സ്റ്റാഫ് ഫോട്ടോഗ്രാഫർ സുധീർ മോഹൻ എന്നിവർക്കാണ് മർദ്ദനമേറ്റത്. മർദ്ദനത്തെ തുടർന്ന് ഇരുവരെയും കൊല്ലം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരും ഇന്ന് വാർത്തയുമായി ബന്ധപ്പെട്ട് പുറത്ത് പോയപ്പോഴായിരുന്നു സംഭവം. തിരികെ മടങ്ങുന്നതിനിടെ പ്രദേശത്തെ ഒരു റോഡിന്റെ ചിത്രം സുധീർ പകർത്തിയിരുന്നു. ഈ റോഡിനോട് ചേർന്ന് പ്രവർത്തിച്ചിരുന്ന തട്ടുകടകളുടെ ചിത്രമാണ് സുധീർ പകർത്തിയത് എന്ന് സംശയിച്ച് പിന്തുടർന്നെത്തിയ നാലംഗ സംഘം അനിലിനെയും സുധീറിനെയും തടഞ്ഞുനിർത്തി മർദ്ദിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്തു. അക്രമി സംഘത്തിലെ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
മാധ്യമ പ്രവർത്തകരെ ആക്രമിച്ച എല്ലാവരെയും അറസ്റ്റ് ചെയ്യണം: കെ യു ഡബ്ല്യൂ ജെ
ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ മാതൃഭൂമി സ്റ്റാഫ് റിപ്പോർട്ടർ അനിൽ മുകുന്ദേരി, സ്റ്റാഫ് ഫോട്ടോഗ്രാഫർ സുധീർ മോഹൻ എന്നിവരെ ആക്രമിച്ച് പരിക്കേൽപ്പിച്ച സമൂഹവിരുദ്ധ സംഘത്തിലെ എല്ലാവരെയും ഉടൻ അറസ്റ്റ് ചെയ്യണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ (കെയുഡബ്ല്യൂജെ) കൊല്ലം ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു. കൊല്ലം പബ്ലിക് ലൈബ്രറിക്കുമുന്നിലെ റോഡിന്റെ ശോച്യാവസ്ഥ റിപ്പോർട്ട് ചെയ്യാൻ പോയ ഇരുവരെയും സ്ഥലത്തുണ്ടായിരുന്ന സംഘം ചോദ്യംചെയ്തു. സമീപത്ത് പ്രവർത്തിക്കുന്ന ബങ്കിന്റെ ചിത്രം എടുത്തതാണെന്ന ധാരണയിൽ ഫോട്ടോ ഗ്രാഫറുടെ പക്കൽ നിന്ന് ക്യാമറ പിടിച്ചു വാങ്ങാൻ ശ്രമിച്ചു. റോഡിന്റെ മോശം അവസ്ഥ സംബന്ധിച്ച് വാർത്ത നൽകാനാണെന്നും അതിന്റെ ഭാഗമായാണ് റോഡിന്റെ ഫോട്ടോ എടുത്തതെന്നും പറഞ്ഞിട്ടും സംഘം അസഭ്യം പറഞ്ഞു കൊണ്ട് കൈയേറ്റത്തിനു ശ്രമിച്ചു. തുടർന്ന് വാർത്താ ശേഖരണത്തിനായി പോളയത്തോട് ഭാഗത്തേക്ക് ബൈക്കിൽ പോയ ഇരുവരെയും സായുധരായ മൂന്നംഗ സംഘം ബൈക്കിൽ പിൻതുടർന്നു. ഇത് മനസ്സിലാക്കിയ റിപ്പോർട്ടർ വിവരം കൊല്ലം ഈസ്റ്റ് പൊലീസിൽ അറിയിച്ചു. പോളയത്തോട് ശ്മശാനത്തിനു മുന്നിലെത്തിയപ്പോൾ അക്രമി സംഘം മാധ്യമ പ്രവർത്തകരുടെ ബൈക്ക് തടഞ്ഞ് ആയുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. പൊലീസ് വരുന്നത് കണ്ട് രക്ഷപ്പെടാൻ ശ്രമിച്ച അക്രമി സംഘത്തിലെ ഒരാളെ പൊലീസ് പിടികൂടി. ബൈക്കും കസ്റ്റഡിയിലെടുത്തു. സംഘത്തിലെ മറ്റുള്ളവർ രക്ഷപെട്ടു. പരിക്കേറ്റ് റോഡിൽ കിടന്ന സ്റ്റാഫ് റിപ്പോർട്ടർ അനിൽ മുകുന്ദേരിയെയും ഫോട്ടോഗ്രാഫർ സുധീർ മോഹനനെയും പൊലീസ് ജീപ്പിൽ കൊല്ലം ജില്ലാ ആശുപത്രിയിൽ എത്തിച്ചു. അനിൽ മുകുന്ദേരിയുടെ പരിക്ക് ഗൃരുതരമാണ്.
ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ മാധ്യമ പ്രവർത്തകരെ ആക്രമിച്ച സംഭവത്തിൽ യൂണിയൻ ജില്ലാ കമ്മിറ്റി ശക്തമായി പ്രതിഷേധിക്കുന്നു. മാധ്യമ പ്രവർത്തകർക്ക് നിർഭയം ജോലി ചെയ്യാനുള്ള അവസരമുണ്ടാകണം. അക്രമി സംഘത്തിലെ എല്ലാവരെയും എത്രയും വേഗം അറസ്റ്റ് ചെയ്ത് നിയമത്തിനുമുന്നിൽ കൊണ്ടുവരണമെന്ന് പ്രസിഡന്റ് ജി. ബിജു, സെക്രട്ടറി സനൽ.ഡി. പ്രേം എന്നിവർ ആവശ്യപ്പെട്ടു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam