
തൃശൂര്‍: തൃശൂർ ലോക്സഭാ മണ്ഡലത്തിൽ സിറ്റിങ് എംപി ടി എൻ പ്രതാപൻ കോൺഗ്രസ് സ്ഥാനാർഥിയെന്ന് ഉറപ്പിച്ചിരിക്കെ അപ്രതീക്ഷിത മാറ്റം മണ്ഡലത്തിലാകെ അണികളിൽ ആശയക്കുഴപ്പമുണ്ടാക്കുന്നു. തെരഞ്ഞെടുപ്പ് ആരവത്തിന് മുമ്പേ തയ്യാറെടുപ്പ് തുടങ്ങിയതാണ് തൃശൂരിൽ. ബിജെപി സ്ഥാനാർഥി സുരേഷ് ഗോപിയാണ് പ്രചാരണത്തിന് തുടക്കമിട്ടത്. സ്ഥാനാർഥി പ്രഖ്യാപനത്തിന് മുമ്പേ സുരേഷ് ഗോപി മണ്ഡലത്തിൽ സജീവമായി. തൊട്ടു പിന്നാലെ ടി എൻ പ്രതാപനാണ് കോൺഗ്രസ് സ്ഥാനാർഥിയെന്ന രീതിയിൽ കോൺഗ്രസിലെ ഒരുവിഭാഗം പ്രചാരണമാരംഭിച്ചു.
പ്രതാപന്റെ പേരിൽ ചുവരെഴുത്തും തുടങ്ങി. പ്രഖ്യാപനത്തിന് മുമ്പേ ചുവരെഴുത്തിനെ പ്രതാപൻ തള്ളിപ്പറഞ്ഞു. എന്നാൽ, പ്രതാപനാണ് സ്ഥാനാർഥിയെന്ന് ഏറെക്കുറെ ഉറപ്പിച്ച രീതിയിൽ പ്രചാരണ മുന്നോട്ടുപോയി. ഇതിനിടെ എൽഡിഎഫ് വി എസ് സുനിൽകുമാറിനെയും ബിജെപി സുരേഷ് ഗോപിയെയും സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. ഇതോടെ ടിഎൻ പ്രതാപനും പ്രചാരണത്തിൽ പ്രതാപനും സജീവമായി. തൃശൂർ മണ്ഡലത്തിൽ മൂന്നൂറോളം കിലോമീറ്റർ ദൂരം പദയാത്രയും നടത്തി. എന്നാൽ, പത്മജയുടെ ബിജെപി പ്രവേശനം കോൺഗ്രസിന്റെ പദ്ധതികളെല്ലാം താളം തെറ്റിച്ചതോടെ തൃശൂരിൽ മുരളീധരൻ എത്തുമെന്ന് ഉറപ്പായതോടെ പ്രതാപനുവേണ്ടി നടത്തിയ എല്ലാ മുന്നൊരുക്കങ്ങളും തിരുത്തണമെന്നാണ് അവസ്ഥ.
മണ്ഡലത്തിൽ പ്രതാപന് വേണ്ടി എഴുതിയ ചുമരെഴുത്തുകളെല്ലാം മായ്ക്കണം. മൂന്നര ലക്ഷം പോസ്റ്ററുകളാണ് പ്രതാപന്റെ പ്രചാരണത്തിനായി മണ്ഡലത്തിൽ തയ്യാറാക്കിയത്. ബൂത്തുകളിൽ തുകയും വിതരണം ചെയ്തിരുന്നു. ഇതെല്ലാം ഇനി പിൻവലിക്കണം. എന്‍റെ ജീവന്‍ എന്‍റെ പാര്‍ട്ടിയാണെന്ന് ടി എന്‍ പ്രതാപന്‍ അറിയിച്ചു. എന്നെപ്പോലെ നിസാരനായ ഒരാളെ നേതാവാക്കിയത് കോണ്‍ഗ്രസാണെന്നും പാര്‍ട്ടി എന്ത് പറഞ്ഞാലും അനുസരിക്കുമെന്നും ടി എന്‍ പ്രതാപന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കേരളത്തിലെ ഏറ്റവും മികച്ച രാഷ്ട്രീയ നേതാവാണ് കെ മുരളീധരനെന്നും തൃശ്ശൂരില്‍ ആര് മത്സരിച്ചാലും ഒപ്പമുണ്ടാകുമെന്നും പ്രതാപന്‍ വ്യക്തമാക്കി. തൃശ്ശൂരില്‍ ഓപ്പറേഷന്‍ താമര വിജയിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam