പാഞ്ചാലിമേട്ടിലെ കുരിശ് വിവാദത്തിൽ പ്രതിഷേധം കടുപ്പിച്ച് ഹൈന്ദവസംഘടനകൾ; സമരപരിപാടികൾക്ക് ഇന്ന് തുടക്കമാവും

By Web TeamFirst Published Jun 19, 2019, 6:37 AM IST
Highlights

ശബരിമല പൊന്നമ്പലമേടിന്റെ ഭാഗമായ പാഞ്ചാലിമേട് കയ്യേറിയാണ് കുരിശ് സ്ഥാപിച്ചതെന്നാണ് ഹൈന്ദവസംഘടനകളുടെ ആരോപണം. കുരിശുകളും അമ്പലവും റവന്യൂഭൂമിയിലെങ്കിലും വിശ്വാസത്തിന്റെ കാര്യമായതിനാൽ തിടുക്കപ്പെട്ട് നടപടിയെടുക്കാനാവില്ലെന്ന പ്രതിസന്ധിയിലാണ് ജില്ലാ ഭരണകൂടം

പാഞ്ചാലിമേട്: ഇടുക്കി പാഞ്ചാലിമേട്ടിലെ കുരിശ് വിവാദത്തിൽ പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി ഹൈന്ദവസംഘടനകൾ. സമരപരിപാടികൾക്ക് തുടക്കം കുറിക്കാൻ ഹിന്ദു വൈക്യവേദി നേതാവ് കെ പി ശശികല ഇന്ന് രാവിലെ പതിനൊന്നുമണിയോടെ പാഞ്ചാലിമേട്ടിലെത്തും. ശബരിമല പൊന്നമ്പലമേടിന്റെ ഭാഗമായ പാഞ്ചാലിമേട് കയ്യേറിയാണ് കുരിശ് സ്ഥാപിച്ചതെന്നാണ് ഹൈന്ദവസംഘടനകളുടെ ആരോപണം. 

അതേസമയം അമ്പലത്തോളം പഴക്കമുണ്ട് കുരിശുമല കയറ്റത്തിനെന്നാണ് കണയങ്കവയൽ ചർച്ച് പറയുന്നത്. കുരിശുകളും അമ്പലവും റവന്യൂഭൂമിയിലെങ്കിലും വിശ്വാസത്തിന്റെ കാര്യമായതിനാൽ തിടുക്കപ്പെട്ട് നടപടിയെടുക്കാനാവില്ലെന്ന പ്രതിസന്ധിയിലാണ് ജില്ലാ ഭരണകൂടം.
കളക്ടറുടെ സമവായനിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് കണയങ്കവയൽ സെന്റ് മേരീസ് ചർച്ച് ഇക്കഴിഞ്ഞ ദുഖവെള്ളിക്ക് സ്ഥാപിച്ച മരക്കുരിശുകൾ നീക്കം ചെയ്തത്. അതേസമയം ആദ്യകാലം തൊട്ടുള്ള 14 സിമന്റ് കുരിശുകൾ അങ്ങനെ തുടരും. റവന്യൂഭൂമിയിലെങ്കിലും കുരിശുകൾക്കും അമ്പലത്തിനുമെതിരെ തിടുക്കപ്പെട്ട് നടപടിയെടുക്കാനാവില്ലെന്ന് കളക്ടർ എച്ച് ദിനേശൻ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. 

വിശ്വാസികളുടെ കൂടെ വിഷയമായതിനാൽ സർക്കാർ തലത്തിൽ നിന്നുതന്നെ നടപടി വേണമെന്ന നിലപാടിലാണ് ജില്ലാ ഭരണകൂടമുള്ളത്. ഇതിനിടെ പാഞ്ചാലിമേട്ടിലെ ടൂറിസത്തെ തകർക്കാനുള്ള ശ്രമം നടക്കുന്നതായി ആരോപിച്ച് ഡിറ്റിപിസി രംഗത്തെത്തി. കരുതികൂട്ടി ചിലർ പ്രശ്നങ്ങളുണ്ടാക്കാൻ ശ്രമിക്കുന്നുവെന്ന്  അമ്പലക്കമ്മറ്റിയും പള്ളിഭാരവാഹികളും നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു. 
 

click me!