
ഏറ്റുമാനൂർ: കൈ കാണിച്ചിട്ടും നിർത്താതെ പോയ കല്ലട ബസിനെ ആർടിഒ എൻഫോഴ്സ്മെന്റ് സ്ക്വാഡ് പിന്തുടർന്ന് പിടികൂടി പിഴയടപ്പിച്ചു. കോട്ടയം–ബെംഗളൂരു കല്ലടബസിനെ ഏഴ് കിലോമീറ്റർ പിന്തുടർന്നാണ് പിടികൂടിയത്.
അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിനടക്കം വിവിധ കേസുകളിലായി ആറായിരം രൂപ പിഴ ഈടാക്കിയ ശേഷമാണ് ബസ് വിട്ടത്.
തിങ്കളാഴ്ച രാത്രി എട്ടിന് ഏറ്റുമാനൂർ ശിവക്ഷേത്രത്തിന് മുന്നിലായിരുന്നും സംഭവം. ഇവിടെ പരിശോധനയ്ക്കായി നിന്ന ഉദ്യോഗസ്ഥൻ കൈ കാണിച്ചെങ്കിലും ബസ് നിർത്തിയില്ല. അമിത വേഗതയിലായിരുന്ന ബസ് നിർത്താതെ പോവുകയായിരുന്നു. ഇതോടെ സ്ക്വാഡംഗങ്ങളായ ചിലർ ബസിന്റെ പുറകെ തങ്ങളുടെ വാഹനത്തിൽ പാഞ്ഞു.
ഈ സമയത്ത് കല്ലടയുടെ തന്നെ മറ്റൊരു ബസ് ഇതേ റൂട്ടിൽ വന്നു. ഇവർ ഏറ്റുമാനൂരിൽ ഉദ്യോഗസ്ഥരെ കണ്ടപ്പോൾ നിർത്തി. ഇവർ മുന്നിൽ പോയ ബസിലെ ജീവനക്കാരെ ഫോണിൽ ബന്ധപ്പെട്ട് നിർത്താൻ ആവശ്യപ്പെട്ടു. അപ്പോഴേക്കും സ്ക്വാഡംഗങ്ങളും ബസിനടുത്തെത്തിയിരുന്നു. കോതനല്ലൂരിലാണ് ബസ് നിർത്തിയത്.
അമിത വേഗതയിലായിരുന്ന ബസിനെ തിരികെ ഏറ്റുമാനൂരിൽ എത്തിച്ച ശേഷമാണ് ആർടിഒ എൻഫോഴ്‌സ്മെന്റ് വിഭാഗം പിഴ ഈടാക്കിയത്. എൻഫോഴ്സ്മെന്റ് ആർടിഒ വി.എം.ചാക്കോയുടെ നേതൃത്വത്തിലുള്ളതായിരുന്നു സ്ക്വാഡ്. പിഴ ഈടാക്കിയ ശേഷം ബസിന് യാത്ര തുടരാൻ അനുമതി നൽകി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam