നവീകരണം പൂര്‍ത്തിയായിട്ടും കല്‍പ്പറ്റയിലെ മത്സ്യ-മാംസ മാര്‍ക്കറ്റ് തുറക്കുന്നില്ല; പരാതിയുമായി വ്യാപാരികള്‍

Published : Apr 12, 2021, 05:01 PM IST
നവീകരണം പൂര്‍ത്തിയായിട്ടും കല്‍പ്പറ്റയിലെ മത്സ്യ-മാംസ മാര്‍ക്കറ്റ് തുറക്കുന്നില്ല; പരാതിയുമായി വ്യാപാരികള്‍

Synopsis

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനമാകുമെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഇതുവരെ തുറന്നു നല്‍കാതിരുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും മാര്‍ക്കറ്റ് തുറന്നിട്ടില്ല.

കല്‍പ്പറ്റ: നവീകരണം പൂര്‍ത്തിയായിട്ടും നരഗമധ്യത്തിലെ മത്സ്യ-മാംസ ചില്ലറവില്‍പ്പന മാര്‍ക്കറ്റ് തുറക്കാത്തതില്‍ വ്യാപാരികള്‍ക്കിടയില്‍ പ്രതിഷേധം. മലിനജലം ഓടയിലേക്ക് ഒഴുക്കിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് രണ്ട് വര്‍ഷം മുമ്പ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ആണ് പിണങ്ങോട് റോഡരികിലെ മാര്‍ക്കറ്റ് അടപ്പിച്ചത്. ഇവിടെ നിന്ന് ഒഴിപ്പിച്ച വ്യാപാരികളെ ബൈപ്പാസിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന നഗരസഭയുടെ തന്നെ മറ്റൊരു മാര്‍ക്കറ്റിലേക്കാണ് മാറ്റിയത്. 

എന്നാല്‍ നഗരത്തില്‍ നിന്ന് ഒരു കിലോമീറ്ററിലധികം ദൂരമുള്ളതിനാല്‍ മത്സ്യവും ഇറച്ചിയും വാങ്ങാന്‍ ആളുകളെത്തുന്നത് വിരളമായി. കച്ചവടം തീര്‍ത്തും കുറഞ്ഞു. മാസങ്ങള്‍ കഴിഞ്ഞിട്ടും മെച്ചപ്പെടാതെ വന്നതോടെ പലരും കടകള്‍ അടച്ചുപൂട്ടി പോയതായി ഇറച്ചി വ്യാപാരിയായ ഇച്ചാപ്പു പറഞ്ഞു. നിലവില്‍ നഗരത്തിലെ മാര്‍ക്കറ്റിന്റെ പണികളെല്ലാം പൂര്‍ത്തിയായതാണെന്ന് വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു. 

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനമാകുമെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഇതുവരെ തുറന്നു നല്‍കാതിരുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും മാര്‍ക്കറ്റ് എന്ന് തുറക്കുമെന്നതിനെ പറ്റി നഗരസഭ അധികൃതര്‍ മൗനത്തിലാണെന്ന് വ്യാപാരികള്‍ കുറ്റപ്പെടുത്തുന്നു. ബൈപ്പാസിനരികിലെ മാര്‍ക്കറ്റിലേക്ക് ആളുകള്‍ എത്തുന്നില്ലന്നും ജീവിതമാര്‍ഗം തന്നെ വഴിമുട്ടുമെന്ന അവസ്ഥയിലാണെന്നും കച്ചവടക്കാര്‍ പറഞ്ഞു. നിലവില്‍ 100 രൂപയുടെ മത്സ്യം വാങ്ങാന്‍ മാര്‍ക്കറ്റിലെത്തണമെങ്കില്‍ 50 രൂപ ഓട്ടോക്കൂലി നല്‍കണമെന്നതാണ് അവസ്ഥ. 

അതേ സമയം പ്ലംബിങ് ജോലികളടക്കം പൂര്‍ത്തിയാവാനുള്ളതാണ് മാര്‍ക്കറ്റ് തുറക്കുന്നതിനുള്ള കാലതാമസമെന്ന് നഗരസഭ ചെയര്‍മാന്‍ കേയംതൊടി മുജീബ് പ്രതികരിച്ചു.  മലിനജലം സംസ്‌കരിക്കുന്നതിനുള്ള പ്ലാന്റ് അടക്കം പൂര്‍ത്തിയായിട്ടുണ്ടെന്നും വൈകാതെ വ്യാപാരികളെ പഴയമാര്‍ക്കറ്റിലേക്ക് തന്നെ മാറ്റുമെന്നും ചെയര്‍മാന്‍ കൂട്ടിച്ചേര്‍ത്തു 2018 ഡിസംബര്‍, ഫെബ്രുവരി മാസങ്ങളിലായിരുന്നു മലിനീകരണ നിയന്ത്രണബോര്‍ഡ് മാര്‍ക്കറ്റില്‍ പരിശോധന നടത്തിയത്. 

ആദ്യ പരിശോധനയില്‍ മലിനജലം സംസ്‌കരിക്കാന്‍ സ്ഥിരം സംവിധാനം ഏര്‍പ്പെടുത്തണമെന്ന് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇത് പാലിക്കാന്‍ നഗരസഭയോ കച്ചവടക്കാരോ തയ്യാറാകാത്തതിനെ  തുടര്‍ന്നായിരുന്നു നടപടി. അടച്ചുപൂട്ടിയത് എല്‍.ഡി.എഫ് ഭരണസമിതിയായിരുന്നെങ്കില്‍ നിലവില്‍ യു.ഡി.എഫിനാണ് നഗരസഭയുടെ ഭരണം.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

13 കോടി ചെലവഴിച്ച് നിർമാണം പൂര്‍ത്തിയാക്കിയ റോഡിലെ പാലം തകർന്നുവീണു, ഒഴിവായത് വൻ അപകടം
മുന്നിൽ അപകടം! ലോറി വെട്ടിച്ച് മാറ്റി മനാഫ്, മരത്തിലിടിച്ച് കാലുകളും നെഞ്ചും ക്യാബിനിൽ അമർന്നു; മരണത്തെ മുഖാമുഖം കണ്ടു, ഒടുവിൽ രക്ഷ