കനകാശ്ശേരി പാടശേഖരത്തിൽ വീണ്ടും മടവീണു; 450 ഓളം കുടുംബങ്ങൾ വെള്ളപ്പൊക്ക ഭീതിയിൽ

By Web TeamFirst Published Sep 10, 2019, 9:16 AM IST
Highlights

രണ്ടാഴ്ചമുമ്പാണ് മന്ത്രി തോമസ് ഐസക്കിന്റെ നേതൃത്വത്തിൽ മണല്‍ ചാക്കുകള്‍ ഉപയോഗിച്ച്  മടകുത്തല്‍ പൂര്‍ത്തിയാക്കിയത്

കുട്ടനാട്: കൈനകരി കൃഷിഭവന് കീഴിൽ വരുന്ന  കനകാശ്ശേരി പാടശേഖരത്തിൽ വീണ്ടും മടവീണു. കനകാശ്ശേരിയില്‍ മടവീണതോടെ സമീപത്തെ വലിയകരി, മീനപ്പള്ളി പാടശേഖരങ്ങളിലും വെള്ളം കയറി തുടങ്ങിയിട്ടുണ്ട്. ഇതോടെ പ്രദേശങ്ങൾ ഇന്ന് പൂര്‍ണമായും വെള്ളത്തിൽ മുങ്ങുമെന്ന ഭീതിയിലാണ്. 

മൂന്ന് പാടശേഖരങ്ങളിലുമായി 450ളം കുടുംബങ്ങളാണ് താമസിക്കുന്നത്. വെള്ളം കയറി തുടങ്ങിയെങ്കിലും ആരും തന്നെ വീട് വിട്ട് പോകാന്‍ താല്പര്യപ്പെടുന്നില്ല. മഴ മാറി നില്‍ക്കുന്നതിനാല്‍ വലിയ പ്രശ്‌നങ്ങളുണ്ടാകില്ലെന്നാണ് പഞ്ചായത്ത് അധികൃതരും പ്രതീക്ഷിക്കുന്നത്. 

കഴിഞ്ഞ മാസമുണ്ടായ മടവീഴ്ച്ക്ക് ശേഷം രണ്ടാഴ്ചമുമ്പാണ് മന്ത്രി തോമസ് ഐസക്കിന്റെ നേതൃത്വത്തിൽ മണല്‍ ചാക്കുകള്‍ ഉപയോഗിച്ച്  മടകുത്തല്‍ പൂര്‍ത്തിയാക്കിയത്. 

ഇതിന് ശേഷം മോട്ടോര്‍ ഉപയോഗിച്ച് വെള്ളം പുറത്തേക്ക് കളയാനായി പമ്പിങ് തുടരുകയായിരുന്നു. പത്ത് ദിവസം മുമ്പാണ് പ്രദേശത്തെ കുടുംബങ്ങള്‍ വിവിധ ക്യാമ്പുകളിൽ നിന്ന് വീടുകളിലേക്ക് എത്തിയത്. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളമുണ്ടായിരുന്നതിനാല്‍ ഇന്നലെ വരെയും  പമ്പിംഗ് തുടർന്നിരുന്നു. ഇതിനിടെയാണ് മടവീണത്. 

മടവീണ ഭാഗത്തെ ചാക്കുകള്‍ പൂര്‍ണമായും ഒലിച്ചു പോയി. മടകുത്താനും, ചാക്കിൽ മണ്ണ് നിറയ്ക്കാനും, മണ്ണ് ശേഖരിക്കാനുമായി മൂന്ന് സംഘങ്ങളായി പ്രവര്‍ത്തിച്ചാണ് പ്രദേശത്തെ മടകുത്തല്‍ ജോലികള്‍ പൂര്‍ത്തിയാക്കിയിരുന്നത്. കനകാശ്ശേരി-48, വലിയകരി-100.8, മീനപ്പള്ളി-51 ഹെക്ടറുമാണുള്ളത്. അരലക്ഷത്തോളം  മണല്‍ ചാക്കുകളാണ് കനകാശ്ശേരിയില്‍ മാത്രം മടകുത്തനായി ഉപയോഗിച്ചത്. 33 അടി താഴ്ചയില്‍, 40 അടി നീളത്തില്‍, 20 അടി വീതിയിലാണ് മടകുത്തിയത്.

click me!