
കാസര്‍കോട്: കാഞ്ഞങ്ങാട് സബ് കളക്ടർ കസേരയിൽ ആളില്ലാതായിട്ട് മൂന്ന് മാസം. കാസർകോട് ആർഡിഒയ്ക്ക് അധിക ചുമതല നൽകിയിരിക്കുകയാണിപ്പോൾ. വീരമലക്കുന്ന് മണ്ണിടിച്ചിൽ അടക്കം ദുരന്തം പതിവാകുമ്പോഴാണ് ഈ അനാസ്ഥ. കാഞ്ഞങ്ങാട് സബ് കളക്ടറായിരുന്ന പ്രതീക് ജെയിൻ സ്‌ഥലം മാറിപ്പോയിട്ട് മൂന്ന് മാസം കഴിഞ്ഞിട്ടും പകരം ഇതുവരെ ആരെയും നിയമിച്ചിട്ടില്ല.
ഡെപ്യൂട്ടി കലക്ടറായിരുന്ന ലിപു എസ്.ലോറൻസിന് ആർഡിഒയുടെ അധിക ചുമതല നൽകിയെങ്കിലും ഇദ്ദേഹത്തെയും മാറ്റി. ഇപ്പോൾ കാസർകോട് ആർഡിഒ ബിനു ജോസഫിനാണ് കാഞ്ഞങ്ങാടിന്‍റെ അധിക ചുമതല. മഴക്കാലത്തിനൊപ്പം വീരമലക്കുന്ന് മണ്ണിടിച്ചിൽ, ടാങ്കർ ലോറി അപകടം തുടങ്ങി അടിയന്തരമായി ഇടപെടേണ്ട സാഹചര്യങ്ങൾ അടിക്കടി ഉണ്ടായിട്ടും സബ് കളക്ടറെ നിയമിക്കാത്തിൽ പ്രതിഷേധം ഉയരുകയാണ്.
നിലവിൽ കാഞ്ഞങ്ങാടിന്‍റെ അധിക ചുമതല ലഭിച്ച കാസർകോട് ആർഡിഒ ബിനു ജോസഫ് ജില്ലയിലേക്ക് സ്ഥലം മാറി എത്തിയിട്ട് ഒരു മാസം മാത്രമേ ആയിട്ടുള്ളു. കാസർകോട് ജില്ലയിലെ സ്ഥലങ്ങൾ പോലും കൃത്യമായി മനസിലാക്കുന്നതിന് മുമ്പാണ് കാഞ്ഞങ്ങാടിന്‍റെ അധിക ചുമല കൂടി ലഭിച്ചത്.
ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ അടിയന്തരമായി ഇടപെടേണ്ടത് ആർഡിഒ ആണ്. എന്നാൽ, കാഞ്ഞങ്ങാട് പ്രദേശത്തെ മലയോര മേഖലയിലെ വിഷയങ്ങളിൽ ഇടപെടാൻ ഇപ്പോൾ കാസർകോട് നിന്നും ആർഡിഒ എത്തേണ്ട അവസ്ഥയാണുള്ളത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam