കഞ്ചിക്കോട് തീപിടുത്തം; കമ്പനിയുടെ പ്രവർത്തനം നിർത്തിവെക്കാൻ ഉത്തരവ്

By Web TeamFirst Published Feb 7, 2019, 11:58 PM IST
Highlights

ജീവനക്കാരിയായ അരുണയുടെ ദേഹത്തേക്ക് തീ പടർന്നു പിടിക്കുകയായിരുന്നു. മറ്റ് ജോലിക്കാർ തീ അണയ്ക്കാൻ ശ്രമിച്ചെങ്കെലും സാധിച്ചില്ല. ഗുരതരമായി പൊള്ളലേറ്റ ഇവരെ കമ്പനിയിലെ ഡ്രൈവർ തന്നെ ആശുപത്രിയിൽ എത്തിച്ചു. 

പാലക്കാട്: കഞ്ചിക്കോട് തീപിടുത്തം ഉണ്ടായ കമ്പനിയുടെ പ്രവർത്തനം നിർത്തിവെക്കാൻ ഉത്തരവ്. തീപിടുത്തത്തിൽ അറുപത് ശതമാനം പൊള്ളലേറ്റ ജീവനക്കാരിയുടെ നില ഗുരുതരമായി തുടരുന്നു. അഗ്നിശമന സേനയുടെ 6 യൂണിറ്റുകൾ എത്തിയാണ് തീ അണച്ചത്. 

ഉച്ചയ്ക്ക് 12 മണിയോടെയാണ് കഞ്ചിക്കോട് വ്യവസായമേഖലയിലെ ടർപ്പൻന്‍റൈൻ നിർമ്മാണ കമ്പനിയിൽ വൻ തീപിടുത്തം ഉണ്ടായത്. ജീവനക്കാർ ടിന്നുകളിൽ ടർപ്പൻടൈൻ നിറയ്‌ക്കുമ്പോഴാണ് തീ പടർന്ന് പിടിച്ചത്.  ജീവനക്കാരിയായ അരുണയുടെ ദേഹത്തേക്ക് തീ പടർന്നു പിടിക്കുകയായിരുന്നു. മറ്റ് ജോലിക്കാർ തീ അണയ്ക്കാൻ ശ്രമിച്ചെങ്കെലും സാധിച്ചില്ല. ഗുരതരമായി പൊള്ളലേറ്റ ഇവരെ കമ്പനിയിലെ ഡ്രൈവർ തന്നെ ആശുപത്രിയിൽ എത്തിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അരുണയുടെ നില ഗുരതരമാണ്.  

അസംസ്കൃതവസ്തുക്കൾ കയറ്റിയ ലോറിയിലും തീ പടർന്നു. ലോറി പൂർണമായി കത്തി നശിച്ചു. അപകട സമയത്ത് അഞ്ച് ജീവനക്കാരാണ് കമ്പനിയിലുണ്ടായിരുന്നത്. അഗ്നിശമന സേനയുടെ 6 യൂണിറ്റുകൾ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. തീയണക്കാനുളള ശ്രമത്തിനിടെ രണ്ട് അഗ്നിശമന സേന ജീവക്കാർക്ക് ശ്വാസതടസ്സമുണ്ടായി. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തീപ്പിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. നേരത്തെയും ഇതേ കമ്പനിയിൽ രണ്ട് തവണ തീപിടുത്തം ഉണ്ടായിട്ടുണ്ട്. ഒന്നര മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്. കമ്പനി പൂർണമായും കത്തി നശിച്ചു, തൊട്ടടുത്ത  സ്ഥാപനങ്ങളിലേക്കും സമീപത്തെ കുറ്റിക്കാട്ടിലേക്കും തീ പടരാതിരുന്നത് വൻ അപകടം ഒഴിവാക്കി. 50 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായെന്നാണ് പ്രാഥമിക കണക്ക്. അപകടത്തെ തുടർന്ന് കമ്പനിയുടെ പ്രവർത്തനം നിർത്തിവെക്കാൻ ഫാക്ടറീസ് ആൻഡ് ബോയിലേ‌ർസ് വകുപ്പ് ഉത്തരവിട്ടു.

click me!