ശംഖുമുഖത്ത് നങ്കൂരമിട്ട് ഡി എച്ച് ടി പിയോണി; സഫലമാകുന്നത് കണ്ണാന്തുറ സ്വദേശിയായ ഈ ക്യാപ്റ്റന്‍റെ ആഗ്രഹം

By Web TeamFirst Published Aug 9, 2021, 1:39 PM IST
Highlights

വെള്ളിയാഴ്ച വൈകിട്ടോടെയാണ് നോബിൾ പെരേരയുടെ നാടായ ശംഖുമുഖം കണ്ണാന്തുറക്ക് സമീപം 6 മൈൽ അകലെ പടിഞ്ഞാറ് കടലിൽ ആദ്യം കപ്പൽ നങ്കൂരമിട്ടത്. പിന്നീട് തീരസംരക്ഷണ സേനയുടെ നിർദേശത്തെ തുടർന്ന പിന്നീട് 10 മൈൽ അകലേക്ക് മാറ്റി നങ്കൂരമിടുകയായിരുന്നു. 

സ്വന്തം നാട്ടിൽ താൻ നിയന്ത്രിക്കുന്ന കപ്പൽ നങ്കൂരമിടാനുള്ള അപൂർവ ഭാഗ്യം ലഭിച്ച സന്തോഷത്തിലാണ് ക്യാപ്റ്റൻ നോബിൾ പെരേര. ഹോങ്കോങ്ങിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന ഡി.എച്ച്.ടി പിയോണി എന്ന ഭീമൻ ക്രൂഡ് ഓയിൽ ടാങ്കർ കപ്പൽ ശംഖുമുഖം പുറംകടലിൽ നങ്കൂരമിടുമ്പോൾ വർഷങ്ങളായുള്ള തന്റെ ആഗ്രഹം സഫലമായ സന്തോഷത്തിലാണ് കപ്പലിന്റെ കപ്പിത്താനായ കണ്ണാന്തുറ സ്വദേശി നോബിൾ പെരേര എന്ന 56 വയസുകാരൻ. 

തന്റെ സന്തോഷം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കാനും നോബിള്‍ പെരേര മറന്നില്ല.ആദ്യമായി ഒരു വാഹനം ഓടിക്കാൻ പഠിച്ചാലത് നാട്ടിലൂടെ ഓടിക്കുക എന്നതാകും നമ്മുടെയൊക്കെ ആഗ്രഹം. എന്നാൽ വിമാനവും കപ്പലും ഓടിക്കാൻ പഠിച്ചാൽ ഈ ആഗ്രഹം മിക്കവാറും നടക്കില്ലെന്നും സ്വന്തമായി വിമാനത്താവളവും തുറമുഖവുമൊക്കെയുള്ള സഹസ്ര കോടീശ്വരര്‍ക്കേ അതൊക്കെ ആഗ്രഹിക്കാനാകു എന്നും അദ്ദേഹം ഫേസ്‌ബുക്ക് കുറിപ്പിൽ പറയുന്നു.

നാം എന്തെങ്കിലും തീഷ്ണമായി ആഗ്രഹിച്ചാൽ പ്രപഞ്ചം തന്നെ അത് നമുക്ക് നേടിത്തരാൻ സഹായിക്കും എന്ന് വിശ്വവിഖ്യാതനായ എഴുത്തുകാരൻ പൌലോ കൊയ്‌ലോ തന്റെ അൽകെമിസ്ട് എന്ന പുസ്തകത്തിൽ പറയുന്നു. ഏറ്റവും വലിയ എണ്ണക്കപ്പലുകൾക്ക് അടുക്കാൻ ബെർത്തില്ലാത്ത കേരളത്തിലെ തുറമുഖത്തിൽ തന്നെ കയറ്റാൻ കഴിയാത്ത എന്റെ കപ്പലെങ്ങിനെ തുറമുഖമില്ലാത്ത എന്റെ നാട്ടിലെത്തിക്കും. എന്നാൽ പ്രപഞ്ചം തന്നെ തനിക്ക് സഫലമാക്കി തന്ന ഒരാഗ്രഹമായിരുന്നു താൻ നിയന്ത്രിക്കുന്ന കപ്പൽ തന്റെ നാട്ടിലെ തീരത്തു കൊണ്ട് വരണമെന്നുള്ളതെന്ന് അദ്ദേഹം കുറിപ്പിൽ പറയുന്നു. 

വെള്ളിയാഴ്ച വൈകിട്ടോടെയാണ് നോബിൾ പെരേരയുടെ നാടായ ശംഖുമുഖം കണ്ണാന്തുറക്ക് സമീപം 6 മൈൽ അകലെ പടിഞ്ഞാറ് കടലിൽ ആദ്യം കപ്പൽ നങ്കൂരമിട്ടത്. പിന്നീട് തീരസംരക്ഷണ സേനയുടെ നിർദേശത്തെ തുടർന്ന പിന്നീട് 10 മൈൽ അകലേക്ക് മാറ്റി നങ്കൂരമിടുകയായിരുന്നു. കപ്പൽ നാട്ടിലെത്തിയെങ്കിലും ക്രൂ ചെയ്ഞ്ചിങിന് അനുമതി ലഭിച്ചവർക്ക് മാത്രമെ കരയിലേക്ക് പോകാൻ കഴിയു. അതിനാൽ കപ്പിത്താനും സംഘവും കപ്പലിൽ തന്നെ തുടരും. ചൈനയിൽ നിന്ന് ഇറാക്കിലെ ബസ്ര തുറമുഖത്തേക്കുള്ള യാത്രയുടെ ഇടയിൽ ക്രൂ ചെയ്ഞ്ചിനായാണ് കപ്പൽ ശംഖുമുഖം പുറംകടലിൽ നങ്കൂരമിട്ടത്. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 


 

click me!