കണ്ണൂർ കോർപ്പറേഷനിൽ അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കാന്‍ യുഡിഎഫ്

By Web TeamFirst Published Aug 5, 2019, 9:01 AM IST
Highlights

നാടകീയ നീക്കങ്ങൾക്കൊടുവിൽ കോൺഗ്രസ് വിമതന്റെ ബലത്തിൽ അധികാരം പിടിച്ച സിപിഎമ്മിന് അതേപരീക്ഷണം തിരികെ നേരിടേണ്ടി വരികയാണ്. പി.കെ രാഗേഷുമായി കെ സുധാകരനടക്കമിരുന്ന്, യുഡിഎഫ് ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപ് തുടങ്ങിയ ചർച്ചകൾ

കണ്ണൂര്‍: കോൺഗ്രസ് വിമതന്‍റെ പിന്തുണയോടെ സിപിഎം ഭരിക്കുന്ന കണ്ണൂർ കോർപ്പറേഷനിൽ  അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കാന്‍ യുഡിഎഫ് തീരുമാനം. വിമതൻ പി.കെ രാഗേഷുമായി മാസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിൽ ധാരണയിലെത്തിയാണ് അവിശ്വാസ പ്രമേയ നീക്കം.  ആദ്യഘട്ടത്തിൽ മേയർ സ്ഥാനം കോൺഗ്രസിന് നൽകാൻ ലീഗ് തയാറായതോടെയാണ് ഏറെനാൾ നീണ്ട അനിശ്ചിതത്വം  നീങ്ങിയത്.

നാടകീയ നീക്കങ്ങൾക്കൊടുവിൽ കോൺഗ്രസ് വിമതന്റെ ബലത്തിൽ അധികാരം പിടിച്ച സിപിഎമ്മിന് അതേപരീക്ഷണം തിരികെ നേരിടേണ്ടി വരികയാണ്. പി.കെ രാഗേഷുമായി കെ സുധാകരനടക്കമിരുന്ന്, യുഡിഎഫ് ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപ് തുടങ്ങിയ ചർച്ചകൾ ധാരണയിലെത്തിക്കഴിഞ്ഞു.  മേയർ സ്ഥാനം ആദ്യഘട്ടത്തിൽ കോൺഗ്രസിന് നൽകാമെന്ന് മുസ്ലിം ലീഗും വിട്ടുവീഴ്ച്ച ചെയ്തതോടെയാണ് അവിശ്വാസ പ്രമേയത്തിന് കളമൊരുങ്ങിയത്. 

പി.കെ രാഗേഷിന്‍റെ മാത്രം ബലത്തിൽ ഭരിക്കുന്ന കണ്ണൂർ കോർപ്പറേഷനിൽ കഴിഞ്ഞ ദിവസം എടക്കാട് കൗൺസിലർ മരണപ്പെട്ടതോടെ ഇടത് മുന്നണിക്ക് ഒരംഗത്തിന്റെ കുറവുണ്ട്. ഇതോടെ യുഡിഎഫ് 27ഉം എൽഡിഎഫ് 26ഉം എന്ന നിലയിലായി. അവിശ്വാസ പ്രമേയത്തെ പിന്തുണക്കാൻ വിമതൻ പി.കെ രാഗേഷും പിന്തുണയറിയിച്ചതോടെ കോർപ്പറേഷൻ ഭരണം യുഡിഎഫിന്‍റെ കൈയിലെത്തുമെന്നായി.  

അവിശ്വാസ പ്രമേയ നീക്കമുണ്ടായാൽ അപ്പോൾ നോക്കാമെന്ന നിലപാടിലാണ് ഇടത് മുന്നണി.  ചർച്ചകളിൽ പി.കെ രാഗേഷ് വലിയ സമ്മർദ തന്ത്രം പ്രയോഗിച്ചതും, മേയർ സ്ഥാനം സംബന്ധിച്ച് കോൺഗ്രസും ലീഗും തമ്മിലുണ്ടായ തർക്കവുമാണ് തീരുമാനം നീളാനിടയാക്കിയത്. വലിയ രാഷ്ട്രീയ ശ്രദ്ധ നിലനിൽക്കുന്ന കോർപ്പറേഷനിൽ ബാക്കിയുള്ള നീക്കങ്ങൾ കാത്തിരുന്ന് കാണണം.
 

click me!