
കണ്ണൂർ: മുംബൈ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ എന്ന വ്യാജേന വീഡിയോ കോളിലൂടെ ബന്ധപ്പെട്ട് 'ഡിജിറ്റൽ അറസ്റ്റ്' ഭീഷണി മുഴക്കി പണം തട്ടാൻ ശ്രമിച്ച കേസിലെ പ്രതിക്കായി കണ്ണൂർ സിറ്റി സൈബർ ക്രൈം പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. കണ്ണൂർ സ്വദേശിയായ റിട്ടയേര്‍ഡ് ബാങ്ക് മാനേജർ പ്രമോദ് മഠത്തിലിനെ പറ്റിച്ച് പണം തട്ടാൻ ശ്രമിച്ച കേസിലാണ് നടപടി. പ്രമോദിന്‍റെ പേരിൽ മണി ലോണ്ടറിംഗ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പിന് തുടക്കം. മുംബൈ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനാണെന്ന വ്യാജേന പ്രതി പരാതിക്കാരനെ വാട്സ് ആപ്പ് വീഡിയോ കോളിൽ ബന്ധപ്പെടുകയായിരുന്നു.
മലയാളിയായ യുവാവ് നിങ്ങൾ 'ഡിജിറ്റൽ അറസ്റ്റിലാണെന്ന്' പ്രമോദ് മഠത്തിലിനെ അറിയിക്കുകയും വ്യാജ രേഖകൾ കാണിച്ച് ഭയപ്പെടുത്തി പണം തട്ടിയെടുക്കാൻ ശ്രമിക്കുകയും ചെയ്യുകയായിരുന്നു. ഫോട്ടോയിൽ കാണുന്ന വ്യക്തിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ പറയുന്ന ഫോൺ നമ്പറിലോ ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടണമെന്ന് പൊലീസ് അറിയിച്ചു. സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ കണ്ണൂർ സിറ്റി- 9497927694, ഇൻസ്പെക്ടർ ഓഫ് പൊലീസ് (സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ)- 9497975778, പൊലീസ് സബ് ഇൻസ്പെക്ടർ (സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ)- 9497935446. E-Mail ID - cyberpsknr.pol@kerala.gov.in
ജനുവരി 11-നാണ് ഡാറ്റാ പ്രൊട്ടക്ഷൻ ബോർഡ് ഓഫ് ഇന്ത്യയിലെ ഉദ്യോഗസ്ഥൻ എന്ന വ്യാജേന പ്രമോദ് മഠത്തിലിനെ തട്ടിപ്പ് സംഘം സമീപിച്ചത്. മുംബൈയിലെ കാനറ ബാങ്കില്‍ പ്രമോദിന്റെ പേരില്‍ അക്കൗണ്ടും സിം കാര്‍ഡും എടുത്തിട്ടുണ്ടെന്നാണ് വ്യാജ ഉദ്യോഗസ്ഥൻ പറഞ്ഞത്. നിരോധിച്ച സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തകനെ എന്‍.ഐ.എ അറസ്റ്റ് ചെയ്തപ്പോള്‍ പിടിച്ചെടുത്ത രേഖകളില്‍ പ്രമോദിന്റെ പേരിലുള്ള ക്രെഡിറ്റ് കാര്‍ഡും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് തട്ടിപ്പുകാര്‍ പറഞ്ഞു. ഇതിന്റെ തെളിവായി എഫ്.ഐ.ആര്‍ കോപ്പി, ആധാര്‍ വിവരങ്ങള്‍, സിം കാര്‍ഡ് വിവരങ്ങള്‍ എന്നിവയും അയച്ചു നല്‍കി ഭീഷണിപ്പെടുത്തി. തുടര്‍ന്ന് ജനുവരി 12-ന് രാവിലെ 11:30-ന് വീഡിയോ കോളില്‍ വരാന്‍ തട്ടിപ്പുകാര്‍ ആവശ്യപ്പെട്ടു.
ഇതിനിടെ പ്രമോദും ഭാര്യയും വിവരം കണ്ണൂര്‍ സിറ്റി സൈബര്‍ പൊലീസിനെ വിവരമറിയിച്ചു. പൊലീസിന്റെ നിര്‍ദ്ദേശപ്രകാരം പ്രമോദ് സംശയമില്ലാത്ത രീതിയില്‍ തട്ടിപ്പുകാരുടെ വീഡിയോ കോള്‍ അറ്റന്‍ഡ് ചെയ്തു. മലയാളിയായ ഉദ്യോഗസ്ഥനാണ് ഫോണിൽ ബന്ധപ്പെട്ടത്. ഉദ്യോഗസ്ഥന്‍റെ ഐഡി കാണിക്കാൻ പ്രമോദ് ആവശ്യപ്പെട്ടു. യൂണിഫോം ധരിച്ച മലയാളിയായ വ്യാജ എന്‍ഐഎ ഉദ്യോഗസ്ഥന്‍ ഐഡി കാർഡ് കാണിക്കുന്നത് വീഡിയോയിൽ കാണാം. പത്ത് മിനിറ്റോളം ഇയാള്‍ പ്രമോദുമായി സംസാരിച്ചു. ഇതിനിടെ തട്ടിപ്പുകാര്‍ക്ക് യാതൊരു സംശയവും നല്‍കാതെ, കൃത്യസമയത്ത് സൈബര്‍ പൊലീസ് ഉദ്യോഗസ്ഥര്‍ കോള്‍ ഏറ്റെടുത്ത് തട്ടിപ്പ് സംഘത്തിന്റെ നീക്കം പൊളിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam