
കണ്ണൂര്‍: കണ്ണൂർ പെരിങ്ങോം കാങ്കോലിലെ ആളില്ലാത്ത വീടുകളിൽ മോഷണം. താഴെ കുറുന്തിൽ രമാദേവി, രാഘവൻ നമ്പ്യാർ എന്നിവരുടെ വീട്ടിലാണ് കള്ളൻ കയറിയത്. പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. ഈ മാസം 10 നാണ് രമാദേവിയും കുടുംബവും വീടുപൂട്ടി തിരുവന്തപുരത്തെ മകളുടെ വീട്ടിലേക്ക് പോയത്. രമാദേവിയുടെ തൊട്ടയൽപക്കമാണ് രാഘവൻ നമ്പ്യാരുടെ വീട്. 11ന് രാഘവൻ നമ്പ്യാരും കുടുംബവും ഗുരുവായൂരിലേക്ക് പോയി. രണ്ട് വീട്ടുകാരും തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.
ഇരുവീടുകളുടേയും മുൻവശത്തെ വാതിലിന്‍റെ പൂട്ട് തകർത്ത നിലയിലായിരുന്നു. മുറികളിൽ കയറിയ മോഷ്ടാക്കൾ അലമാരിയിലെ സാധനങ്ങൾ വലിച്ചു വാരിയിട്ട് പരിശോധിച്ചിട്ടുണ്ട്. രമാദേവിയുടെ വീട്ടിൽ നിന്ന് 7000 രൂപയിലധികം നഷ്ടപ്പെട്ടിട്ടുണ്ട്. രാഘവൻ യാത്ര പോകുന്നതിനാൽ സ്വർണവും പണവും സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയിരുന്നു. രമാദേവിയുടെ പരാതിയിൽ പെരിങ്ങോം പൊലീസ് അന്വേഷണം തുടങ്ങി. വിരലടയാള വിദഗ്ദരും ഡോഗ് സ്വാഡും വീടുകളിലെത്തി പരിശോധന നടത്തി. സിസിടിവികൾ കേന്ദ്രീകരിച്ചും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam