
തിരുവനന്തപുരം: തമിഴ്നാട്ടിലെ കന്യാകുമാരിയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ മോഷ്ടിക്കപ്പെട്ടതും നഷ്ടമായതുമടക്കം ലഭിച്ച പരാതികളിൽ അന്വേഷണം നടത്തി ഈ വർഷം മാത്രം ഏകദേശം ഒരു കോടി രൂപ വിലമതിക്കുന്ന 580 മൊബൈൽ ഫോണുകൾ കണ്ടെത്തി ഉടമകൾക്ക് തിരികെ നൽകിയെന്ന് കന്യാകുമാരി ജില്ലാ പൊലീസ് സൂപ്രണ്ട് ഡോ. ആർ. സ്റ്റാലിൻ.
കാണാതായ ഫോണുകൾ കണ്ടെത്താനും വീണ്ടെടുക്കാനുമുള്ള ശ്രമങ്ങളിൽ സൈബർ ക്രൈം പൊലീസ് സംഘം സജീവമായി ഏർപ്പെട്ടു വരികയായിരുന്നു. ഇതിന്‍റെ തുടർച്ചയായ നടപടികളുടെ ഭാഗമായി, നിലവിൽ ഏകദേശം നാൽപ്പത്തിയാറ് ലക്ഷം രൂപ വിലമതിക്കുന്ന 260 മൊബൈൽ ഫോണുകൾ കണ്ടെത്തി. ഇങ്ങനെ വീണ്ടെടുത്ത ഫോണുകൾ ജില്ലാ പൊലീസ് സൂപ്രണ്ട് ഇന്ന് അതത് ഉടമസ്ഥർക്ക് കൈമാറി. ഇതിൽ മലയാളികളടക്കം വിനോദയാത്രയ്ക്ക് പോയവരുടെയും ഫോണുകൾ നഷ്ടമായിരുന്നു. കുളിക്കാൻ കടലിൽ ഇറങ്ങിയപ്പോൾ ഫോൺ മോഷ്ടിക്കപ്പെട്ട തിരുവനന്തപുരം സ്വദേശി ശരത്ത് കുമാറിന്‍റെയടക്കം ഫോൺ മാസങ്ങൾക്ക് ശേഷം പൊലീസ് അന്വേഷണത്തിൽ തിരികെ ലഭിച്ചിരുന്നു.
കന്യാകുമാരിയിൽ വച്ച് ഫോൺ നഷ്ടമായാൽ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ ഉടൻ തന്നെ പരാതി നൽകണം. അല്ലെങ്കിൽ തമിഴ്‌നാട് പൊലീസ് സിറ്റിസൺ പോർട്ടൽ(https://eservices.tnpolice.gov.in) എന്ന വെബ്‌സൈറ്റ് വഴി പരാതി രജിസ്റ്റർ ചെയ്യാം.CEIR Portal (https://www.ceir.gov.in/) എന്ന വെബ്‌സൈറ്റ് ഉപയോഗിച്ച് നഷ്ടപ്പെട്ട മൊബൈൽ ഫോൺ ബ്ലോക്ക് ചെയ്യാനും കണ്ടെത്താനും സാധിക്കുമെന്നും സൂപ്രണ്ട് അറിയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam