
തിരുവനന്തപുരം: ഡിജിറ്റൽ അറസ്റ്റ് വഴി ഓണ്‍ലൈനിലൂടെ ലക്ഷങ്ങൾ തട്ടാനുള്ള ഉത്തരേന്ത്യന് സംഘത്തിന്‍റെ നീക്കം പൊളിച്ച് വൃദ്ധയായ വീട്ടമ്മ. കരമന സ്വദേശിനിയും 72 കാരിയായ ജെ വസന്തകുമാരിയാണ് തട്ടിപ്പിൽ നിന്ന് തന്ത്രപരമായ രക്ഷപ്പെട്ടത്. സിബിഐ ഉദ്യോഗസ്ഥരെന്ന് വിളിച്ചായിരുന്നു തട്ടിപ്പ് സംഘം വയോധികയിൽ നിന്നും പണം തട്ടാന് ശ്രമിച്ചത്. വസന്തകുമാരിയുടെ പേരില് കള്ളപ്പണം വെളുപ്പിക്കൽ കേസുകൾ ഉണ്ടെന്ന് അറിയിച്ചാണ് സംഘം വസന്തകുമാരിയെ ഭീഷണിപ്പെടുത്തിയത്.
സർക്കാർ ഉദ്യോഗസ്ഥരായിരുന്ന വസന്തകുമാരിയും ഭര്‍ത്താവ് ശ്രീവർദ്ധനും കരമനയിലെ വീട്ടില് വിശ്രമ ജീവിതത്തിലാണ്. രണ്ട് ദിവസം മുമ്പാണ് ദില്ലിയിൽ നിന്നും വസന്തകുമാരിക്ക് ഫോണ് വരുന്നത്. ടെലികോം റെഗുലേറ്ററി അതോറിറ്റിയിലെ ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തിയായിരുന്നു ഫോൺ. കള്ളപ്പണം വെളുപ്പിച്ചതിന് വസന്തകുമാരിയുടെ പേരില് 23 കേസുണ്ടെന്നും ഇവരുടെ എയർടെൽ നമ്പർ തട്ടിപ്പിന് ഉപയോഗിച്ചെന്നും ഇയാൾ അറിയിച്ചു.
താന്‍ എയർടെൽ നമ്പർ ഉപയോഗിക്കുന്നില്ലെന്ന് പറഞ്ഞപ്പോൾ വിളിച്ചയാൾ വസന്തകുമാരിയുടെ ആധാർ നമ്പർ വെളിപ്പെടുത്തി. ഇതോടെ ഇവർ ആദ്യം വിളിച്ചയാൾ പറഞ്ഞത് സത്യമെന്ന് വിശ്വസിച്ചു. പിന്നീട് ബാങ്കിലെത്തിയ ശേഷമുള്ള തട്ടിപ്പുകാരുടെ സംസാരത്തിലാണ് തനിക്ക് സംശയങ്ങൾ തുടങ്ങിയതെന്ന് വസന്തകുമാരി പറഞ്ഞു. ബാങ്കിലെ ആരോടും മിണ്ടരുതെന്നും ബാങ്കിന് പുറത്ത് നിന്ന് മാത്രമേ സംസാരിക്കാവൂ എന്നുമുള്ള നിർദ്ദേശങ്ങൾ ഇത് തട്ടിപ്പാണെന്ന സൂചന നല്‍കി. സംശയങ്ങൾ തോന്നിയ വസന്തകുമാരി തനിക്കെതിരെയുള്ള കേസുകളെക്കുറിച്ച് തിരികെ ചോദ്യങ്ങൾ ചോദിച്ചതോടെയാണ് സംഘം പിന്‍വാങ്ങിയത്. സംഭവത്തിൽ വയോധിക പൊലീസിന് പരാതി നൽകിയിട്ടുണ്ട്. മുന്‍കരുതൽ എന്ന നിലയിൽ തൽക്കാലം ബാങ്ക് അക്കൗണ്ട മരവിപ്പിച്ചിരിക്കുകയാണ്.
കഴിഞ്ഞ ദിവസം ഇടപ്പഴഞ്ഞി സ്വദേശിയായ അധ്യാപകനിൽ നിന്നും വെര്‍ച്വല്‍ അറസ്റ്റിലൂടെ പണം തട്ടിയെടുക്കാൻ ശ്രമം നടന്നിരുന്നു. എന്നാൽ തട്ടിപ്പുകാരുടെ മൂന്നുമണിക്കൂര്‍ നീണ്ടുനിന്ന വെര്‍ച്വല്‍ അറസ്റ്റ്, വിവരമറിഞ്ഞെത്തിയ കേരള പൊലീസ് പത്തു മിനിറ്റുകൊണ്ട് പൊളിച്ചു. അധ്യാപകന് എസ്.ബി.ഐ.യില്‍ അക്കൗണ്ട് ഉണ്ടെന്നു മനസ്സിലാക്കിയ തട്ടിപ്പുകാര്‍ മുംബൈയിലെ കസ്റ്റമര്‍ കെയറില്‍നിന്നു വിളിക്കുന്നതായാണ് പറഞ്ഞത്.
സംഭാഷണം എല്ലാം മലയാളത്തിലായിരുന്നു. കള്ളപ്പണം വെളുപ്പിക്കലിന് പിടിയിലായ പ്രതിയിൽ നിന്ന് അധ്യാപകന്‍റെ പേരിലുള്ള ക്രഡിറ്റ് കാർഡ് കണ്ടെത്തിയെന്ന് പറഞ്ഞാണ് സംഘം പണം തട്ടാൻ ശ്രമിച്ചത്. വിവരമറിഞ്ഞ് അധ്യാപകന്‍റെ മകന്‍ സൈബര്‍ പൊലീസിൽ വിവരമറിയിച്ചു. ഇതോടെ പൊലീസ് സംഘമെത്തി തട്ടിപ്പുകാരോട് സംസാരിച്ചു. ഒടുവിൽ ഫോണ്‍കോള്‍ കട്ട് ചെയ്ത് സംഘം പിന്മാറുകയായിരുന്നു.
Read More : എക്സറേയിൽ കണ്ടു, പക്ഷേ പാക്കറ്റ് ഉള്ളിലേക്ക് കടന്നുപോയി; കോളനോസ്കോപ്പി വഴി എംഡിഎംഎ പുറത്തെടുക്കാൻ പൊലീസ്
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam