നിക്ഷേപകർക്ക് നൽകാൻ പണമില്ല; കോടികൾ മുടക്കി ബഹുനില കെട്ടിടനിർമ്മിക്കാൻ കരുവന്നൂര്‍ സഹകരണ ബാങ്ക്

By Web TeamFirst Published Nov 24, 2021, 8:48 AM IST
Highlights

മാപ്രാണം കവലയില് കണ്ണായ സ്ഥലത്ത് 38 സെൻറിലാണ് ഏഴ് നിലകളിലായി 48,000 ചതുരശ്ര മീറ്ററിലുള്ള ഈ കെട്ടിടം പണിയുന്നത്. 13. 94 കോടി രൂപയുടെ പണിക്ക് ഭരണാനുമതി കിട്ടിയിരുന്നു. 

തൃശൂർ: ബാങ്ക് വായ്പ തട്ടിപ്പ് മൂലം പ്രതിസന്ധിയിലായ കരുവന്നൂര്‍ സഹകരണ ബാങ്കില്‍ കോടികണക്കിന് രൂപ ചെലവിട്ട് സഹകരണ ശതാബ്ദി മന്ദിര നിർമാണവുമായി മുന്നോട്ടുപോകാൻ നീക്കം. അടുത്ത മാസം പണി തുടങ്ങാനാകുമെന്ന പ്രതീക്ഷയിലാണ് ബാങ്ക് അധികൃതര്‍. നിക്ഷേപകർക്ക് കൊടുക്കാൻ പണമില്ലാത്ത അവസ്ഥയിലും പാതി വഴിയിൽ നിര്‍മ്മാണം നിലച്ച ബഹുനിലകെട്ടിടം പൂർത്തിയാക്കാനാണ് ബാങ്ക് ഉദ്ദേശിക്കുന്നത്.

മാപ്രാണം കവലയില് കണ്ണായ സ്ഥലത്ത് 38 സെൻറിലാണ് ഏഴ് നിലകളിലായി 48,000 ചതുരശ്ര മീറ്ററിലുള്ള ഈ കെട്ടിടം പണിയുന്നത്. 13. 94 കോടി രൂപയുടെ പണിക്ക് ഭരണാനുമതി കിട്ടിയിരുന്നു. ഇതിലേക്ക് ഏഴ് കോടിയാണ് ആദ്യം അനുവദിച്ചത്. രണ്ടാം ഘട്ട നിർമ്മാണത്തിന് 6.24 കോടി യുടെ അനുമതി സഹകരണ വകുപ്പ് നൽകിയെങ്കിലും ബാങ്കിന്റെ സാമ്പത്തിക പ്രതിസന്ധി കാരണം നടന്നില്ല.

ഇതോടെ കരാറുകാരൻ നിർമാണം നിർത്തി. പപാതി വഴിയിൽ മുടങ്ങിയ പണി പൂർത്തിയാക്കാനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നത്. ആഴ്ച തോറും പതിനായിരം രൂപയക്ക് വേണ്ടി നിക്ഷേപകര്‍ ബാങ്കിന് മുന്നില്‍ വരി നില്‍ക്കുമ്പോഴാണ് ഷോപ്പിങ് കോംപ്ലക്സ് ഉൾപ്പെടുന്ന മന്ദിരം പണിയാനുളള നീക്കം.

പണി പൂർത്തിയാക്കാൻ എത്ര രൂപ കൂടി വേണമെന്ന വിശദമായ കണക്ക് അഡ്മിനിസ്ട്രേറ്റർ സഹകരണ വകുപ്പിന് കൈമാറിയിട്ടുണ്ട്. സ്വകാര്യ ഏജൻസികളിൽ നിന്നും വ്യവസായികളില്‍ നിന്നും നിര്‍മ്മാണചെലവിനുളള പണം കണ്ടെത്താൻ ബാങ്ക് അധികൃതര്‍ ചര്‍ച്ച തുടങ്ങി കഴിഞ്ഞു. 
അത് വാടകയ്ക്ക് കൊടുത്ത് കിട്ടുന്ന പണവും അഡ്വാൻസും കൊണ്ട് വരുമാനമുണ്ടാക്കാമെന്ന കണക്കുകൂട്ടലിലാണ് ബാങ്ക് അധികൃതര്‍.

click me!