
കാസര്‍കോട് : കാസര്‍കോട് ജില്ലയില്‍ തെരുവ് നായകളെ വന്ധ്യംകരിക്കുന്ന പദ്ധതിക്കായുള്ള 56 ലക്ഷം രൂപ ഉപയോഗിക്കാനാവാതെ കെട്ടികിടക്കുന്നു. പദ്ധതി നടപ്പിലാക്കിയിരുന്ന സ്ഥാപനത്തിന് ലൈസന്‍സ് പുതുക്കി കിട്ടാന്‍ വൈകിയതിനാലാണിത്. ഇതോടെ മെയ് മുതല്‍ ജില്ലയില്‍ പദ്ധതി നിലച്ചിരിക്കുകയാണ്.
തെരുവ് നായകളുടെ എണ്ണം നിയന്ത്രിക്കുന്നതിനുള്ള അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ അഥവാ എബിസി പദ്ധതി സംസ്ഥാനത്ത് ആദ്യം നടപ്പിലാക്കിയത് കാസര്‍കോട് ജില്ലയില്‍. 2016 ഓഗസ്റ്റിലായിരുന്നു ഉദ്ഘാടനം. ഇതുവരെ 11,246 തെരുവ് നായകളെ വന്ധ്യംകരിച്ചു എന്നാണ് കണക്ക്.
എന്നാല്‍ മൂന്ന് മാസത്തില്‍ അധികമായി ജില്ലയില്‍ പദ്ധതി നിലച്ചിരിക്കുകയാണ്. നീക്കി വച്ച 56 ലക്ഷം രൂപ ഉപയോഗിക്കാനാവാത്ത അവസ്ഥയില്‍ ആണ്.
ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അനിമല്‍ റൈറ്റ്സ് ഫണ്ട് എന്ന സ്ഥാപനമാണ് കാസര്‍കോട്ട് ജില്ലയില്‍ പദ്ധതി നടപ്പിലാക്കിയിരുന്നത്. സ്ഥാപനത്തിന്‍റെ ലൈസന്‍സ് പുതുക്കി കിട്ടാത്തതിനാല്‍ വര്‍ഷങ്ങളായുള്ള പദ്ധതിക്കാണ് തുടര്‍ച്ച ഇല്ലാതെ പോയത്. പദ്ധതി എന്ന് പുനസ്ഥാപിക്കാനാകുമെന്ന് അധികൃതര്‍ക്ക് പറയാനാകുന്നില്ല. വീണ്ടും പദ്ധതി തുടങ്ങുമ്പോഴേക്ക് വന്ധ്യംകരിക്കേണ്ട നായകളുടെ എണ്ണം വര്‍ധിക്കുമെന്ന സാഹചര്യവുമുണ്ട്.
ജില്ലയില്‍ എബിസി പദ്ധതി നിലച്ചതോടെ സമാന്തര വഴി തേടാനുള്ള ശ്രമത്തിലാണ് ജില്ലാ പഞ്ചായത്ത്.കാസര്‍കോട് ജില്ലയില്‍ ഇപ്പോള്‍ 40,000 തെരുവ് നായകളുണ്ടെന്നാണ് അധികൃതരുടെ കണക്ക്. ഈ വര്‍ഷം ഇതുവരെ 4500 ഓളം പേര്‍ക്ക് നായകളുടെ കടിയേറ്റു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam