
മലപ്പുറം: അരീക്കോട് കാവനൂർ പഞ്ചായത്തിൽ കോൺഗ്രസ് പിന്തുണയോടെ സിപിഎമ്മിന് വൈസ് പ്രസിഡന്റ് സ്ഥാനം. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് സ്ഥാനാർഥിയെ തോൽപ്പിച്ചാണ് സിപിഎം വിജയിച്ചത്. ആറാം വാർഡ് അംഗം സുനിത കുമാരിയെയാണ് വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്തത്. മുസ്ലിം ലീഗുമായുള്ള തർക്കത്തെ തുടർന്ന് ഷഹർബാൻ ഷെരീഫ് കഴിഞ്ഞ ദിവസം വൈസ് പ്രസിഡന്റ് പദവിയിൽനിന്ന് രാജിവെച്ചിരുന്നു. ഈ ഒഴിവിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.
19 അംഗങ്ങളുള്ള പഞ്ചായത്ത് ഭരണസമിതിയിൽ 9 അംഗങ്ങളുള്ള മുസ്ലിം ലീഗിനാണ് ഭൂരിപക്ഷം. സിപിഎമ്മിന് ഏഴും കോൺഗ്രസിന് മൂന്നും അംഗങ്ങളാണുള്ളത്. വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിലെ ഫൗസിയ സിദ്ദീഖിനും സി.പി.എമ്മിലെ സുനിത കുമാരിക്കും ഒമ്പതു വീതം വോട്ടുകളാണ് ലഭിച്ചത്. ഒരു എൽ.ഡി.എഫ് അംഗത്തിന്റെ വോട്ട് അസാധുവായി. ഇതോടെ നറുക്കെടുപ്പിലൂടെയാണ് സുനിത കുമാരിയെ വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്തത്.
കോൺഗ്രസിന്റെ മൂന്ന് വോട്ടുകളും സിപിഎമ്മിന് ലഭിച്ചു. സംഭവത്തിൽ എം.എൽ.എമാരായ പി.കെ. ബഷീർ, എ.പി. അനിൽകുമാർ തുടങ്ങിയവർ ഇടപെട്ടെങ്കിലും ഒത്തുതീർപ്പിലെത്തിയില്ല. ഇതിനിടെ പഞ്ചായത്ത് പ്രസിഡന്റിനെതിരെ എൽ.ഡി.എഫ് അവിശ്വാസപ്രമേയം പാസാക്കിയെങ്കിലും പരാജയപ്പെട്ടു. കോൺഗ്രസ് പിന്തുണയിൽ സി.പി.എമ്മിന് വൈസ് പ്രസിഡന്റ് സ്ഥാനം ലഭിച്ചത് മുസ്ലിം ലീഗിനെ സംബന്ധിച്ചിടത്തോളം തിരിച്ചടിയായി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam